മ്യൂണിക്ക്: ജര്‍മ്മന്‍ ബുന്ദസ്ലീഗിന് ഇന്ന് തുടക്കം. പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഹാംബര്ഗറിനെ നേരിടും. തുടര്‍ച്ചയായ നാലാം തവണയും ലീഗില്‍ ചാമ്പ്യന്മാരാവുകയെന്ന ലക്ഷ്യത്തോടെയാണ് ബയേണ്‍ മ്യൂണിച്ച് പുതിയ സീസണിലും പന്ത് തട്ടാനിറങ്ങുന്നത്. ബുന്ദസ്ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമും ബയേണ്‍ മ്യൂണിക്കാണ്. 25 തവണയാണ് അവര്‍ ജേതാക്കളായിട്ടുള്ളത്. എട്ട് തവണ കിരീടം ചൂടിയ ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ് ബയേണിന് പിന്നില്‍.
ഇന്നത്തെ ഉദ്ഘാടന മത്സരത്തില്‍ ഹാംബര്‍ഗിനെ പരാജയപ്പെടുത്തി പുതിയ സീസണ് തുടങ്ങുക എന്ന ലക്ഷ്യത്തിലായിരിക്കും ബയേണ്‍ താരങ്ങള്‍ സ്വന്തം മൈതാനമായ അലയന്‍സ് അരീനയില്‍ കളിക്കാനിറങ്ങുക. അര്ജന് റോബന്, റോബര്‍ട്ടോ ലെവന്‍ഡോവ്സ്കി, ഫ്രാങ്ക് റിബറി, മരിയോ ഗോട്സെ, തോമസ് മുള്ളര്‍, സാബി അലോണ്‍സോ, ഈ സീസണില്‍ ടീമിലെത്തിയ ചിലിയന്‍ സൂപ്പര്‍താരം അര്‍ട്ടൂറോ വിദാല്‍, ക്യാപ്റ്റനും പ്രതിരോധത്തിലെ കരുത്തനുമായ ഫിലിപ്പ് ലാം തുടങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുമായാണ് ബയേണ്‍ പുതിയ സീസണിന് കച്ചമുറുക്കുന്നത്. ഗോള്‍വലയം കാക്കാന്‍ ചോരത്ത കൈകളുമായി മാനുവല്‍ ന്യുയറും.
















