കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഓപ്പണര്‍ എം. വിജയ് ഇല്ല. കാല്‍ക്കുഴയ്‌ക്കേറ്റ പരുക്ക് ഭേദമാകാത്ത വിജയ്‌ക്കു പകരം കെ.എല്‍. രാഹുല്‍ ശിഖര്‍ ധവാനൊപ്പം ഇന്നിങ്‌സ് തുറക്കുമെന്ന് ടീം ഡയറക്റ്റര്‍ രവി ശാസ്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമീപകാലത്ത് ടെസ്റ്റില്‍ സ്ഥിരത പുലര്‍ത്തുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് വിജയ്. അദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം ഏറെ കടുത്തത്. എന്നാല്‍, ലങ്കയിലെ കാലാവസ്ഥയും ഫീല്‍ഡിലെ ഈര്‍പ്പവും റിസ്‌ക് എടുക്കുന്നതില്‍നിന്ന് പിന്നോട്ടു വലിച്ചുവെന്നും ശാസ്ത്രി. ഗാലെയില്‍ നാളെ മുതല്‍ ആദ്യ ടെസ്റ്റ്.
ഇന്ത്യ ലങ്കയിലേക്കു തിരിക്കും മുന്‍പ് തന്നെ വിജയ്‌ക്ക് പരുക്കെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍, നായകന്‍ വിരാട് കോഹ്‌ലി അതു നിഷേധിച്ചു. സന്നാഹ മത്സരത്തില്‍ താരം കളിക്കുമെന്നും വിരാട് പറഞ്ഞിരുന്നു. എന്നാല്‍, സന്നാഹത്തിന് വിജയ് ഇറങ്ങിയില്ല. ധവാനോ രാഹുലോ വിജയ്‌ക്ക് പങ്കാളിയാകേണ്ടതെന്ന അന്വേഷണത്തിലായിരുന്നു ടീം മാനെജ്‌മെന്റ്. ഇരുവരെയും ഒരുമിച്ച് കളിപ്പിക്കേണ്ട സ്ഥിതിയായി. 2014 ജൂണ്‍ മുതല്‍ 19 ഇന്നിങ്‌സുകളിലായി 1000ലേറെ റണ്‍സ് വാരിക്കൂട്ടി വിജയ്.
















