കൊച്ചി: പിതൃത്വ പരിശോധന ആവശ്യപ്പെട്ടു യുവതി നല്കിയ പരാതിയില്‍ ഡിഎന്‍എ ടെസ്റ്റിനു സമ്മതമാണെന്ന് അറിയിച്ച് ദമ്പതികളുടെ സമ്മതപത്രം. എറണാകുളം ജില്ല കളക്ടറേറ്റില്‍ ഇന്നലെ നടന്ന വനിതാ കമ്മീഷന് അദാലത്തിലാണ് ഈ ആവശ്യവും വിചിത്രമായ സമ്മതവും. മാമലക്കണ്ടം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. മധ്യവയസുപിന്നിട്ട ദമ്പതികളില്‍ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയിലുണ്ടായ മകളാണു താനെന്നും തന്നെ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണു യുവതി പരാതി നല്‍കിയത്.
അതേസമയം യുവതി തന്റെ ഭര്‍ത്താവിന്റെ മകളല്ലെന്നും സ്വത്തു തട്ടിയെടുക്കാനുള്ള ശ്രമമാണെന്നും ഇതു തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റിന് അനുമതി നല്‍കണമെന്നും അതിനു ഭര്‍ത്താവിനും സമ്മതമാണെന്നും കാണിച്ച് ഭാര്യയും പരാതി നല്കി. ഇരുകൂട്ടരുടെയും വാദം കേട്ട കമ്മീഷനംഗം ലിസി ജോസ് ഡിഎന്‍എ ടെസ്റ്റിനു നിര്‍ദേശം നല്‍കുകയായിരുന്നു.
മൊത്തം 86 പരാതികളാണു ലഭിച്ചത്. ഇതില്‍ 29 തീര്‍പ്പാക്കി. 15 എണ്ണം പോലീസ് റിപ്പോര്‍ട്ടിനായി മാറ്റി. വനിതാ കമ്മീഷന്റെ മുമ്പാകെ ലഭിച്ച ആറു പരാതികള്‍ മറ്റു വിഭാഗത്തില്പ്പെടുന്നതാകയാല് ആര്‍ഡിഒയുടെ റിപ്പോര്‍ട്ടിനായി വിട്ടു. കുടുംബവഴക്ക്, അയല്‍തര്‍ക്കം, മാനസിക പീഡനം, മദ്യപാനം, കുടിവെള്ളതര്‍ക്കം ഉള്‍പ്പെടെ വിവിധ പരാതികളാണു കമ്മീഷന്റെ പരിഗണനയ്ക്ക് എത്തിയത്. ഭര്‍ത്താവിന്റെ അമിതമായ മദ്യപാനം കുടുംബാന്തരീക്ഷം തകര്‍ക്കുകയാണെന്ന ഭാര്യയുടെ പരാതിയില്‍ കമ്മീഷന് തീര്‍പ്പാക്കി. ഇനി മദ്യപിക്കില്ലെന്ന ഉറപ്പ് എഴുതിവാങ്ങിയ കമ്മീഷന് ഉറപ്പു ലംഘിച്ചാല്‍ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്കി.
കുട്ടിയുണ്ടായ ശേഷം തന്നെ കൂടെക്കൂട്ടാന്‍ തയാറാകാത്ത യുവാവിനെതിരേ മുവാറ്റുപുഴ സ്വദേശിയായ യുവതി നല്കിയ പരാതി കൂടുതലന്വേഷണത്തിനായി മഹാരാഷ്ട്ര വനിതാ കമ്മീഷന്റെയും പോലീസിന്റെയും പരിഗണനയ്ക്കു വിട്ടു. ഇവരുടെ വിവാഹം രണ്ടുവര്‍ഷം മുമ്പ് ഗുരുവായൂരില്‍ വച്ചാണു നടന്നത്. എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തില്ല. ഭര്‍തൃവീട്ടുകാര്‍ അതു മനഃപൂര്‍വം നീട്ടിക്കൊണ്ടുപോയതായി യുവതിയുടെ പരാതിയില്‍ പറയുന്നു. പിന്നീടു ഇവര്‍ യുവാവിന്റെ ജോലി സ്ഥലമായ മുംബൈയിലേക്കു പോയി. അവിടെ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. പ്രസവത്തിനായി നാട്ടിലേക്കു വന്നതിനു ശേഷം യുവതിയെയും കുഞ്ഞിനെയും സ്വീകരിക്കാന്‍ യുവാവ് തയാറാകുന്നില്ല. യുവാവിനെപ്പറ്റിയോ കുടുംബത്തെപ്പറ്റിയോ ഒരു അന്വേഷണം നടത്താതെ മകളെ വിവാഹം ചെയ്തു കൊടുത്ത മാതാപിതാക്കളുടെ നടപടിയെ കമ്മീഷന് വിമര്‍ശിച്ചു. ആദ്യം ഇവര്‍ പൂനയില്‍ ഫ്ലാറ്റിലാണു കഴിഞ്ഞത്. കേരളത്തില്‍ സ്വത്തുവകകളൊന്നുമില്ലെന്നു പരാതിയില്‍ പറയുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസിനും കമ്മീഷന് നിര്‍ദേശം നല്കി.
ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് സുഹൃത്ത് 2.30 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നും പണം തിരികെ നടപടി വേണമെന്നും ആവശ്യപ്പെട്ട് നെടുമ്പാശേരി സ്വദേശിയായ യുവതിയും ഭര്‍ത്താവും കമ്മീഷനു മുന്നിലെത്തി. ഈ കേസ് മുമ്പും കമ്മീഷന്റെ പരിഗണനയ്ക്കു വന്നിട്ടുള്ളതാണ്. ഇതില്‍ എതിര്‍കക്ഷിയായ സുഹൃത്ത് ബിസിനസ് പൊളിഞ്ഞതോടെ ഇപ്പോള്‍ മാനസികരോഗത്തിന് അടിമയാണെന്നു കമ്മീഷന് കണ്ടെത്തിയിരുന്നു. എതിര്‍കക്ഷിയെ വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കാന്‍ നെടുമ്പാശേരി പോലീസിനു കമ്മീഷന് നിര്‍ദേശം നല്കി.
വീടുകള്‍, തൊഴിലിടങ്ങള്‍, പൊതുസമൂഹം എന്നിവിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണം, അതിക്രമം എന്നിവയ്ക്കെതിരേയാണു വനിത കമ്മീഷന്റെ പ്രവര്‍ത്തന ലക്ഷ്യമെങ്കിലും മറ്റു സിവില്‍, ക്രിമിനല്‍ കേസുകള്‍ കമ്മീഷന്റെ മുമ്പാകെ അവതരിപ്പിക്കുന്ന പ്രവണത കൂടിവരുകയാണെന്നു കമ്മീഷനംഗം ലിസി ജോസ് പറഞ്ഞു. ഇത് ഒഴിവാക്കപ്പെടേണ്ടതാണ്. പോലീസിനും കോടതികള്‍ക്കും മുമ്പാകെ പോകേണ്ട കേസുകള്‍ ഒരു കാരണവശാലും കമ്മീഷന്റെ മുമ്പാകെ വരാന്‍ പാടില്ല. ഇക്കാര്യത്തില്‍ പൊതുജനങ്ങളം ശ്രദ്ധിക്കണമെന്നും യഥാര്‍ഥ കേസുകള്‍ കൈകാര്യം ചെയ്യാനുള്ള വിലപ്പെട്ട സമയം ഇതിലൂടെ നഷ്ടപ്പെടുന്നതായും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: