ജക്കാര്‍ത്ത: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ മുന്നേറ്റം തുടരുന്നു. വനിതാ വിഭാഗത്തില്‍ പി.വി. സിന്ധു മൂന്നാം റൗണ്ട് ഉറപ്പിച്ചപ്പോള്‍, പുരുഷന്മാരില്‍ മൂന്നാം സീഡ് കെ. ശ്രീകാന്ത് രണ്ടാം റൗണ്ടിലുമെത്തി.
ഒന്നാം റൗണ്ടില്‍ വാക്കോവര്‍ ലഭിച്ച പതിനൊന്നാം സീഡും നിലവിലെ വെങ്കല മെഡല്‍ ജേത്രിയുമായ പി.വി. സിന്ധു ഡെന്‍മാര്‍ക്കിന്റെ ലിന്‍ ക്യാഴ്‌സ്‌ഫെല്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗെയിമിന് മറികടന്നു, സ്‌കോര്‍: 11-21, 21-17, 21-16. മത്സരം 50 മിനിറ്റ് നീണ്ടു. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം തിരിച്ചടിച്ചാണ് സിന്ധു മുന്നേറിയത്. മൂന്നാം സീഡ് ചൈനയുടെ ലി സ്യുറേയി അടുത്ത റൗണ്ട് എതിരാളി.
അര്‍ജുന പുരസ്‌കാര ശുപാര്‍ശയുടെ തിളക്കത്തില്‍ കളത്തിലിറങ്ങിയ ശ്രീകാന്ത് ഓസ്‌ട്രേലിയയുടെ മൈക്കിള്‍ ഫാരിമാനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നു, സ്‌കോര്‍: 21-10, 21-13. ഏകപക്ഷീയമായ മത്സരത്തില്‍ 24 മിനിറ്റ് കൊണ്ട് എതിരാളിയുടെ കഥ കഴിച്ചു ഇന്ത്യന്‍ താരം.
പുരുഷന്മാരില്‍ പി. കശ്യപും എച്ച്.എസ്. പ്രണോയും രണ്ടാം റൗണ്ടിലെത്തി. ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യമടക്കം ഡബിള്‍സ് ടീമുകള്‍ക്കും മുന്നേറ്റം.
















