കൊല്ലം: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പു ഷെഡ്യൂള്‍ പ്രകാരം നടത്താത്തതിനെതിരെയും പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്നും ആരോപിച്ച് കൊല്ലത്തെ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ കേസില്‍ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം.സുധീരന്‍ തുടങ്ങി ഏഴു നേതാക്കള്‍ക്കെതിരെ കൊല്ലം പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി ജഡ്ജി പ്രസന്നാ ഗോപന്‍ സമന്‍സ് അയച്ചു.
നേതാക്കള്‍ സെപ്തംബര്‍ 18ന് കോടതിയില്‍ ഹാജരാകണം. ഇക്കാലയളവിനുള്ളില്‍ ഭാരവാഹികകളെ നോമിനേറ്റു ചെയ്യരുതെന്നും ഉത്തരവിലുണ്ട്. കോണ്‍ഗ്രസ് മയ്യനാട് മണ്ഡലം മുന്‍ പ്രസിഡന്റു വിജയകുമാര്‍, കോണ്‍ഗ്രസ് ഇത്തിക്കര ബ്ലോക്ക് നിര്‍വ്വാഹകസമിതിയംഗം അബ്ദുല്‍സലാം എന്നവരാണ് അഡ്വ.മാറനാട് ജി.കൃഷ്ണകുമാര്‍ മുഖേനെ കൊല്ലം പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ ഈ മാസം പത്തിനു കേസ് ഫയല്‍ ചെയ്തത്.
ഇതനുസരിച്ചു കൊല്ലം ഡിസിസി പ്രസിഡന്റ് വി.സത്യശീലന്‍ ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. 2014 ജൂണ്‍ 19നു പുറത്തിറങ്ങിയ പാര്‍ട്ടി മുഖപത്രത്തില്‍ സംഘടനാതെരഞ്ഞെടുപ്പു പ്രഖ്യപനമുണ്ടായിരുന്നു. ഇതിന്‍പ്രകാരം ഇക്കഴിഞ്ഞ ജൂലൈയില്‍ എ.ഐ.സി.സി പ്രസിഡന്റു തെരഞ്ഞെടുപ്പും പൂര്‍ത്തിയാകേണ്ടതായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ്, നിലവിലെ പ്രസിഡന്റ് സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെപിസിസി പ്രസിഡന്റ്, നിലവിലെ പ്രസിഡന്റ് വി.എം.സുധീരന്‍, കൊല്ലം ഡിസിസി പ്രസിഡന്റ് വി.സത്യശീലന്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. കോണ്‍ഗ്രസ് പ്രസിഡന്റ്, കെപിസിസി പ്രസിഡന്റ് സ്ഥാനങ്ങളില്‍ മാറ്റമുണ്ടായാല്‍ പകരം ചുമതലയേല്‍ക്കുന്നവരും പ്രതികളാകുമെന്നതിനാലാണ് ഇരുസ്ഥാനങ്ങളെയും കേസില്‍ ഉള്‍പ്പെടുത്തിയത്.
















