ആലപ്പുഴ: സിപിഎം കൊട്ടിഘോഷിച്ച് നടത്തിയ ഇരുപ്പ് സമരവും ജില്ലയില്‍ പൊളിഞ്ഞു. രണ്ടര ലക്ഷം പേര് അണിനിരക്കുമെന്ന സംസ്ഥാന സമിതിയംഗം ജി. സുധാകരന്റെയും ജില്ലാ സെക്രട്ടറിയുടേയും അവകാശ വാദങ്ങള്‍ അസ്ഥാനത്തായി. ജില്ലയില്‍ നൂറ് കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടര ലക്ഷം പേര് സമരത്തില്‍ പങ്കാളികളാകുമെന്നാണ് നേതാക്കള്‍ കൊട്ടിഘോഷിച്ചത്. പക്ഷെ ഇതിന്റെ അഞ്ചിലൊന്നു പേര് പോലും സമരത്തിനെത്തിയില്ല. അണികള്‍ പാര്‍ട്ടിയില്‍ നിന്നും അകന്നുപോകുന്നുവെന്നതിന് പ്രത്യക്ഷ തെളിവാണ് കൊട്ടിഘോഷിച്ച സമരത്തിന്റെ ദയനീയ പരാജയം.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മനുഷ്യച്ചങ്ങല നടത്തിയതിന്റെ പുതിയ രൂപമെന്ന രീതിയാലാണ് ജനകീയ പ്രതിരോധ സമരത്തെ അവതരിപ്പിച്ചത്. പാര്‍ട്ടി അണികള്‍ക്ക് പോലും വേണ്ടാത്ത സമരം ജനങ്ങളും കൈവിട്ടു. മാസങ്ങള്‍ മുമ്പ് തന്നെ വന്‍തോതില്‍ അണികളെ അണിനിരത്താന്‍ കീഴ്ഘടകങ്ങളില്‍ നിന്നു തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും അത് ഫലം കണ്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു സമര പരിപാടി. ആലപ്പുഴ നഗരത്തില്‍ തന്നെ പാര്‍ട്ടി ഉദ്ദേശിച്ചത്രയും പ്രവര്‍ത്തകരെ എത്തിക്കാന്‍ കഴിഞ്ഞില്ല. അരൂര്‍ മുതല്‍ ആലപ്പുഴവരെയുളള സ്ഥലങ്ങളില്‍ മിക്ക സ്ഥലത്തും കസേരകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു.
പ്രമുഖ നേതാക്കള്‍ ഉളള സ്ഥലങ്ങളില്‍ മാത്രം അണികള്‍ കൂട്ടംകൂടി നിന്നുവെന്നതൊഴിച്ചാല്‍ പലരും പരിപാടിയിലേയ്ക്ക് എത്തി നോക്കുക പോലും ചെയ്തില്ല. പാര്‍ട്ടിയുടെ കണക്ക് പ്രകാരമുളള പ്രവര്‍ത്തകരെ എത്തിക്കാന്‍ കഴിയാതിരുന്നതിന്റെ ഭാരം ഇനി കീഴ്ഘടകങ്ങളിലെ നേതാക്കള്‍ ചുമക്കേണ്ടി വരുമെന്നുറപ്പ്. തൊഴിലുറപ്പ് തൊഴിലാളികളെ പണിയെടുപ്പിക്കാതേയും പാര്‍ട്ടിയുടെ പോഷക സംഘടനകളിലെ പ്രവര്‍ത്തകരെ നിര്‍ബന്ധിച്ചും അണി നിരത്തിയിട്ടും ലക്ഷ്യം കണ്ടില്ല. സെക്രട്ടറിയേറ്റിന് മുന്നിലെ സോളാര്‍ സമരം, ദേശീയപാതയില്‍ അടപ്പുകൂട്ടി സമരം, ഭൂമി പിടിച്ചെടുക്കല്‍ സമരം, ബാര്‍ കോഴ സമരം തുടങ്ങിയ വമ്പന്‍ സമരപരാജയങ്ങള്ക്കൊടുവില് വീണ്ടും ഉണ്ടായ പരാജയം സിപി എമ്മിന്റെ പുതിയ നേതൃത്വത്തിനും തിരിച്ചടിയായി മാറി.
കായംകുളം ദേശീയപാതയില്‍ കൃഷ്ണപുരം മുതല്‍ കരീലകുളങ്ങരവരെയുള്ള പലഭാഗത്തും പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരകളില്ലാതെ ഒഴിഞ്ഞുകിടക്കുകയായിരുന്നു. തീരദേശ മേഖലയിലും സമരം പൊളിഞ്ഞു. തോട്ടപ്പള്ളി, ആനന്ദേശ്വരം, കുറവന്തോട്, പുന്നപ്ര, പറവൂര്‍ പ്രദേശങ്ങളിലും ആളെത്തിയില്ല. ഉച്ചയ്ക്ക് 2 മുതല്‍ തന്നെ സമരത്തിന് അണികളെ എത്തിക്കാന്‍ നേതാക്കള്‍ നെട്ടോട്ടമോടിയെങ്കിലും ഫലമുണ്ടായില്ല. തകഴിയില്‍ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആയിരം രൂപ വാഗ്ദാനം ചെയ്തതായി ഒരുവിഭാഗം സിപിഎം നേതാക്കള്‍ ആരോപിക്കുന്നു. പുറക്കാട്ട് തൊഴിലുറപ്പു പ്രവര് ത്തനം തടസ്സപ്പെടുത്തുകയും പാടത്ത് പണിയെടുക്കുന്ന തൊഴിലാളികളെ നിര്ബ്ബ ന്ധിച്ച് കരയ്ക്കുകയറ്റിയുമാണ് സമരം വിജയിപ്പിക്കാന്‍ ശ്രമിച്ചത്.
സിപി എമ്മുമായി ബന്ധപ്പെട്ട മുഴുവന്‍ പോഷ ക സംഘടനകളേയും കുടുംബാംഗങ്ങളേയും അടക്കം പങ്കെടുപ്പിച്ച് 2.5 ലക്ഷം പേര് സമരത്തില്‍ പങ്കെടുപ്പിക്കുമെന്നായിരുന്നു പാര്‍ട്ടി നേതാക്കളുടെ പറച്ചില് എന്നാല്‍ പാര്‍ട്ടി അടുത്തകാലത്തു നടത്തിയ മിക്കസമരങ്ങളേപ്പോലെ ഇതും തോറ്റമ്പിയ അവസ്ഥയാണ് ഉണ്ടായത്. പ്രധാന മന്ത്രി അടക്കമുള്ള ഉന്നത നേതാക്കളെ പോലും വ്യക്തിപരമായി അവഹേളിച്ചും അഹന്ത കാട്ടിയും പ്രസ്താവനകളും പത്രസമ്മേളനങ്ങളും നടത്തുന്ന ജില്ലയിലെ നേതാക്കള്‍ക്ക് വ്യക്തിപരമായ തിരിച്ചടി കൂടിയാണ് സ്വന്തം പാര്‍ട്ടി അണികള്‍ നല്‍കിയത്.
നടത്തിയ മുഴുവന്‍ സമരങ്ങളും പൊളിഞ്ഞതിനാല്‍ അക്രമ രാഷ്ട്രീയം കൂടുതല്‍ ശക്തമായി ജില്ലയില്‍ സിപിഎം നടപ്പാക്കാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: