പ്രവീണ്‍ പാലോട്
പാലോട്: വാമനപുരം നദിക്ക് കുറുകെ ചേപ്പിലോട് കടവില്‍ സ്ഥാപിക്കാനായി നിര്‍മിച്ച നടപ്പാലം കട്ടപ്പുറത്തായിട്ട് ഒന്നരവര്‍ഷം പിന്നിട്ടു. പാലത്തിന്റെ നിര്‍മാണം കരയില്‍ വച്ച് നടത്തിയതിനാല്‍ അബാര്‍ട്ട്മെന്റ്സില്‍ പാലം ഇറക്കി വയ്ക്കുക എന്ന ശ്രമകരമായ ജോലി ഇപ്പോഴും ബാക്കിയാണ്. പാലത്തിന് സംരക്ഷണഭിത്തികളും അപ്രോച്ച് റോഡുകളും പണിതിട്ടുമില്ല.
2013-14 വര്‍ഷത്തെ കേരളവികസന പദ്ധതിപ്രകാരം ജില്ലാ പഞ്ചായത്ത് 38 ലക്ഷം രൂപ ചെലവില്‍ ആരംഭിച്ച പാലം പണിയാണ് അനിശ്ചിതത്വത്തിലായത്. പുല്ലമ്പാറ-കല്ലറ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിന് 42 മീറ്റര്‍ നീളവും 1.7 മീറ്റര്‍ വീതിയുമുണ്ട്. 1.5 മീറ്റര്‍ ഉയരത്തില്‍ കൈവരികളും സ്ഥാപിച്ചിട്ടുണ്ട്.
40 മീറ്ററോളം വീതിയുള്ള നദിയുടെ മധ്യഭാഗത്ത് പില്ലര്‍ നിര്‍മിക്കാതെ നടപ്പാലം സ്ഥാപിക്കുന്നത് ബലക്ഷയത്തിനു ഇടയാക്കുമെന്നാണ് പരാതി. പില്ലറിന്റെ അഭാവത്തില്‍ കരയില്‍ നിന്ന് പാലം നീക്കി അബാര്‍ട്ട്മെന്റ്സില്‍ വയ്ക്കാനും ഏറെ പണിപ്പെടണം. പാലം ആറിനു കുറുകെ നീക്കിവയ്ക്കുന്നതിന് കരാര്‍ ഉറപ്പിച്ചിരുന്നയാള്‍ മുങ്ങുകയായിരുന്നു. പുതിയ കരാറുകാരനെ ചുമതലപ്പെടുത്തിയെങ്കിലും പണി ആരംഭിച്ചിട്ടില്ല.
ഇരുപഞ്ചായത്തിലുമുള്ളവര് കടത്തുവള്ളത്തെ ആശ്രയിച്ചാണ് നദി കടന്നിരുന്നത്. പാലം പണി തുടങ്ങിയതോടെ കടത്തുവള്ളം നിര്‍ത്തലാക്കി. ഇതോടെ ആറ്റിനക്കരെയുള്ള എല്‍പി,യുപി, ഹൈസ്കൂളുകളില്‍ പഠിച്ചിരുന്ന കുട്ടികളുടെ ഭാവി ഇരുളിലായി.
മഴക്കാലത്ത് ആറ്റില്‍ ജലനിരപ്പ് ഉയരുന്നതും മീന്മുട്ടി ഡാം തുറന്നുവിടുന്നതും ജീവന് ഭീഷണിയായതോടെ കുട്ടികളെ സ്കൂളില്‍ അയയ്ക്കാന്‍ രക്ഷാകര്ത്താക്കള് തയ്യാറാകുന്നില്ല. കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം, മാര്‍ക്കറ്റ്, മൃഗാശുപത്രി, ക്ഷീരസംഘം, തപാലാഫീസ് തുടങ്ങിയ പൊതുസ്ഥാപനങ്ങളില്‍ എത്തണമെങ്കിലും തദ്ദേശവാസികള്‍ക്ക് നദി കടക്കണം.
നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിനൊടുവിലാണ് ചേപ്പിലോട് കടവില്‍ നടപ്പാലം അനുവദിച്ചത്. അപ്രോച്ച്റോഡ് പണിയാന്‍ സ്ഥലവാസിയായ ബാലചന്ദ്രന് തന്റെ പുരയിടത്തിലെ ആഞ്ഞിലി, തേക്ക്, റബര്‍ തുടങ്ങിയ മരങ്ങള്‍ മുറിച്ചു മാറ്റി സൗജന്യമായാണ് ഭൂമി വിട്ടുകൊടുത്തത്.
ബാലചന്ദ്രന് ഉള്‍പ്പടെ പാലം യാഥാര്‍ഥ്യമായി കാണാന്‍ നിസ്വാര്‍ഥസേവനം നല്കിയ നിരവധിപേര്‍ കബളിപ്പിക്കപ്പെട്ട അവസ്ഥയിലാണിപ്പോള്‍. എന്നാല്‍ നദിയുടെ മറുകരയില്‍ അപ്രോച്ച്റോഡിന് വസ്തു യഥാസമയം വിട്ടുകിട്ടാത്തതാണ് പാലം പണി നിലയ്ക്കാന്‍ ഇടയാക്കിയതെന്നും ഒരു മാസത്തിനുള്ളില്‍ നദിക്ക് കുറുകെ പാലം സ്ഥാപിക്കുമെന്നും കരാറുകാരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: