ആലുവ: ആലുവ അദ്വൈതാശ്രമം ശതാബ്ദിയോടനുബന്ധിച്ച് നിര്‍മ്മിച്ച ഗുരുമണ്ഡപത്തില്‍ സ്ഥാപിക്കുന്നതിനുള്ള പഞ്ചലോഹത്തില്‍ തീര്‍ത്ത ഗുരുദേവ വിഗ്രഹം ഇന്ന് ജില്ലയില്‍ പ്രവേശിക്കും. ഉച്ചയ്ക്ക് 1.20ന് ജില്ലാ അതിര്‍ത്തിയായ പൂത്തോട്ടയില്‍ വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ഭക്തിസാന്ദ്രമായ വരവേല്‍പ്പ് നല്‍കും.
ഘോഷയാത്ര ചൊവ്വാഴ്ച്ച രാവിലെ ശിവഗിരിയിലെ സമാധി മണ്ഡപത്തില്‍ നിന്നാണ് പ്രയാണം ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്വീകരണത്തിന് ശേഷം ഘോഷയാത്ര വൈക്കം ചെമ്പ് വഴി ജില്ലയില്‍ പ്രവേശിക്കും. തുടര്‍ന്ന് മില്ലുങ്കല്‍ കവല (2.35), ആമ്പല്ലൂര്‍ (2.45), കട്ടിമുട്ടം (3), ആരക്കുന്നം (3.10), തോട്ടപ്പടി (3.20), പേപ്പതി (3.30), പാഴൂര്‍ (3.45), പിറവം (3.55), ഓണക്കൂര്‍ (4.10), അഞ്ചല്‍പ്പെട്ടി (4.20), പാമ്പാക്കുട (4.35), കാറ്റാടിക്കവല (5.10) എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം 5.40ന് മൂവാറ്റുപുഴയില്‍ സമാപിക്കും.
നാളെ രാവിലെ മുവാറ്റുപുഴയില്‍ നിന്നാരംഭിച്ച് പെരുമ്പാവൂര്‍, കാലടി, അങ്കമാലി, അത്താണി, ചെങ്ങമനാട്, മാഞ്ഞാലി, ഗോതുരുത്ത്, മൂത്തകുന്നം, ചെറായി, പറവൂര്‍, കരുമാല്ലൂര്‍, പറവൂര്‍ കവല, ബാങ്ക് കവല വഴി രാത്രി ഏഴ് മണിയോടെ അദ്വൈതാശ്രമത്തിലെത്തും. ഘോഷയാത്ര കടന്നുവരുന്ന വഴിയില്‍ വിവിധ കേന്ദ്രങ്ങളില്‍ വരവേല്‍പ്പും സ്വീകരണങ്ങളുംഉണ്ടാകും.
സമര്‍പ്പണ സമ്മേളനം ആഗസ്റ്റ് 17 ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. 17ന് ഉച്ചയ്ക്ക് 12.22നും ഒന്നിനും മദ്ധ്യേ ശ്രീനാരായണ പ്രസാദ് തന്ത്രികളുടെയും ജയന്തന് ശാന്തിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ ശിവഗിരി മഠം പ്രസിഡന്റ് പ്രകാശാനന്ദ സ്വാമി ഗുരുദേവ പ്രതിഷ്ഠ നിര്‍വഹിക്കും. രണ്ട് മണിക്ക് ശതാബ്ദി സമാപന സമ്മേളനവും ഗുരുമന്ദിര സമര്‍പ്പണ സമ്മേളനവും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. ഗുരുമണ്ഡപ സമര്‍പ്പണം ശ്രീ ഗോകുലം ഗ്രൂപ്പ് ചെയര്മാന് ഗോകുലം ഗോപാലന് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: