ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വിജയം 153 റണ്‍സ് അകലെ. രണ്ടാം ഇന്നിംഗ്‌സില്‍ വിജയിക്കാന്‍ 176 റണ്‍സ് വേണ്ട ഇന്ത്യ മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സെടുത്തിട്ടുണ്ട്. അഞ്ച് റണ്‍സെടുത്ത ലോകേഷ് രാഹുലാണ് പുറത്തായത്. 13 റണ്‍സുമായി ശിഖര്‍ ധവാനും അഞ്ച് റണ്‍സുമായി നൈറ്റ് വാച്ച്മാന്‍ ഇഷാന്ത് ശര്‍മ്മയുമാണ് ക്രീസില്‍.
ഇന്നലെ അഞ്ചിന് രണ്ട് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ശ്രീലങ്ക 367 റണ്‍സ് എടുത്തു. 162 റണ്‍സെടുത്ത ദിനേശ് ചണ്ഡിമലിന്റെ അപരാജിത സെഞ്ചുറിയാണ് ലങ്കക്ക് രണ്ടാം ഇന്നിംഗ്‌സില്‍ മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ചണ്ഡിമലിന് പുറമെ മുബാറക്ക് 49ഉം തിരിമന്നെ 44ഉം സംഗക്കാര 40ഉം ആഞ്ചലോ മാത്യൂസ് 39ഉം റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ചണ്ഡിമല്‍ 169 പന്തുകള്‍ നേരിട്ട് 19 ഫോറും നാല് സിക്‌സറുമടക്കമാണ് പുറത്താകാതെ 162 റണ്‍സെടുത്തത്.
ഒരു ഘട്ടത്തില്‍ അഞ്ച് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്കന്‍ ഇന്നിംഗ്‌സിനെ അക്ഷരാര്‍ത്ഥത്തില്‍ ചണ്ഡിമല്‍ ഒറ്റയ്‌ക്ക് ചുമലിലേറ്റുകയായിരുന്നു. നാലാം വിക്കറ്റില്‍ സംഗക്കാരയും മാത്യൂസും ചേര്‍ന്ന് 87 റണ്‍സും ആറാം വിക്കറ്റില്‍ തിരിമന്നെയും ചണ്ഡിമലും ചേര്‍ന്ന് 125 റണ്‍സും ഏഴാം വിക്കറ്റില്‍ മുബാറക്കും ചണ്ഡിമലും ചേര്‍ന്ന് 82 റണ്‍സും കൂട്ടിച്ചേര്‍ത്തതോടെയാണ് ശ്രീലങ്ക വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറിയത്. സംഗക്കാരയെ അശ്വിന്റെ പന്തില്‍ രഹാനെ പിടികൂടുകയായിരുന്നു. അശ്വിന്‍ നാല് വിക്കറ്റു വീഴ്‌ത്തിയപ്പോള്‍ അമിത് മിശ്ര മൂന്നെണ്ണം സ്വന്തമാക്കി. ആദ്യ ഇന്നിംഗ്‌സില്‍ ആറു വിക്കറ്റ് നേടിയ അശ്വിന് ഇതോടെ രണ്ടിന്നിംഗ്‌സിലായി 10 വിക്കറ്റുകള്‍ സ്വന്തമായി. ഹര്‍ഭജനും വരുണ്‍ ആരോണും ഇഷാന്ത് ശര്‍മയും ഓരോവിക്കറ്റു വീതം പങ്കിട്ടു.
















