ചെന്നൈ: ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ 34 റണ്‍സിനു തോല്‍പ്പിച്ച് ഇന്ത്യ എ ഫൈനലില്‍ കടന്നു. ഓസ്ട്രേലിയയാണ് ഫൈനലിലെ ഇന്ത്യയുടെ എതിരാളി. മായങ്ക് അഗര്‍വാള്‍ (176), മനീഷ് പാണ്ഡെ (108*) എന്നിവരുടെ സെഞ്ചുറികളുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ മൂന്ന് വിക്കറ്റിനു 371 റണ്‍സ് അടിച്ചുകൂട്ടി.
ഡി കോകിന്റെ സെഞ്ചുറിയുടെയും (113) ഖയാ സോണ്ടോ (86), റീസ ഹെന്‍ഡ്രിക്സ് (76) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവില്‍ തിരിച്ചടിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ ആറു വിക്കറ്റിനു 337 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.
133 പന്തില്‍ 20 ഫോറും അഞ്ചു സിക്സും ഉള്‍പ്പടെ 176 റണ്‍സ് അടിച്ചുകൂട്ടിയ അഗര്‍വാളാണ് കളിയിലെ താരം. പരമ്പരയില്‍ അഗര്‍വാളിന്റെ രണ്ടാം സെഞ്ചുറിയാണിത്. കഴിഞ്ഞ മത്സരത്തിലും അഗര്‍വാള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ സെഞ്ചുറി നേടിയിരുന്നു. 85 പന്തു നേരിട്ട പാണ്ഡെ എട്ടു ഫോറും രണ്ടു സിക്സും നേടി. ക്യാപ്റ്റന്‍ ഉന്മുക് ചന്ദ് 64 റണ്‍സ് നേടി.
ഓപ്പണിംഗ് വിക്കറ്റില്‍ ചന്ദ്-അഗര്‍വാള്‍ സഖ്യം 106 റണ്‍സ് ചേര്‍ത്തു. ക്യാപ്റ്റന്‍ പുറത്തായ ശേഷം രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അഗര്‍വാള്‍-പാണ്ഡെ കുട്ടുകെട്ട് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കാഴ്ചക്കാരാക്കി. ഇരുവരും ചേര്‍ന്ന് 203 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
















