കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിക്ക് മുന്നില്‍ വച്ച് ഓട്ടോ ഡ്രൈവര്‍മാരെയും ആംബുലന്‍സ് ഡ്രൈവര്‍മാരെയും മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ കുതിരവണ്ടിക്കാരനെ സംരക്ഷിക്കാന്‍ പോലീസ് നീക്കം നടത്തുന്നതായി ആരോപണം. കരുനാഗപ്പള്ളി പോലീസാണ് നീക്കം നടത്തുന്നത്. സ്വാതന്ത്ര്യദിന ദിവസം വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പുതിയകാവ് സ്വദേശിയായ കുതിരവണ്ടിക്കാരനായ യുവാവിന്റെ നേതൃത്വത്തിലുള്ള സംഘം കുതിരവണ്ടിയില്‍ കായംകുളം മുതല്‍ കരുനാഗപ്പള്ളി വരെയുള്ള റോഡിലൂടെ നടന്ന റോഡ് ഷോ തിരികെ വന്നപ്പോഴാണ് താലൂക്ക് ആശുപത്രിക്ക് മുന്‍വശത്ത് ഓട്ടോ ഡ്രൈവര്‍മാരുമായി വാക്കുതര്‍ക്കവും സംഘര്‍ഷവും നടന്നത്. സംഘര്‍ഷത്തില്‍ മൂന്ന് ഓട്ടോഡ്രൈവര്‍മാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
എന്നാല്‍ നിരന്തരം പ്രശ്‌നക്കാരനായ ഈ യുവാവ് വന്‍തോതില്‍ പോലീസുകാര്‍ക്ക് പണം നല്‍കി കേസുകള്‍ ഒതുക്കി തീര്‍ക്കുകയാണെന്നാണ് ആരോപണം വന്നിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ തന്നെ അവിടെ എത്തിയ എസ്‌ഐ പ്രതിയെ സംരക്ഷിക്കാനും നിരപരാധിയായ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നേരെ തിരിയുകയും കേസെടുക്കുകയും ചെയ്തതായാണ് ആക്ഷേപം. പിന്നിട് പ്രതിഷേധം ശക്തമായപ്പോഴാണ് കുതിരവണ്ടിക്കാരനായ യുവാവിന് എതിരെ കേസെടുത്തത്. കൊല്ലം ആലപ്പുഴ ജില്ലകളില്‍പ്പെട്ട സ്ഥലങ്ങളില്‍ അനുമതിയില്ലാതെയാണ് ഇയാള്‍ കുതിരവണ്ടിയുമായി റോഡ് ഷോ നടത്തിയത്.
















