കുന്നത്തൂര്‍: ദുരിതയാതന അനുഭവിക്കുന്ന ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്തക്ഷേത്രത്തിലെ ആന നീലകണ്ഠന്റെ ആരോഗ്യസ്ഥിതി വിലയിരുത്താനും തുടര്‍ചികിത്സാ നിര്‍ദ്ദേശം നല്‍കുന്നതിനുമായി ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ക്ഷേത്രത്തിലെത്തി. തൃശൂര്‍ മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയിലെ പ്രൊഫസര്‍മാരായ ഡോ.ശ്യാം കെ.വേണുഗോപാല്‍, ഡോ.മാധവനുണ്ണി, ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ.ജയകുമാര്‍, ഗുരുവായൂര്‍ ആന പരിപാലന കേന്ദ്രത്തിലെ വിദഗ്ധന്‍ ഡോ.സുരേന്ദ്രദേവ്, ദേവസ്വം ബോര്‍ഡിലെ സുനില്‍കുമാര്‍ എന്നിവരടങ്ങിയ വിദഗ്ധസംഘമാണ് നീലകണ്ഠനെ പരിശോധിച്ചത്. പരിശോധന ഒരു മണിക്കൂറോളം നീണ്ടു. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ ദേവസ്വം ബോര്‍ഡിന് നല്‍കുമെന്ന് അവര്‍ അറിയിച്ചു. നീലകണ്ഠന്റെ ദുരിതം ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് അധികൃതരും മൃഗ സംരക്ഷണവകുപ്പും നടപടികള്‍ സ്വീകരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് വിദഗ്ദ സംഘം എത്തിയത്.
















