സാന്‍ഫ്രാന്‍സിസ്‌കോ: ഐടി സാങ്കേതിക വിദ്യയുടെ ആധികാരിക വാക്കായ സിലിക്കണ്‍ വാലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് ആവേശഭരിതമായി കാത്തിരിക്കുന്നു. സപ്തംബര്‍ 27-നാണ് മോദി സിലിക്കണ്‍ വാലി സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങി ഒരാഴ്ചയ്‌ക്കുള്ളില്‍ 500 സംഘടനകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
വെസ്റ്റ് കോസ്റ്റ് ഇന്‍ഡോ-അമേരിക്കന്‍ കമ്മ്യൂണിറ്റി (ഐഎസിഡബ്ല്യുസി)എന്ന സംഘടനകളുടെ ഒരുമയാണ് മോദി സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള പരിപാടി സംഘടിപ്പിക്കുന്നത്. 18,000 പേരെ മാത്രം ഉള്‍പ്പെടുത്തിയുള്ള പരിപാടിക്കുള്ള രജിസ്‌ട്രേഷന്‍ സമാപിപ്പിച്ചു.
തീര്‍ച്ചയായും ഞങ്ങള്‍ ഭാരതീയ പൈതൃകത്തില്‍ ഏറെ അഭിമാനിക്കുന്നു, ഐഎസിഡബ്ല്യുസി വക്താവ് രാഖി ഇസ്രാനി പറഞ്ഞു. ”ചരിത്രപരമായ ഈ പരിപാടിയുടെ ഭാഗമായപ്പോഴാണ് ഭാരതീയ സമൂഹം എത്രമാത്രമാണ് നമ്മുടെ രാജ്യത്തിന്റെ ശക്തിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും വിശ്വാസം അര്‍പ്പിക്കുന്നുവെന്ന് എനിക്ക് നേരിട്ടു മനസിലായത്,” രാഖി പറഞ്ഞു. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്‌ട്ര പൊതുസഭയിലെ പ്രസംഗത്തിനു ശേഷമാണ് കാലിഫോര്‍ണിയയില്‍ മോദിയുടെ പ്രസംഗം നടക്കുക. സാഞ്ചോസിലെ എസ്എപി അരേനയിലെ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ അമേരിക്കയിലെ പ്രമുഖ ഉദ്യോഗസ്ഥരും വമ്പന്‍ സാങ്കേതിക സ്ഥാപനങ്ങളുടെ മേധാവികളും ഉണ്ടാകും.
കാലിഫോര്‍ണിയ 33 വര്‍ഷത്തിനു ശേഷം സന്ദര്‍ശിക്കുന്ന ഭാരതപ്രധാനമന്ത്രിയായിരിക്കും നരേന്ദ്രമോദി. ഈ സന്ദര്‍ശനത്തില്‍ ഒട്ടേറെ പ്രധാനമായ തീരുമാനങ്ങള്‍ ഉണ്ടാകും. ബിസിനസ്-സാങ്കേതിക ഇടപാടുകള്‍ക്കുള്ള തീരുമാനങ്ങള്‍ വരും. സിലിക്കണ്‍ വാലിയുടെ വികസനത്തിന് ഭാരതത്തിന്റെ പങ്കാളിത്തവും സംഭാവനയും, മോദിയുടെ ഉജ്ജ്വല നേതൃത്വത്തില്‍ അതു വളര്‍ച്ച പ്രാപിക്കാനുള്ള സാധ്യതകളും ചര്‍ച്ചയ്‌ക്കു വരും.















