ചെന്നൈ: അവസരത്തിനൊത്തുയര്‍ന്ന ഗുര്‍കീരത് സിംഗിന്റെയും മലയാളി താരം സഞ്ജു വി. സാംസന്റെയും കരുത്തില്‍ ഇന്ത്യന്‍ എ ടീമിന് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കിരീടം. ഇന്നലെ ഓസ്ട്രേലിയന്‍ എ ടീമിനെ 39 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ എ ടീം കിരീടം മാറോടുചേര്‍ത്തത്. ഒരു ഘട്ടത്തില്‍ ആറിന് 142 എന്ന നിലയില്‍ പരാജയത്തെ മുന്നില്‍ക്കണ്ട ഇന്ത്യന്‍ ടീമിനെ ഗുര്‍കീരത് സിംഗും (87 നോട്ടൗട്ട്), സഞ്ജു വി. സാംസണും (പുറത്താകാതെ 24) ചേര്‍ന്നാണ് വിജയത്തിലേക്ക് നയിച്ചത്. 39 പന്തുകളും നാല് വിക്കറ്റുകളും ബാക്കിനില്‍ക്കേയാണ് ഓസ്ട്രേലിയ ഉയര്‍ത്തിയ 227 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ മറികടന്നത്. 87 റണ്‍സും രണ്ട് വിക്കറ്റുകളും വീഴ്ത്തിയ ഗുര്‍കീരത് സിംഗാണ് മാന്‍ ഓഫ് ദി മാച്ച്. മയാങ്ക് അഗര്‍വാളാണ് മാന്‍ ഓഫ് ദി ടൂര്‍ണമെന്റ്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയ്ക്ക് മുന്നില്‍ പതറി 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ രണ്ട് വിക്കറ്റിന് 145 എന്ന ശക്തമായ നിലയില്‍ നിന്നാണ് ഓസ്ട്രേലിയന്‍ എ ടീം തകര്‍ന്നത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് ഓപ്പണര്‍മാരായ ഉസ്മാന് ഖവാജയും (88 പന്തില്‍ 76) ജോ ബേണ്‍സും (46 പന്തില്‍ 41) ചേര്‍ന്ന് മികച്ച തുടക്കം നല്കി. ആദ്യ വിക്കറ്റില്‍ 13.4 ഓവറില്‍ 82 റണ്‍സ് ഇവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബേണ്‍സിനെ ഗുര്‍കീരത് സിംഗ് സ്വന്തം പന്തില്‍ പിടിച്ചതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. പിന്നീട് ട്രവിസ് ഹെഡും (38 പന്തില്‍ 20) ഖവാജയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 56 റണ്‍സും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹെഡിനെ കരണ്‍ ശര്‍മ്മ ഉന്മുക്ത് ചന്ദിന്റെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. പിന്നീടെത്തിയവര്‍ക്കൊന്നും മികച്ച ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ കഴിയാതിരുന്നതും കംഗാരുക്കള്‍ക്ക് തിരിച്ചടിയായി.
കല്ലം ഫെര്ഗൂസന് (41 പന്തില്‍ 21), ആഷ്ടണ്‍ അഗാര് (15), ആദം സാംബ (15), ജെയിംസ് പാറ്റിന്സണ് (11) എന്നിവരാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇന്ത്യക്കായി കരണ്‍ ശര്‍മ്മ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കരണ്‍ ശര്‍മ്മയും ഗുര്‍കീരത് സിംഗും രണ്ടെണ്ണം വീതം സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ എ ടീമിന് മയാങ്ക് അഗര്‍വാളും ഉന്മുക്ത് ചന്ദും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്കി. ഒന്നാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 29 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത അഗര്‍വാള്‍ റണ്ണൗട്ടായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ ഇന്ത്യ മൂന്നിന് 65 എന്ന നിലയിലായി. 24 റണ്‍സെടുത്ത ഉന്മുക്ത് ചന്ദും റണ്ണൊന്നുമെടുക്കാതെ കരുണ്‍ നായരുമാണ് മടങ്ങിയത്. സ്കോര്‍ 82-ല്‍ എത്തിയപ്പോള്‍ 9 റണ്‍സെടുത്ത മനീഷ് പാണ്ഡെയെയും 108-ല്‍ നില്‍ക്കേ 29 റണ്‍സെടുത്ത കേദാര്‍ ജാദവിനെയും ഇന്ത്യക്ക് നഷ്ടമായി.
പിന്നീട് 142 റണ്‍സിലെത്തിയപ്പോള്‍ 16 റണ്‍സെടുത്ത അക്ഷര്‍ പട്ടേലിനെയും നഷ്ടമായതോടെ ഇന്ത്യ പരാജയം മണത്തു. പിന്നീട് ഗുര്‍കീരത് എന്ന പഞ്ചാബുകാരന്റെ ബാറ്റിങ് മികവില്‍ ഉജ്വലമായി തിരിച്ചുവരികയായിരുന്നു. 85 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയും രണ്ട് സിക്സും ഉള്‍പ്പടെ 87 റണ്‍സാണ് നേടിയത്. നാലിന് 82 എന്ന നിലയില്‍ ഇന്ത്യ തകര്‍ച്ചയെ നേരിട്ടിരിക്കുമ്പോഴാണ് ഗുര്‍കീരത്ത് അത്ഭുതകരമായി രക്ഷകവേഷമണിഞ്ഞത്. മലയാളി താരം സഞ്ജു വി. സാംസണ് അവസരത്തിനൊത്ത് ഉയര്‍ന്ന് ഗുര്‍കീരതിന് മികച്ച പിന്തുണ നല്കിയതും ഇന്ത്യന്‍ വിജയത്തിന് മിഴിവേകി.
















