മനുഷ്യശരീരത്തിന്റെ ഒരു ദിവസത്തെ 90 ശതമാനം പ്രവൃത്തികളും യഥാര്‍ത്ഥത്തില്‍ നടക്കുന്നത് ഈ അബോധമണ്ഡലത്തിലൂടെയാണ്. നട്ടെല്ലില്‍ അടുക്കിവച്ചിരിക്കുന്ന മുപ്പത്തിമൂന്ന് കശേരുക്കള്ക്കിടയിലൂടെയാണ് ഈ നാഡികള്‍ ബഹിര്‍ഗമിക്കുന്നത്. ഹൃദയം, കിഡ്നി, കരള്‍, അന്നനാളം, ശ്വാസകോശങ്ങള്‍ എന്നീ ആന്തരികാവയവങ്ങളും നാഡീവ്യൂഹങ്ങളിലൂടെത്തന്നെ അബോധമായി പ്രവൃത്തിക്കുന്നു. മേല്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിനും നട്ടെല്ലിന് സംവേദനക്ഷമതയും ആയാസവും ലഭിക്കുന്നതിനും ഇവയ്ക്കിടയില്‍ കുഷ്യന്‍പോലെ പ്രവര്‍ത്തിക്കുന്ന ഡിസ്കുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ ജീവിതശൈലി കാരണം ഈ ഡിസ്കുകള്‍ക്ക് തേയ്മാനവും ഇവയ്ക്കിടയിലൂടെ ബഹിര്‍ഗമിക്കുന്ന ഞരമ്പുകള്‍ക്ക് തടസ്സവും ശക്തിക്ഷയവും ഉണ്ടാകുന്നു. ഇവിടെയാണ് യോഗാസനങ്ങളുടെ പ്രസക്തി.
ഏകാഗ്രവും സാവധാനവുമായ ആസനമുറകളിലൂടെ ഡിസ്കുകള്‍ക്കും നട്ടെല്ലിനും അവയ്ക്കിടയില്‍ നിന്നും ബഹിര്‍ഗമിക്കുന്ന നാഡികള്‍ക്കും ശക്തിയും പോഷണവും സംവേദനക്ഷമതയും നിലനിര്‍ത്താന്‍ കഴിയുന്നു. ഇതിലൂടെ ആന്തരികാവയവങ്ങള്‍ക്ക് ആരോഗ്യവും മാംസപേശികള്‍ക്ക് ശക്തിയും ലഭിക്കുന്നു. ശരീരത്തിലെ ഓരോകോശത്തിലേക്കുമുള്ള രക്തചംക്രമണം ക്രമീകരിക്കുന്നത് തലച്ചോറില്‍ നിന്നും സുഷുമ്്നാ കാണ്ഡത്തില്‍ നിന്നും ബഹിര്‍ഗമിക്കുന്ന നാഡീവ്യൂഹങ്ങളാണ്.
ആസനം കഴിഞ്ഞാല്‍ യോഗയില്‍ നാലാമതായി പറയുന്ന മുറയാണ് പ്രാണായാമം. ശരീരത്തിലെ ഓരോ കോശവും ജീവിക്കുന്നത് അവയ്ക്ക് അണമുറിയാതെ ജീവവായു (ഓക്സിജന്‍) ലഭിക്കുന്നതുകൊണ്ടാണ്. ശഅവസന പ്രക്രിയയിലൂടെയാണ് നാം ഇത് നേരിടുന്നത്. മനസ്സമ്മര്‍ദ്ദം, മാനസികപിരിമുറുക്കം എന്നിവയുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ അഡ്രിനാലിന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനം മൂലം നമ്മള് വളരെ കുറഞ്ഞ ആഴത്തില്‍ ശ്വസിക്കുന്നു.
ഇത് അബോധമായ ഒരു പ്രക്രിയയാണ്. അഡ്രിനാലിന്‍ എന്നത് വളരെ അത്യാവശ്യം സന്ദര്‍ഭങ്ങളില്‍ മാത്രം ശരീരത്തിന് വേണ്ടതും, നിരന്തരം സ്രവിച്ചാല്‍ ധാരാളം കേടുകളുണ്ടാക്കി ഡയബറ്റിസ്, അവയവനാശം എന്നീ അവസ്ഥകള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതുമായ ഹോര്‍മോണ്‍ ആണ്. അതിനാല്‍ നിരന്തരമായ മനസ്സമര്‍ദ്ദം അനുഭവിക്കുന്നയാള്‍ ശരീരത്തിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെട്ട് കാലക്രമത്തില്‍ പല രോഗങ്ങള്‍ക്കും അടിമയായിത്തീരുന്നു.
ശരീരത്തിലെ ശ്വസന സംബന്ധമായ നാഡീവ്യൂഹങ്ങള്‍ സന്ദേശങ്ങളെ ഇരുവഴിക്കും പ്രക്ഷേപണം ചെയ്യാന്‍ കഴിവുള്ളവയാണ്. അതിനാല്‍ താഴേക്ക് എന്നപോലെ മുകളിലേക്ക് കൊടുക്കുന്ന സംവേദനങ്ങളും തലച്ചോറില്‍ തിരിച്ച് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ഈ സിദ്ധാന്തപ്രകാരം ഒരു വ്യക്തി തന്റെ ശ്വാസോച്ഛ്വാസത്തെ ബോധപൂര്‍വ്വം സാവധാനത്തിലും ആഴത്തിലും പരിശീലിപ്പിച്ചാല്‍ കാലക്രമേണ അത് ശക്തവും ആഴവമുള്ളതായിതീര്ന്ന് മനസ്സിനെ ഏകാഗ്രവും ശാന്തവുമാക്കി അഡ്രിനാലിന്‍ ഉള്‍പ്പടെയുള്ള സ്ട്രെസ്സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം സന്തുലനപ്പെടുത്തുന്നു. ഇത്തരം ശ്വസനപ്രക്രിയയിലൂടെ ശരീരകോശങ്ങള്‍ക്ക് ആരോഗ്യവും നവോന്മേഷവും ലഭിക്കുകയും ചെയ്യുന്നു. പ്രാണായാമത്തില്‍ ശരീരത്തിന്റെ ജീവവായു സഞ്ചാരം വര്‍ധിപ്പിക്കുന്ന ധാരാളം ശ്വസന പ്രക്രിയകളുണ്ട്. ഇവ ക്രമമായി അഭ്യസിക്കുന്ന ഒരാളിന് പൊണ്ണത്തടിപോലും മാറ്റി ആരോഗ്യദൃഡഗാത്രതയും ഓജസ്സും നേടാന്‍ സാധിക്കും. എന്നാല്‍ പടിപടിയായ അഷ്ഠാംഗമുറകള് ആദ്യം മുതല്‍ പരിശീലിക്കുക എന്നത് പ്രധാനമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: