ശിവാ കൈലാസ്
തിരുവനന്തപുരം: കുടിനീരിനായി ജനം നെട്ടോട്ടമോടുമ്പോള്‍ ജലസേചന വകുപ്പിന്റെ ജലവിതരണം ടാങ്കര്‍ ലോബികള്‍ക്ക് മാത്രം. സ്വകാര്യ മേഖലയിലെ നിര്‍മ്മാണ ആവശ്യങ്ങള്‍ക്കാണ് പ്രധാനമായും ഇടനിലക്കാര്‍ വഴി കുടിവെള്ളം വില്‍ക്കുന്നത്. ചില ഉദ്യോഗസ്ഥരും ടാങ്കര്‍ ലോബികളും ചേര്‍ന്നുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്. നഗരവാസികള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന ജല സംഭരണിയായ അരുവിക്കര പ്ലാന്റിലെ മോട്ടോറുകള്‍ തകരാറിലായതിനാല്‍ ഇവിടെനിന്നുള്ള ജലവിതരണം കൃത്യമായി നടക്കുന്നില്ല. ജപ്പാന് കുടിവെള്ള പദ്ധതിയുടെ ലൈനില്‍ മാത്രമാണ് കുടിവെള്ളം നല്കാന് കഴിയുന്നത്. നഗരത്തിലെ മിക്ക ഭാഗങ്ങളിലും മൂന്നും നാലും ദിവസങ്ങള്‍ കൂടുമ്പോഴാണ് വെള്ളമെത്തുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കേണ്ട ജലസേചന വകുപ്പാണ് സ്വകാര്യ ലോബികള്‍ക്ക് വെള്ളം മറിച്ച് വില്‍ക്കുന്നത്.
ആയിരം ലിറ്റര്‍ വെള്ളത്തിനു 30 രൂപ നിരക്കില്‍ മുന്‍പ് അരുവിക്കര പ്ലാന്റില്‍ നിന്ന് കുടിവെള്ളം വിറ്റിരുന്നു. അരുവിക്കരയിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടികാണിച്ച് ഒരു വര്‍ഷം മുമ്പ് ടാങ്കറുകള്‍ വെള്ളം വാങ്ങാന്‍ വരാതായി. പകരം വെള്ളയമ്പലം, പിറ്റിപി നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് വെള്ളം വിറ്റിരുന്നത്. ടാങ്കര്‍ ഉടമകളും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള രഹസ്യ ഇടപാടാണിതിനു പിന്നിലെന്ന് ആരോപണമുണ്ട്. അരുവിക്കരയില്‍ വില്‍ക്കുന്ന വെള്ളത്തിനും വന്നുപോകുന്ന വാഹനങ്ങള്‍ക്കും കൃത്യമായ രേഖകള്‍ സൂക്ഷിക്കാറുണ്ട്. ദിവസവേതനക്കാരായ ഒരുകൂട്ടം ജീവനക്കാരാണു അരുവിക്കരയിലെ വെള്ളം വില്‍പ്പന നോക്കിനടത്തിയിരുന്നത്. വെള്ളം മറിച്ചുവിറ്റ് പണം കൊയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കി. തുടര്‍ന്നാണ് വില്‍പ്പന കേന്ദ്രം നഗരത്തിലാക്കിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പാറ ക്വാറികളിലെ ആവശ്യങ്ങള്‍ക്കും ശുദ്ധീകരിച്ച ജലമാണ് വിറ്റഴിക്കുന്നത്. എന്നാല്‍ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന പാവങ്ങള്‍ക്ക് ദിവസങ്ങളോളം ജലവിതരണം മുടങ്ങിയാലും കുടിവെള്ളം എത്തിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ജില്ലയിലെ പ്രധാന ജലസംഭരണികളായ അരുവിക്കര, നെയ്യാര്‍ ഡാം എന്നിവിടങ്ങളില്‍ ഇക്കുറി നല്ല മഴ ലഭിച്ചതിനാല്‍ സംഭരണികളില്‍ ആവശ്യത്തിലേറെ വെള്ളമുണ്ട്. കാലപ്പഴക്കത്താല്‍ നാഴികയ്ക്ക് നാല്പതു തവണ പൊട്ടുന്ന പൈപ്പുകളും അറ്റകുറ്റ പണിക്ക് ഊഴം കാത്തു നില്ക്കുന്ന വിതരണ സംവിധാനങ്ങളും മാത്രം കൈമുതലായുള്ള ജലവിതരണ വകുപ്പില്‍നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് ജനസംസാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: