നേട്ടമുണ്ടാക്കുന്നവരെ അകമഴിഞ്ഞ് പുകഴ്ത്താനും പറ്റിയാല്‍ കൂടെക്കൂട്ടാനും നമ്മുടെ യച്ചൂരിപ്പാര്ട്ടിക്ക് വല്യതാല്പ്പര്യമാണ്. അത് എന്തുകൊണ്ടാണെന്ന് അറിയുന്നവര്‍ പക്ഷെ, അവരില്‍ നിന്ന് പതിയെപ്പതിയെ അകന്നുകൊള്ളും. ബാലറ്റിലൂടെ മേപ്പടി പാര്‍ട്ടിക്ക് ചെങ്കോലും കിരീടവും നല്‍കിയെന്ന അപഖ്യാതിക്ക് വശംവദയായ നാടാണല്ലോ നമ്മുടേത്. അതേ നാട്ടില്‍ നിന്ന് ഇപ്പോള്‍ മലവെള്ളപ്പാച്ചില്‍ പോലെ അണികള്‍ ഒലിച്ചുപോവുകയാണ്. എന്തുകൊണ്ടിങ്ങനെ എന്നാണ് ചോദ്യമെങ്കില്‍ താണനിലത്തേ നീരോടൂ എന്ന് പൂര്‍വസൂരികള്‍ വെടിപ്പായി പറഞ്ഞുതന്നിട്ടുണ്ട്. സര്‍വരാജ്യത്തൊഴിലാളി സ്നേഹവും ന്യൂനപക്ഷ മേമ്പൊടി സ്നേഹവുമൊന്നും അത്രയ്ക്കങ്ങട് ക്ലച്ചാവുന്നില്ലെന്ന് വെച്ചോളൂ.
നേട്ടമുണ്ടാക്കുന്നവരുടെ കഥയില്‍ നിന്നാണല്ലോ തുടക്കം. അതിലേക്കുവരാം. അമ്പതാം സ്വാതന്ത്ര്യദിനം ആഘോഷിച്ച സിംഗപ്പൂരിന് ലോകമാസകലമുള്ളയിടങ്ങളില് നിന്ന് സ്നേഹപ്പൂക്കള്‍ കിട്ടി. നിസ്തന്ദ്രമായ പ്രവര്‍ത്തന പദ്ധതികൊണ്ട്, സുശക്തമായ നയപരിപാടികള്‍കൊണ്ട്, സ്നേഹസമ്പന്നമായ സാംസ്കാരിക ഗരിമ കൊണ്ട് ലോകത്തിന്റെ നെറുകയിലേക്ക് അനുദിനം കുതിച്ചുയരാന്‍ ആ രാജ്യത്തിന് കരുത്ത് പകര്‍ന്ന ഒരു മഹാനുണ്ട്, ലീക്വാന് യു. അവരുടെ ആദ്യത്തെ പ്രധാനമന്ത്രി. മനുഷ്യന്റെ ദയാരഹിതമായ സമീപനങ്ങള്‍ എങ്ങനെയൊക്കെയാണ് ഒരു രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്നത് എന്നു കണ്ടറിഞ്ഞ നേതാവ്.
മനുഷ്യനെ അവന്റെ യഥാര്‍ത്ഥ രീതിയില്‍ നോക്കുകയും തൊട്ടറിയുകയും അവര്‍ക്കൊപ്പം പ്രവര്ത്തിച്ചറിയുകയും ചെയ്ത അദ്ദേഹം പറഞ്ഞു, കമ്യൂണിസം നശിച്ചാലേ ലോകം നന്നാവൂ എന്ന്. ചെങ്കൊടിയുടെ ഭ്രാന്തമായ ആവേശം എങ്ങനെയാണ് ഒരു സമൂഹത്തെ അക്രമോത്സുകരാക്കുകയെന്ന് അദ്ദേഹം അനുഭവിച്ചറിഞ്ഞു. അങ്ങനെ കമ്യൂണിസത്തിന്റെ എക്കാലത്തെയും എതിരാളിയായിത്തീര്‍ന്നു ലീ. 2015 മാര്‍ച്ച് 23 ന് ലീക്വാന്‍യു ഈ ലോകം വെടിഞ്ഞു. സിംഗപ്പൂരിന്റെ തൂണിലും തുരുമ്പിലും ലീയുടെ കൈയൊപ്പുണ്ട്. ജനമനസ്സില്‍ ജീവിക്കുന്ന അദ്ദേഹം പിഎപി (പീപ്പിള്‍ ആക്ഷന്‍ പാര്‍ട്ടി )യുടെ നേതാവായിരുന്നു.
തങ്ങള്‍ ശത്രുപക്ഷത്തു നിര്‍ത്തിയ ആ ലീയെപ്പറ്റി നമ്മുടെ നേര് നേരത്തെ അറിയിക്കുന്ന പത്രം ആഗസ്ത് 10ന് ഇങ്ങനെ എഴുതി: കഴിഞ്ഞ മാര്‍ച്ചില്‍ 91-ാം വയസ്സില്‍ അന്തരിച്ച ലീ ആണ് രാജ്യത്തെ ഇന്നുകാണുന്ന പുരോഗതിയിലേക്കു നയിച്ചത്. മൂന്നു പതിറ്റാണ്ടിലേറെ അദ്ദേഹം പ്രധാനമന്ത്രിയായി. അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങള്‍ കടുത്തതായിരുന്നുവെങ്കിലും ആ നയങ്ങളാണ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ സിംഗപ്പൂരിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. അങ്ങനെ ഉയരാന്‍ കാരണം കമ്മ്യൂണിസത്തെ വലിച്ചെറിഞ്ഞതുകൊണ്ടാണെന്ന് ദേശാഭിമാനി പറയില്ല. ഏതായാലും ലീയുടെ കഠിനപ്രയത്നത്തെ അവര്‍ വിലയിരുത്തിയിരിക്കുന്നു. ഇതൊരു സൂചനയാണ് എന്ന് പറഞ്ഞുകൂട. ഇനിയും ഇത്തരത്തിലുള്ള എന്തെന്തൊക്കെ വരാനിരിക്കുന്നു. മാവോയെയും ചെഗുവേരയേയും വിട്ട് ഇനി ലീയുടെ പേരിലും ഒരു മുദ്രാവാക്യം ഉണ്ടാവാം, ലാല്‍സലാം ലീ.
ഇനി സെന്സസിന്റെയൊന്നും ആവശ്യമില്ല. എത്ര മുസ്ലിം, എത്ര പാര്‍സി, ഹിന്ദു, ക്രിസ്ത്യന്‍ ഇത്യാദിയൊക്കെ അണുവിട തെറ്റാതെ നമുക്കു പറഞ്ഞുതരാന്‍ നമ്മുടെ നേരൂഹന്‍ പത്രമുണ്ട്. എന്താ അങ്ങനെ പറയുന്നതെന്ന് മ്മളെ കണാരേട്ടന് ഒരു സംശയം. നേര് ഊഹിച്ചുപറയുന്ന പത്രമെന്ന് വിഗ്രഹിച്ച് കൊടുത്തപ്പോള്‍ ടിയാന് ഹാപ്പി. ഇനി ഇതാ, ല്ലാരും ഓര്‍ത്തുവെച്ചോളിന്‍. നമ്മുടെ ശ്രീനാരായണ ഗുരുദേവന് ഹിന്ദുവല്ല. ആര്.എസ്.ബാബു എന്ന മഹാതന്ത്രി തീര്‍ഥജലം കുടഞ്ഞ് ഗുരുവിനെ മാറ്റിമറിച്ചിരിക്കുന്നു. ടിയാന് വക നടത്തുന്ന അക്ഷരപൂജയുടെ വിശദവിവരം നമ്മുടെ മേപ്പടി പത്രത്തില്‍ ആഗ. 12 ന് നല്‍കിയിട്ടുണ്ട്. ഇതാ തലക്കെട്ട്: ഗുരു ഹിന്ദുവല്ല; മനുഷ്യനാണ്. ഹിന്ദു എന്നാല്‍ മനുഷ്യനല്ലെന്നും മറ്റേതൊ ഗ്രഹത്തില്‍ നിന്നു വന്നുപാര്‍ക്കുന്ന എന്തോ സാധനമാണെന്നുമാണ് ടി മഹാശയന് പറയുന്നത്.
ശ്രീനാരായണീയര്‍ നേരത്തെ സിംഗപ്പൂര്‍ മുന്‍ പ്രധാനമന്ത്രി ലീക്വാന്‍യു വിന്റെ കാഴ്ചപ്പാടിലേക്ക് മാറിയതോടെ കമ്മ്യൂണിസ്റ്റ്-മാര്‍ക്സിസ്റ്റ് നേതൃനിരയ്ക്ക് ബുദ്ധിഭ്രമം ബാധിച്ചിരിക്കുകയാണ്. കണാരേട്ടന് പറയുന്നത്, അവറ്റകള് പ്രാന്തെടുത്ത് പായുകയാണെന്നാണ്. കാര്യമെന്തായാലും മൂട്ടില് തീപിടിച്ച ഈ അവസ്ഥയ്ക്ക് കാരണം വിവരം വെച്ചുവരുന്ന അണികളും അനുഭാവികളും തന്നെ. എസ്എന്‍ഡിപിയുടെ ശാഖ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങളെ ബോംബും, കൈമഴുവും, പത്തലും കൊണ്ട് നേരിട്ട വഹകളാണ് ഗുരുദേവനെ ഇപ്പോള്‍ മനുഷ്യനാക്കാന്‍ നോക്കുന്നത്. ആദ്യം മനുഷ്യത്വമെന്താണെന്ന് സിസി മുതല്‍ ബ്രാഞ്ച് തലം വരെ ഒരു ചര്‍ച്ച നടത്തട്ടെ. എന്നിട്ട് ആക്രാമിക രാഷ്ട്രീയത്തിന് സുല്ലിടട്ടെ. എന്നിട്ടാവാം ഗുരുദേവനെ മനുഷ്യനാക്കിക്കൊണ്ടുള്ള കെട്ടുകാഴ്ച.
സ്വന്തം കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോയി അന്യന്റെ പുരയിടത്തില്‍ അടിഞ്ഞുകൂടുന്നുവെങ്കില്‍ വേണ്ട രീതിയില്‍ സംരക്ഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ എന്നിങ്ങനെ വോട്ടുകുത്തികളെ സൃഷ്ടിക്കുന്ന മാര്‍ക്സിസ്റ്റുകള്‍ക്ക് എന്നത്തെയും ഗുണപാഠമാണ് സിംഗപ്പൂരിലെ ലീക്വാന്‍യു. അത്തരം ആയിരക്കണക്കിന് പേര് അവതീര്ണരാവട്ടെ എന്നല്ലാതെ നമുക്ക് മറ്റെന്ത് പ്രാര്‍ത്ഥിക്കാന്‍?
കൊല്ലണോ കൊല്ലാക്കൊല ചെയ്യണോ എന്നാണ് ചോദ്യമങ്കില്‍ നിശ്ചയമായും ആദ്യത്തെ ഓപ്ഷന് തന്നെയാവും പലര്‍ക്കും പഥ്യം. മുംബൈ കലാപത്തിലും ആസൂത്രണത്തിലും പങ്കുണ്ടെന്ന് നിസ്സംശയം തെളിഞ്ഞ വിദ്വാനെ (പേര് പോലും പറയരുതെന്ന് കണാരേട്ടന്) തൂക്കിക്കൊന്നതോടെ വിപ്ലവപ്പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള സകലമാന പേര്‍ക്കും കരുണ, ആര്‍ദ്രത, സ്നേഹം എന്നിവയൊക്കെ വഴിഞ്ഞൊഴുകുകയാണ്. കൊച്ചുകുട്ടികളുടെ മുമ്പില്‍ അദ്ധ്യാപകനെ തലങ്ങുംവിലങ്ങും കൊത്തിയരിഞ്ഞ് ചോര തെറിപ്പിച്ച പ്രസ്ഥാനത്തിന്റെ മനുഷ്യത്വം പുകള്‍പെറ്റതാണല്ലോ.
നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയവന് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദം നല്‍കണമെന്നത്രേ അവരുടെ പക്ഷം! ഏതായാലും സമൂഹത്തില്‍ വധശിക്ഷ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. നമ്മുടെ (അങ്ങനെ പറയാന്‍ പറ്റില്ല) മാതൃഭൂമി പത്രം ആയതിന് അവസരം തുറന്നിടുകയും ചെയ്തു. പത്രാധിപര്‍ തന്നെയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. അക്ഷരത്തിലേക്ക് പലരും വികാരം കോരിയൊഴിച്ചപ്പോള്‍ അഡ്വ. പി. എസ്. ശ്രീധരന് പിള്ള വിവേകവും വസ്തുനിഷ്ഠമായ വിലയിരുത്തലും കൊണ്ട് തന്റെ നിലപാട് വ്യക്തമാക്കി. ആഗ. 12 ലെ പത്രത്തില്‍ അദ്ദേഹം എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെ: ഒഴിവാക്കാനാവില്ല. അതില്‍ നിന്നുള്ള നാലുവരിയോടെ ഇത്തവണത്തെ ഭാഷണം അവസാനിപ്പിക്കാം. രണ്ടാഴ്ചത്തെ കാര്യങ്ങള്‍ നാം ചര്‍ച്ച ചെയ്തില്ലെന്ന കുറ്റബോധം അസാരം കിടപ്പുണ്ട്. ലേഖനത്തിലേക്ക്:
അന്താരാഷ്ട്ര ഭീകരരുടെ പ്രഖ്യാപനങ്ങളനുസരിച്ച് ഇന്ത്യ അവര്‍ക്ക് ഇല്ലാതാക്കപ്പെടേണ്ട ഒരു രാജ്യമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് വധശിക്ഷ പാടേ വേണ്ടെന്നു വെയ്ക്കാനാവില്ല. പക്ഷെ, വധശിക്ഷ കഴിവതും ഒഴിവാക്കുകയാണ് പരിഷ്കൃത സമൂഹങ്ങള്‍ ചെയ്തു വരുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളില്‍ വധശിക്ഷ അത്യപൂര്‍വമായി നല്‍കുകയും മറ്റു കുറ്റങ്ങളില്‍ നിന്ന് അതൊഴിവാക്കുകയും ചെയ്യുന്നത് നന്നായിരിക്കും. ശരിയാണ്. രാജ്യം തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് രാത്രി കമ്പിളിപുതപ്പ് കൂടി നല്കി സംരക്ഷിക്കാനാവില്ലല്ലോ.
മൊഴിയേറ്
രാജ്യത്തിനുവേണ്ടി അതിര്‍ത്തിയില്‍ പോരാടി ശത്രുവിന്റെ തോക്കിനു മുന്നില്‍ ജീവന് പൊലിയുന്ന നിരവധി സൈനികരുടെ ജഡം നാട്ടില്‍ കൊണ്ടുവരാറുണ്ട്. മേമനുവേണ്ടി മാറത്തടിക്കുന്ന പാര്‍ട്ടികള്‍ക്ക് അതൊരു സാധാരണ മരണം; രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യുന്നവര്‍ക്ക് ഒരു നീതി. രാജ്യത്തോട് യുദ്ധം ചെയ്യുന്നവര്‍ക്ക് അധികനീതി. ഇതെന്തു നീതി?
(എബ്രഹാം മാത്യു-നിരീക്ഷണം, കലാകൗമുദി ആഗ. 16)
പ്രതികരിക്കാൻ ഇവിടെ എഴുതുക: