കരിം ബെന്‍സമ
ലണ്ടന്‍: റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സമയെ ടീമിലെത്തിക്കാനുള്ള ആഴ്സണല്‍ പരിശീലകന് ആഴ്സണ്‍ വെങ്ങറുടെ നീക്കങ്ങള്‍ക്ക് വീണ്ടും ജീവന് വച്ചു. ആദ്യ മത്സരത്തില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനോട് തോറ്റതോടെയാണ് ബെന്സമയ്ക്കായുള്ള ശ്രമം വീണ്ടും ഊര്‍ജിതമാക്കിയത്. താരം ടീമിലെത്തിയാല്‍ ആക്രമണം കൂടുതല്‍ ശക്തിപ്പെടുത്താമെന്ന് വെങ്ങര്‍ കണക്കുകൂട്ടുന്നു. എന്നാല്‍, മാഡ്രിഡിനോട് വിടപറയുമോയെന്ന് ഫ്രഞ്ച് താരം വ്യക്തമാക്കിയിട്ടില്ല. താരത്തിന്റെ ഏജന്റ് വാര്‍ത്തകള്‍ നിരാകരിച്ചു.
അതേസമയം, ആദ്യ മത്സരത്തിലെ തോല്‍വിയില്‍ ഗോളി പീറ്റര്‍ ചെക്കിനെ കുറ്റപ്പെടുത്താന്‍ വെങ്ങര്‍ തയാറായില്ല. ചെക്കിന്റെ പിഴവാണ് തോല്‍വിക്കു കാരണമെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, ആക്രമണത്തിലും പ്രതിരോധത്തിലും ഒന്നുപോലെ പരാജയപ്പെട്ടതാണ് തിരിച്ചടിക്കു കാരണമെന്ന് മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ വെങ്ങര്‍ പറഞ്ഞു. തോല്‍വിയില്‍ പീറ്റര്‍ ചെക്ക് നിരാശ പ്രകടിപ്പിച്ചു. ആദ്യ മത്സരം ഇതേ പോലെ ആകേണ്ടിയിരുന്നില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, ആദ്യ മത്സരത്തില്‍ മുന്‍ ചാംപ്യന്മാര് ലിവര്‍പൂളിന് ജയം. എവേ മത്സരത്തില്‍ സ്റ്റോക് സിറ്റിയെ മടക്കമില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ലിവര്‍പൂള്‍. കളിയവസാനിക്കാന്‍ നാലു മിനിറ്റ് ശേഷിക്കെ ഫിലിപ്പ് കുടീന്യോ സ്കോറര്‍.
















