വിവേകാനന്ദസ്വാമികള്‍ അടിമത്തത്തിന്റെ ആലസ്യത്തിലാണ്ട ഭാരതത്തിനു നല്‍കിയത് സനാതന ധര്‍മത്തിന്റെ പ്രവൃത്തിമാര്‍ഗ്ഗത്തെയായിരുന്നു. അന്ന് നമുക്ക് ആവശ്യമായിരുന്നത് ഭൗതികമായ അഭ്യുദയമായിരുന്നു, മതമോ, ആദ്ധ്യാത്മികതയോ, മോക്ഷമോ ആയിരുന്നില്ല. അതുകൊണ്ട്, അന്നത്തെ ഭാരതത്തിനു പറ്റിയ ലക്ഷ്യം ‘മയപ്പെടുത്തിയ ഭൗതികത’ യായിരുന്നു. ഇതിനെ വേദാന്തത്തിന്റെ പൗരുഷസന്ദേശമെന്നും പ്രായോഗികവേദാന്തമെന്നും വിശേഷിപ്പിക്കാം. ഇതിന്റെ പ്രധാനപ്പെട്ട മൂന്നുഘടകങ്ങളെ ചുരുക്കി വിവരിക്കാന്‍ ശ്രമിക്കാം.
തന്റെ ദൗത്യം പുരുഷകേസരികളെ, ധീരാത്മക്കളെ സൃഷ്ടിക്കുക എന്നതാണെന്നു സ്വാമിജി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്.
1) സ്വാമിജി നമുക്ക് നല്‍കിയിട്ടുള്ളത് കര്‍മവീര്യത്തിന്റെ, ശക്തിയുടെ നിര്‍ഭയതയുടെ പുത്തന്‍ ഗീതാസന്ദേശമാണ്. ഇടിമുഴക്കംപോലെ, സിംഹഗര്‍ജനംപോലെ ജനഹൃദയങ്ങളെ പിടിച്ചുകുലുക്കിയ സ്വാമിജിയുടെ ആഹ്വാനം ഇതായിരുന്നു: ”ഉത്തിഷ്ഠ ഭാരത, ഭാരതമേ ഉണരൂ. യുവസുഹൃത്തുക്കളേ, നിങ്ങള്‍ ഉറങ്ങിയതു മതി, ഏറെനേരം നിങ്ങള്‍ കരഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇനിയും കരയരുത്, ദുര്‍ബലരാവരുത്. ഇനി നിങ്ങള്‍ ആണുങ്ങളെപ്പോലെ തന്‍കാലില്‍ എഴുന്നേറ്റു നില്‍ക്കുവിന്‍. ഭാരതത്തിന് ഇന്ന് ആവശ്യമായിട്ടുള്ളത് പൗരുഷശാലികളെയാണ്, മരണത്തെക്കൂടി നേരിടാനുള്ള ഇച്ഛാശക്തിയോടുകൂടിയ ധീരാത്മക്കളെയാണ്…”
ഭീരുവിനെപ്പോലെ തേര്‍തട്ടില്‍ കരഞ്ഞുകൊണ്ടിരുന്ന അര്‍ജ്ജുനനെ ഗീതോപദേശം കൊണ്ട് കര്‍മധീരനാക്കിമാറ്റിയ ശ്രീകൃഷ്ണനെപ്പോലെ, വിവേകാനന്ദ സ്വാമികള്‍ തന്റെ വീരവാണികൊണ്ട് അകര്‍മണ്യതയില്‍ മുഴുകിക്കിടന്ന ഭാരതത്തെ ഉണര്‍ത്തി, കര്‍മ്മവീര്യമുള്‍ക്കൊണ്ട ഒരു ജനതയാക്കി പുനഃസൃഷ്ടി ചെയ്യുകയുണ്ടായി. ഭാരതസ്വാതന്ത്ര്യത്തിനു വിത്തുപാകിയത്, ‘കൊളംബോ മുതല്‍ അല്‍മോഡവരെ’ സ്വാമിജി പുറപ്പെടുവിച്ച സിംഹഗര്‍ജ്ജനമായിരുന്നു, കാഹളധ്വനിയായിരുന്നുവെന്നതാണ് ചരിത്രസത്യം.
2)സ്വാമിജിക്ക് ശ്രീശങ്കരന്റെ നിശിതബുദ്ധിയോടൊപ്പം കനിവാര്‍ന്ന ബുദ്ധഹൃദയം കൂടിയുണ്ടായിരുന്നു. അടിമഭാരതത്തിലെ അനാഥരും ദീനരും രോഗികളും പട്ടിണിപ്പാവങ്ങളുമായ ദരിദ്രനാരായണന്മാര്‍ക്കു വേണ്ടി സ്വാമിജി കണ്ണീരൊഴുക്കിയത് തന്റെ ഹൃദയരക്തം തന്നെയായിരുന്നു. അവര്‍ക്കാവശ്യം മതമോ ആദ്ധ്യാത്മികതയോ അല്ലായിരുന്നു, പകരം ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവയായിരുന്നു. മൃഗതുല്യം അധഃപതിച്ചുകൊണ്ടിരുന്ന ഈ ദരിദ്രലക്ഷങ്ങളെ ഉദ്ധരിക്കാന്‍, അവര്‍ക്കു നഷ്ടപ്പെട്ട മനുഷ്യഭാവം വീണ്ടെടുത്തുകൊടുക്കാന്‍വേണ്ടി സ്വയം സമര്‍പ്പിക്കാനും ത്യാഗസേവനങ്ങളനുഷ്ഠിക്കാനും സ്വാമിജി യുവാക്കളെ ആഹ്വാനം ചെയ്തു.
”അടുത്ത അയ്‌മ്പതുവര്‍ഷത്തേക്ക് മറ്റെല്ലാ ദേവീദേവന്മാരെയും ഒഴിവാക്കുക; ഭാരതത്തിലെ മുപ്പതുകോടി സ്ത്രീപുരുഷന്മാരാവട്ടെ നിങ്ങളുടെ ജീവനുള്ള ദേവീദേവന്മാര്‍….ദരിദ്രര്‍ക്കുവേണ്ടി ഹൃദയരക്തമൊഴുക്കുന്നവനെയാണ് ഞാന്‍ മഹാത്മാവെന്നു വിളിക്കുക; അല്ലെങ്കില്‍ അയാള്‍ ദുരാത്മാവാണ്…അനാഥ ശിശുവിന് അല്‍പ്പം ഭക്ഷണമെത്തിക്കാനോ, വിധവയുടെ കണ്ണീരൊപ്പാനോ കഴിയാത്ത മതത്തിലോ ഈശ്വരനിലോ എനിക്ക് വിശ്വാസമില്ല….എന്റെ നാട്ടില്‍ ഒരു തെണ്ടിപ്പട്ടിപോലും ഭക്ഷണമില്ലാതെ അലയുന്ന കാലത്തോളം എന്റെ മതസര്‍വസ്വം അതിനെ തീറ്റിപ്പോറ്റുക എന്നതായിരിക്കും….അന്യര്‍ക്കുവേണ്ടി ജീവിക്കുവന്‍ മാത്രമാണ് ജീവിക്കുന്നത്. മറ്റെല്ലാവരും മൃതപ്രായരാണ്..അതുകൊണ്ട് എന്റെ കുട്ടികളേ, നിങ്ങള്‍ ത്യാഗസേവന സന്നദ്ധരായി, അരയും തലയും മുറുക്കി, മുന്നോട്ടുനീങ്ങുക. ആരേയും ചാരരുത്, പണക്കാരേയോ പഴമക്കാരേയോ. മുന്നോട്ട്; നമ്മുടെ സേനാനായകന്‍ സര്‍വേശ്വരനാണ്…..” സ്വാമിജിയുടെ ബുദ്ധഹൃദയത്തില്‍നിന്നുയര്‍ന്നതും, ആയിരമായിരം ഹൃദയങ്ങളില്‍ തുളച്ചുകയറി, പ്രതിധ്വനിയുടെ വേലിയേറ്റം സൃഷ്ടിച്ചതുമായ കാരുണ്യസൂക്തങ്ങളാണീ വിവേകവാണികള്‍.
(തുടരും)
















