മൂവാറ്റുപുഴ: കൊച്ചിന് എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ റാഗിംഗിനും മര്‍ദ്ദനത്തിനും ഇരയായി. പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യ സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ അരുണ്‍, ബെന്‍സണ്‍, സിറില്‍, എന്നിവരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തശേഷം ക്രൂരമായി മര്‍ദ്ദിച്ചത്. മൂവാറ്റുപുഴയ്ക്കടുത്ത് മണ്ണത്തൂര്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന് എഞ്ചിനീയറിംഗ് ആന്റ് സയന്‍സ് ടെക്നോളജി കോളേജില്‍ ഇന്നലെ രാവിലെയാണ് സംഭവത്തിനു തുടക്കം. കോളേജിലെത്തിയ വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കുന്നതിനായി പോകാനൊരുങ്ങുമ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വളഞ്ഞുവെച്ച് ഷര്‍ട്ട് ഇന്‍സര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ബാത്ത്റൂമിന് സമീപം പോയി മാറിക്കൊള്ളാമെന്ന് പറഞ്ഞതോടെയായിരുന്നു സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം അരങ്ങേറിയത്. ബഹളം വെച്ചിട്ടും ആരും സഹായിക്കാനെത്തിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതിനിടയില്‍ അരുണ്‍ തലചുറ്റി വീണതോടെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പിന്‍വാങ്ങിയത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ അദ്ധ്യാപകരോ മാനേജ്മെന്റോ തയ്യാറായില്ല. സുഹൃത്തുക്കളെ വിളിച്ചുവരുത്തിയാണ് മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ മൂന്നിനാണ് ആദ്യവര്‍ഷ സെമസ്റ്റര്‍ ക്ലാസ് തുടങ്ങിയത്. നാലാംവര്‍ഷ സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളാണ് റാഗിംഗിന് നേതൃത്വം നല്‍കിയത്. കോളേജുമായി ബന്ധപ്പെട്ടുനില്ക്കുന്ന പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥികളാണ് ഇവരെ മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസമാണ് ക്ലാസ് ആരംഭിച്ചത്. പെണ്‍കുട്ടികളടക്കമുള്ളവര്‍ക്ക് ഭീഷണിയാകുന്ന തരത്തിലാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനമെന്നും ഇവരെ കോളേജ് മാനേജ്മെന്റ് സംരക്ഷിക്കുകയാണെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: