തൃപ്പൂണിത്തുറ: പറവൂര്‍ പീഡനക്കേസില്‍ ഒരു പ്രതിയെക്കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2009 നവംബറില്‍ മൂന്നാറിലെ റിസോര്‍ട്ടില്‍ കൂട്ടുകാരോടൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറുപ്പംപടി പയ്യാല്‍ സ്വദേശി ചെമ്പോത്തുങ്കല്‍ രാജേഷിനെ (36)യാണ് ഡിവൈഎസ്പി ബിജൂ കെ. സ്റ്റീഫന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ചു സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറുപ്പംപടി അശമന്നൂര്‍ സ്വദേശി രഞ്ചിത് രാജനെ രണ്ടാഴ്ചകള്‍ക്ക് മുമ്പ് വിദേശത്തുനിന്നും വന്ന് ചെന്നെ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രാജേഷിനെ പിടികൂടാനായത്.
ഇയാളെ ഐഡന്റിഫിക്കേഷന്‍ പരേഡിനു വിധേയനാക്കുന്നതിനുള്ള അപേക്ഷ ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിച്ചു. തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുള്ള പതിനൊന്നു പ്രതികളെക്കൂടി കിട്ടാനുണ്ടെന്നു ഡിവൈഎസ്പി പറഞ്ഞു.
എസ്ഐ മാരായ എം.യു.രാമചന്ദ്രന്, രാജു നോഹ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സേവ്യര്‍ സാബു, പി.കെ.നന്ദകുമാര്‍ എന്നിവരും ഡിവൈഎസ്പിയോടൊപ്പം അന്വേഷണസംഘത്തിലുണ്ടായിരുന്നു. പറവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റുചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: