കൊച്ചി: അംബേദ്കര്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ടര്‍ഫില്‍ കേരളത്തിന്റെ കായിക കൗമാരത്തിനും യുവത്വത്തിനും പന്തു തട്ടാം. ഫിഫയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നിര്‍മിച്ച സിന്തറ്റിക് ടര്‍ഫ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
കായിക രംഗത്ത് കൂട്ടായ പരിശ്രമങ്ങള്‍ വിജയം കാണുമെന്നും എല്ലാവരും ചേര്‍ന്നപ്പോഴാണ് അംബേദ്കര്‍ സ്റ്റേഡിയത്തിന് പുതിയ മുഖഛായ ഉണ്ടാക്കാനായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഗെയിംസ് സമ്മാനിച്ച പുത്തനുണര്‍വ് കായിക രംഗത്ത് പുതിയ ലക്ഷ്യങ്ങള്‍ തരുന്നു. സ്റ്റേഡിയത്തില്‍ ദേശീയ-രാജ്യാന്തര മത്സരങ്ങള്‍ സംഘടിപ്പിച്ച് അതിലൂടെ കൂടുതല്‍ ശ്രദ്ധ നേടാന്‍ കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. പന്തുതട്ടിയാണ് മുഖ്യമന്ത്രി ടര്‍ഫ് ഉദ്ഘാടനം ചെയ്തത്.
അംബേദ്കര്‍ സ്റ്റേഡിയത്തിന്റെ നവീകരണത്തിന് ജിസിഡിഎ അങ്ങേയറ്റം താത്പര്യം കാണിച്ചു. അതോടൊപ്പം ഫിഫയുടെ സാമ്പത്തിക സഹായം സംഘടിപ്പിച്ച കെഎഫ്എയും നല്ല സഹകരണം നല്‍കിയെന്നും മുഖ്യമന്ത്രി. കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ജിസിഡിഎയുടെ അധീനതയിലുള്ള അംബേദ്കര്‍ സ്റ്റേഡിയം ഫിഫയുടെ സാമ്പത്തിക സഹായം കൊണ്ടാണ് നിര്‍മിച്ചത്. അഞ്ചു കോടി രൂപ ചെലവുവന്ന സിന്തറ്റിക് ടര്ഫിന് 112 മീറ്റര്‍ നീളവും 78 മീറ്റര്‍ വീതിയുമുണ്ട്. സിംകോട്സ് എന്ന ഇറ്റാലിയന്‍ കമ്പനിയാണ് നിര്‍മാണം നടത്തിയത്. പ്രൊഫഷണല്‍ മത്സരങ്ങള്‍ നടത്തുന്നതിന് ഫിഫ നിര്‍ദേശിച്ചിട്ടുള്ള ടു സ്റ്റാര്‍ റേറ്റിങ് പ്രകാരമുള്ള സിന്തറ്റിക് ഗ്രൗണ്ടാണിത്. ഫിഫ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന അഞ്ച് സ്റ്റേഡിയങ്ങളില്‍ ഒന്നാണ് ഇത്.
ഫിഷറീസ് മന്ത്രി കെ. ബാബു മുഖ്യാതിഥിയായിരുന്നു. എഐഎഫ്എഫ് സെക്രട്ടറി കുശാല്‍ദാസ്, മേയര്‍ ടോണി ചമ്മണി, എംഎല്‍എമാരായ ബെന്നി ബഹനാന്, ഡോമനിക് പ്രസന്റേഷന്, ലൂഡി ലൂയീസ്, ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍, ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം, കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















