കോട്ടയം: ചരിത്രത്തിലേക്കുള്ള ജനപ്രവാഹം പരാജയ ചരിത്രത്തിന്റെ തനിയാവര്‍ത്തനമായി. കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎം നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ പ്രതിരോധമാണ് അണികളുടെ നിസ്സഹകരണം മൂലം പരാജയപ്പെട്ടത്. മഞ്ചേശ്വരം മുതല്‍ രാജ്ഭവന് വരെ ആയിരം കിലോമീറ്റര്‍ പ്രതിരോധ മുയര്ത്തുമെന്നാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. ഓരോ ഏരിയാ കമ്മറ്റികളില്‍ നിന്നുള്ള പ്രവര്‍ത്തകരും എവിടെയാണ് എത്തിച്ചേരേണ്ടതെന്നും മുന്‍കൂട്ടി അറിയിച്ചിരുന്നു. അതനുസരിച്ച് അയര്‍ക്കുന്നം ഏരിയാ കമ്മറ്റിയില്‍ നിന്നുള്ളവരാണ് ചവിട്ടുവരി മുതല്‍ ബേക്കര്‍ ജംഗ്ഷന്‍വരെയും കോട്ടയം ഏരിയാ കമ്മറ്റിയില്‍ നിന്നുള്ളവര്‍ ബേക്കര്‍ ജംഗ്ഷന് മുതല്‍ കരിമ്പിന് കാലാ റെസ്റ്റോറന്റ് പടിവരെയുമാണ് പ്രവര്‍ത്തിക്കുവാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അയര്‍ക്കുന്നം ഏരിയാ കമ്മറ്റിയില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ അഭാവം മൂലം നാഗമ്പടം, ബേക്കര്‍ ജംഗ്ഷന് ഭാഗത്ത് അണിനിരത്തുവാന്‍ സാധിച്ചില്ല.
നെഹൃസ്റ്റേഡിയത്തിന്റെ മുന്‍വശത്തുള്ള ട്രാഫിക് ഐലന്റ് സമീപത്തെങ്ങും സമരക്കാര്‍ ഉണ്ടായിരുന്നില്ല. റയില്‍വേ ഓവര്‍ ബ്രിഡ്ജിലും, മീനച്ചിലാറിന് കുറുകെയുള്ള പാലത്തിലുമാളുകളില്ലായിരുന്നു. ഉള്ളിടത്തുതന്നെ അവിടെയുമിവിടെയുമായി ആളുകള്‍ നിന്നത്. പുളിമൂട് ജംഗ്ഷനില്‍ ബിഎസ്എന്‍എല്‍, എല്‍ഐസി ഓഫീസ് പരിസരത്തും നേതാക്കള്‍ ഏറെ വിയര്‍പ്പൊഴുക്കി.
പ്രവര്‍ത്തകര്‍ എത്താത്തതിനെ ചോദ്യം ചെയ്ത നേതാക്കളോട് പ്രവര്‍ത്തകര്‍ തട്ടികയറുന്നതും കാണാമായിരുന്നു. സമരത്തിന് തെരഞ്ഞെടുത്ത സമയം ശരിയായില്ലെനനും ഉന്നയിക്കുന്ന മുദ്രാവാക്യം പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും സമര സ്ഥലത്ത് വച്ച് പ്രവര്‍ത്തകര്‍ പരസ്യമായി വിളിച്ചുപറഞ്ഞത് നേതൃത്തിന് നാണക്കേടുമായി. ഗാന്ധി സ്ക്വയറില്‍ നടന്ന യോഗം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.എന്‍. വാസവന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: