കൊട്ടാരക്കര: ജില്ലാ പഞ്ചായത്ത് വികലാംഗരായ ആളുകള്‍ക്ക് നല്‍കിയ സ്‌കൂട്ടറിന്റെ വീല്‍ ഊരിത്തെറിച്ച് വികലാംഗന് പരിക്കേറ്റു. അമ്പലംകുന്ന് നെട്ടയം ഷെഹിന്‍ മന്‍സിലില്‍ ഷെരീഫ് (55) നാണ് പരിക്കേറ്റത്.
കൊട്ടാരക്കര ആര്‍ടിഒ ഓഫീസില്‍ രജിസ്‌ട്രേഷന് പോയി മടങ്ങിയ സ്‌കൂട്ടറിന്റെ വീലാണ് ഊരിതെറിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷനുവേണ്ടി സഹായിയുമായി ഷെരീഫ് എത്തിയത്. രജിസ്‌ട്രേഷന്‍ നടപടികള്‍ കഴിഞ്ഞശേഷം ഉച്ചക്ക് 12.30 ഓടെ കൊട്ടാരക്കര പുലമണ്‍ സബ് സ്റ്റേഷന്‍ വഴിയുള്ള റോഡിലൂടെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം. ഇവര്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കുവാന്‍ എളുപ്പത്തിനായി അധികമായി സ്ഥാപിച്ചിരുന്ന ഇരുടയറുകളില്‍ ഒന്ന് സബ് സ്റ്റേഷനു സമീപം വെച്ച് ഊരിത്തെറിക്കുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ സമീപത്തെ മതിലിനോട് ചേര്‍ന്ന് ഇടിച്ചു മറിയുകയായിരുന്നു. അപകട സമയം പുറകില്‍ ഇരുന്ന ഷെരീഫ് റോഡിലേക്ക് തെറിച്ച് വീണു. ഇയാള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സതേടി. ജില്ലാ പഞ്ചായത്ത് 205 സ്‌കൂട്ടറുകളാണ് ജില്ലയിലെ വിവിധ ‘ഭാഗങ്ങളിലുള്ള അംഗ പരിമിതര്‍ക്ക് നല്‍കിയത്. സുസുക്കി ലെറ്റസ് സ്‌കൂട്ടറില്‍ അംഗപരിമിതരുടെ സൗകര്യത്തിനായി അധികമായി സ്ഥാപിച്ച മറ്റ് രണ്ട് ടയറുകളും വെറും പൈപ്പിലാണ് വെല്‍ഡ് ചെയ്ത് വച്ചിരിക്കുന്നത്. വെല്‍ഡിംഗ് പോയാല്‍ ടയര്‍ ഊരിപ്പോകും. ഷെരീഫിന് ലഭിച്ച സ്‌കൂട്ടറിലെ വെല്‍ഡിംഗ് പോയതാണ് ടയര്‍ ഊരിത്തെറിച്ച് പോകാന്‍ കാരണമെന്ന് കരുതുന്നു. മുഖ്യമന്ത്രിയെ കൊണ്ട് ജില്ലാ പഞ്ചായത്ത് സൗജന്യമായി നല്‍കിയ സ്‌കൂട്ടര്‍ അംഗ പരിമിതരുടെ പോരായ്‌മകള്‍ നോക്കാതെയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
















