ന്യൂദല്‍ഹി: പ്രൊ കബഡി ലീഗില്‍ നിലവിലെ ജേതാക്കള്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് കുതിപ്പ് തുടരുന്നു. സെമി ലക്ഷ്യമിട്ടുള്ള പോരാട്ടത്തില്‍ ദബാങ് ദല്‍ഹിയെ തുരത്തി ജയ്പൂര്‍, സ്കോര്‍: 51-21. ഇതോടെ, 10 കളികളില്‍ 26 പോയിന്റുമായി നാലാമതെത്തി ജയ്പൂര്‍. ഒരു മത്സരം കൂടുതല്‍ കളിച്ച ദല്‍ഹി 23 പോയിന്റുമായി ആറാമത്.
റെയ്ഡിലും ടാക്ലിങ്ങിലും ഒരുപോലെ മികച്ച പ്രകടനം നടത്തിയ രാജേഷ് നര്‍വാളാണ് ജയ്പൂരിന് വന്‍ ജയം സമ്മാനിച്ചത്. റെയ്ഡില്‍ പതിനഞ്ചും, ടാക്ലിങ്ങില്‍ നാലും ഉള്‍പ്പെടെ 19 പോയിന്റ് നേടി രാജേഷ്. നായകന് ജസ്വീര് സിങ്ങും പിന്തുണ നല്കി. തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ജയ്പൂരിനു മുന്നില്‍ ദബാങ്ങിന് മറുപടിയില്ലായിരുന്നു. പത്തു മിനിറ്റ് വരെ ചെറുതായെങ്കിലും ചാംപ്യന്മാരെ ചെറുക്കാനായി ദല്‍ഹിക്ക്. എന്നാല്‍, രാജേഷും ജസ്വീറും ഫോമിലേക്കുയര്‍ന്നതോടെ അവരുടെ പോരാട്ടം അവസാനിച്ചു.
















