ആലപ്പുഴ: വൈകല്യത്തെയും ദൂരത്തെയും തോല്‍പ്പിച്ച് ബാബുരാജ് വേമ്പനാട് കായലില്‍ മറുകര നീന്തുന്നത് റെക്കോഡ് സ്ഥാപിക്കാനല്ല, അന്തര്‍ദ്ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനാണ്.
ഈമാസം 18നാണ് ആലപ്പുഴ കൈനകരി തയ്യില്‍വീട്ടില്‍ എല്‍ഐസി ഏജന്റായ ടി.ഡി. ബാബുരാജ് (50) വേമ്പനാട് കായലിലെ ഏറ്റവും വീതികൂടിയ ഭാഗത്ത് നീന്തുന്നത്. രാവിലെ 7ന് കുമരകത്തു നിന്ന് ആരംഭിക്കുന്ന നീന്തല്‍ 11.30ഓടെ മുഹമ്മയില്‍ സമാപിക്കും. ഒന്‍പത് കിലോമീറ്ററിലേറെ ദൂരമാണ് വൈകല്യത്തെ മറികടന്ന് നീന്താന്‍ ബാബുരാജ് തയ്യാറെടുക്കുന്നത്. ഒരുപക്ഷെ ഇത്രയും ദൈര്‍ഘ്യത്തില്‍ കായലില്‍ നീന്തുന്ന ഭിന്നശേഷിയുളള ആദ്യ കേരളീയനായിരിക്കും ബാബുരാജ്.
സപ്തംബറില്‍ റഷ്യയില്‍ നടക്കുന്ന ഐഡബ്ല്യൂഎസ് വേള്‍ഡ് ഗെയിംസില്‍ പങ്കെടുക്കുന്നതിനുള്ള ധനശേഖരണാര്‍ത്ഥമാണ് ബാബുരാജ് സാഹസിക നീന്തലിന് തയ്യാറെടുക്കുന്നത്. റഷ്യയില്‍ നാലിനങ്ങളിലാണ് ബാബുരാജ് മത്സരിക്കുന്നത്. കുറഞ്ഞത് നാലുലക്ഷം രൂപയെങ്കിലും ഗെയിംസില്‍ പങ്കെടുക്കുന്നതിന് ആവശ്യമുണ്ട്. സ്പോണ്സറോ സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള സഹായങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ് കായലിനു കുറുകെ നീന്താന്‍ തീരുമാനിച്ചത്.
എല്‍ഐസി ഡവലപ്മെന്റ് ഓഫീസര്‍ എസ്.എസ്. അയ്യര്‍, സുഹൃത്തുക്കളായ സന്തോഷ് പട്ടണം, രാരിച്ചന്‍, സിബി ജോസഫ്, ലോനപ്പന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബാബുരാജിനെ സഹായിക്കാന്‍ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെയാണ് ബാബുരാജ് 18ന് സാഹസിക നീന്തല്‍ നടത്തുക.
നീന്തല്‍ പഠിക്കൂ, ജീവന് രക്ഷിക്കൂ എന്ന ആശയം ഉയര്‍ത്തി നീന്തല്‍ പഠനം പ്രോത്സാഹിപ്പിക്കാന്‍ സ്ഥിരം സംവിധാനൊരുക്കുകയാണ് ബാബുരാജിന്റെ ലക്ഷ്യം.
















