ശിവാകൈലാസ്
തിരുവനന്തപുരം: ദര്‍ഭയും ജലഗന്ധപുഷ്പവും എള്ളും ചോറുരുളയും അര്‍പ്പിച്ച് പിത്യമോക്ഷത്തിനായി ഒരു ആത്മസമര്‍പ്പണം കൂടി. പിത്യക്കളുടെ സ്മരണകള്‍ക്കു മുന്നില്‍ ശിരസ്സുനമിച്ച് പിതൃപൂജയര്പ്പിക്കാന് കര്‍ക്കിടകവാവ് ദിവസമായ ഇന്നലെ വിവിധ ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ ഭക്തജനങ്ങളുടെ തിരക്കായിരുന്നു. മനസും ശരീരവും ശുദ്ധമാക്കി ശ്രദ്ധയോടെ ശ്രാദ്ധകര്‍മ്മങ്ങള്‍ അനുഷ്ഠിക്കണമെന്നതാണ് വിധി.
പതിനായിരങ്ങളാണ് കര്‍ക്കിടകവാവു പിതൃതര്‍പ്പണത്തിനായി വിവിധ സ്നനാഘട്ടങ്ങളില് എത്തിച്ചേര്‍ന്നത്. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം,ശംഖുംമുഖം കടപ്പുറം, വര്‍ക്കല പാപനാശം കടപ്പുറം, കന്യാകുമാരിയിലെ ത്രിവേണി സംഗമം, അരുവിക്കര ദേവീക്ഷേത്രത്തിലെ ബലിമണ്ഡപം, അരുവിപ്പുറം ക്ഷേത്രക്കടവ്, കരുമം വിഷ്ണു ക്ഷേത്രം, പൂവ്വാര്‍ പൊഴിക്കടവ് എന്നിവിടങ്ങളില്‍ അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു.മാതൃ,പിതൃ,ബന്ധുമിത്രാദികള്‍ തുടങ്ങി മരിച്ചുപോയവര്‍ക്ക് ആണ് പെണ് ഭേദമില്ലാതെ ശ്രാദ്ധക്രിയകള്‍ ചെയ്യാന്‍ ബലിമണ്ഡപങ്ങളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു.
തിരുവല്ലം പരശുരാമസന്നിധിയില്‍ പിതൃതര്‍പ്പണം പുലര്‍ച്ചെ 2.40ന് ആരംഭിച്ചു. ചടങ്ങുകള്‍ക്കായി ഉച്ചവരെ നല്ല തിരക്കായിരുന്നു. വാവിന് തലേദിവസം രാത്രിയോടെ പിതൃകര്‍മ്മം നടത്താനെത്തിയവരുടെ വന്‍തിരക്ക് അനുഭവപ്പെട്ടു. പുലര്‍ച്ചയോടെ തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുകയായിരുന്നു. തിരുവല്ലം- കൈമനം റോഡില്‍ നിന്നു രണ്ട് വരികളായിട്ടാണ് ക്ഷേത്രസന്നിധിയിലേക്ക് പ്രവേശനം അനുവദിച്ചത്. ഒരേസമയം 700 പേര്‍ക്ക് കര്‍മങ്ങള്‍ നടത്താന്‍ കഴിയുന്ന ഏഴു ബലിമണ്ഡപങ്ങളിലായാണ് ചടങ്ങുകള്‍ നടന്നത്. മുഖ്യപുരോഹിതന്മാരായ പ്രവീണ്‍ ശര്‍മ്മയുടെയും വിജയകുമാര്‍ ഇളയതിന്റെയും നേതൃത്വത്തില്‍ 22 പുരോഹിതരും 23 പരികര്‍മ്മികളും പൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
ലങ്കകടവില് ദേവസ്വത്തിന്റെ ബലിമണ്ഡപത്തിന് പുറമെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിലും ബലിമണ്ഡപം ഒരുക്കി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തിരക്ക് കൂടുതല്‍ അനുഭവപ്പെട്ട പതിനഞ്ച് സ്ഥലത്ത് സിസി ക്യാമറകള്‍ സ്ഥാപിച്ച്് ക്ഷേത്രപരിസരത്ത് പ്രതേ്യക പോലീസ് കണ്ട്രോള് റൂമുമായി ബന്ധപ്പെടുത്തി. ക്ഷേത്രസംരക്ഷണസമിതി തിരുവല്ലം യൂണിറ്റിലെ അഞ്ഞുറോളം പ്രവര്‍ത്തകരും തിരക്ക് നിയന്ത്രിക്കാന്‍ സജ്ജമായിരുന്നു. സേവാഭാരതി സൗജന്യമായി മെഡിക്കല്‍ ക്യാമ്പും ആംബുലന്‍സ് സര്‍വീസും അന്നദാനവും നടത്തി.
ശംഖുംമുഖം കടപ്പുറത്തെ മണല്‍ പരപ്പില്‍ നൂറുകണക്കിനു പുരോഹിതന്മാര് പിതൃകര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികരായി. വിശ്വഹിന്ദു പരിഷത്തും പ്രത്യേക ബലിമണ്ഡപം ഒരുക്കി പുരോഹിതന്മാരെ നിയോഗിച്ച് പിതൃപൂജയ്ക്ക് വേണ്ട സജ്ജീകരണങ്ങള്‍ ചെയ്തിരുന്നു.അരുവിക്കരയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ ബലിമണ്ഡപത്തിലാണ് ഇക്കുറി പിതൃതര്‍പ്പണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: