കൊച്ചി: ഇന്ത്യന്‍ ടെന്നീസിലെ ഗ്ലാമര്‍ മുഖമാണ് സാനിയ മിര്‍സ. എന്നാല്‍, ഗ്ലാമറിനു പ്രധാന്യം നല്കി കരിയര്‍ തുലച്ചവരുടെ കൂട്ടത്തില്‍ അവരെ കാണാനാകില്ല. ഗ്ലാമറിനൊപ്പം കളി മികവും അര്‍പ്പണബോധവും സാനിയയെ കോര്‍ട്ടിലെ രാജ്ഞിയാക്കി. കഴിഞ്ഞ മാസം വിംബ്ള്‍ഡണില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം വനിതാ ഡബിള്‍ കിരീടം നേടി വീണ്ടും തലക്കെട്ടുകള്‍ സ്വന്തമാക്കിയ സാനിയ, നിലവില്‍ ലോക ഡബിള്‍സ് ഒന്നാം നമ്പറുമാണ്. ഈ മികവ് അവരെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയിലേക്കു നയിച്ചു.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ (2009), ഫ്രഞ്ച് ഓപ്പണ്‍ (2012), യുഎസ് ഓപ്പണ്‍ (2014) മിക്സഡ് ഡബിള്‍സ് കിരീടങ്ങളും, ഏഷ്യന്‍ ഗെയിംസ് മിക്സഡ് ഡബിള്‍സ് സ്വര്‍ണവും, വനിതാ ഡബിള്‍സ് വെങ്കലവും സാനിയയുടെ മകുടിയിലെ കിരീടം. ലിയാന്‍ഡര്‍ പേസിനു ശേഷം ടെന്നീസില്‍ ഖേല്‍രത്നയ്ക്ക് അര്‍ഹയാകുന്ന ആദ്യ താരമാണ് സാനിയ.
ടെന്നീസ് ഫെഡറേഷന്റെ പിടിപ്പുകേടില്‍ നഷ്ടമാകുമായിരുന്ന പരമോന്നത ബഹുമതി, കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അസാധാരണ നീക്കത്തിലൂടെയാണ് സാനിയയെ തേടിയെത്തിയത്. സമയം കഴിഞ്ഞിട്ടും, കായിക മന്ത്രി സര്‍ബാനന്ദ സൊനോവാളിന്റെ ഇടപെടലില്‍ ജസ്റ്റിസ് വി.കെ. ബാലി അധ്യക്ഷനായ പുരസ്കാര നിര്‍ണയ സമിതിക്കു മുന്‍പിലേക്ക് സാനിയയുടെ പേര് എത്തി. ഇതൊരു സമ്മര്‍ദമല്ലെന്നും, യോഗ്യതയുണ്ടെങ്കില്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നും അന്ന് മന്ത്രാലയം വ്യക്തമാക്കി. വികാസ് ഗൗഡ, ദീപിക പള്ളിക്കല്‍, ടിന്റു ലൂക്ക തുടങ്ങിയ പ്രമുഖരെ മറികടക്കാന്‍ സാനിയയുടെ പ്രതിഭയ്ക്കു കഴിഞ്ഞുവെന്നത് സാക്ഷ്യം.
വിവാദങ്ങളും സാനിയയുടെ കൂടെപ്പിറപ്പ്. മിക്സഡ് ഡബിള്‍സില്‍ സാനിയയ്ക്കൊപ്പം കളിക്കണമെന്ന് വാശിപിടിച്ചവരില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ ലിയാന്‍ഡര്‍ പേസും മഹേഷ് ഭൂപതിയുമുണ്ട്. ഭൂപതിയെ കൂടെക്കൂട്ടി സാനിയ. തീരുമാനത്തിന് കളത്തിനു പുറത്തെ കാര്യങ്ങളുണ്ടായിരുന്നുവെങ്കിലും, സാനിയയുടെ പ്രതിഭയെ ആരും ചോദ്യം ചെയ്തില്ല. ഈ വിവാദങ്ങള്‍ ലോക ടെന്നീസിലെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ പുരുഷ ജോഡിയായ ലിയാന്‍ഡര്‍ പേസ്-മഹേഷ് ഭൂപതിമാരെ വേര്‍പിരിയലിലേക്കു നയിച്ചുവെന്നതും സത്യം.
പാക്കിസ്ഥാന് ക്രിക്കറ്റര്‍ ഷൊയ്ബ് മാലിക്കിനെ വിവാഹം ചെയ്തും സാനിയ വിവാദകേന്ദ്രമായി. താരം ഇനി പാക്കിസ്ഥാനായി കളിക്കുമെന്നു വരെ പ്രചാരണമുണ്ടായി.
എന്നാല്‍, പാക്കിസ്ഥാനിയെ വിവാഹം ചെയ്തതുകൊണ്ട് തന്റെ രാജ്യസ്നേഹം എവിടെയും പോകില്ലെന്നു പ്രഖ്യാപിച്ച സാനിയ, വീണ്ടും ഇന്ത്യയ്ക്കായി റാക്കേറ്റേന്തി. ഏഷ്യന്‍ ഗെയിംസില്‍ മെഡലുകളുമായി വിമര്‍ശകര്‍ക്കു മറുപടി നല്കി. പുതുതായി രൂപീകരിച്ച തെലങ്കാന സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി സാനിയയെ നിയമിച്ചതിനെതിരേയും വിമര്‍ശനങ്ങളുയര്‍ന്നു. ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ താരത്തെ പിന്തുണച്ചു രംഗത്തെത്തിയതോടെ വിവാദങ്ങള്‍ക്ക് അന്ത്യമായത്.
മുന്‍ ഒന്നാം നമ്പര്‍ മാര്‍ട്ടിന ഹിംഗിസിനെ കളിക്കൂട്ടുകാരിയാക്കിയതാണ് സമീപകാലത്ത് സാനിയയുടെ മികവിനു പിന്നില്‍. ഹിംഗിസിന്റെ പരിചയസമ്പത്തും പ്രതിഭയും സാനിയയുടെ പ്രതിഭയോടും പ്രതിബദ്ധതയോടും ചേര്‍ന്നപ്പോള്‍ പിറവിയെടുത്തത് പുതുചരിത്രം.
















