ചാരുംമൂട്: ചാരുംമൂട് മേഖലയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ വ്യാപാരികള്‍ ഹിന്ദി പഠിക്കുന്നു. അനിയന്ത്രിതമായ രീതിയിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ വര്‍ദ്ധനവില്‍ നാട്ടുകാര്‍ ആശങ്കയിലുമാണ്.
മേഖലയിലെ ഹോട്ടലുകള്‍, നിര്‍മ്മാണ മേഖലകളിലും ബംഗാള്‍ അടക്കമുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിദ്ധ്യം സജീവമാണ്. ഇവര്‍ സാധനങ്ങള്‍ വാങ്ങി വില നിശ്ചയിക്കുമ്പോഴും അധികം വരുന്ന തുക തിരികെ നല്കുമ്പോഴുമാണ് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
ഹോട്ടലുകളില്‍ പാചകം മുതല്‍ ഭക്ഷണം വിളമ്പുന്നതുവരെ ഇവരാണ്. ഇവരെ നിയന്ത്രിക്കുന്നതിനായി കടകളില്‍ ഹിന്ദി വശമുള്ള മലയാളി സൂപ്പര്‍ വൈസര്‍മാരെയും മുതലാളിമാര്‍ നിയോഗിച്ചിരിക്കുന്നു. ജോലിക്കായി നാട്ടിലുള്ള തൊഴിലാളികളെ കിട്ടാതെ വരികയും കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നതുമാണ് ഇവരെ തേടി ആവശ്യക്കാര്‍ എത്തുന്നത്. ഇവരെ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതിനായി നിരവധി ഏജന്റുമാര്‍ പ്രവൃത്തിക്കുന്നുമുണ്ട്. കല്യാണം, മരണം തുടങ്ങി നാട്ടില്‍ നടക്കുന്ന പൊതുപരിപാടികള്‍ വരെ ഇവരെ ഉപയോഗിച്ചാണ് നടത്തുന്നത്.
ഇവരില്‍ അധികവും മദ്യപാനം ഉള്‍പ്പെടെയുള്ള ലഹരിക്ക് അടിമകളായവരാണ്. കൂട്ടമായി താമസിക്കുന്ന ഇവരെ കൊണ്ടുള്ള ശല്യവും, അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പങ്കുള്ള മോഷണം, കൊലപാതകം എന്നിവ വര്‍ദ്ധിക്കുന്നതും നാട്ടുകാരെ ആശങ്കയിലാക്കുന്നു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ പാര്ട്ടിക്കാര് അന്യസംസ്ഥാന തൊഴിലാളികളെ വോട്ടേഴ്സ് ലിസ്റ്റില്‍ പേരു ചേര്‍ക്കുന്നതിനുള്ള തത്രപ്പാടിലാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
അവധി ദിവസങ്ങളിലും മറ്റും ഇവര്‍ യാത്രകള്‍ ചെയ്യുന്നതിനാല്‍ ബസുകളുടെ ബോര്‍ഡുകളില്‍ ഹിന്ദിയില്‍ കൂടി സ്ഥലനാമങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിലാണ് ചില ബസുടമകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: