ലണ്ടന്‍: പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചുപിടിക്കാമെന്ന മുന്‍ ചാംപ്യന്മാര് ആഴ്സണലിന്റെ മോഹത്തിന് ആദ്യ അങ്കത്തില്‍ തന്നെ തിരിച്ചടി. സ്വന്തം മൈതാനത്ത് വെസ്റ്റ്ഹാം യുണൈറ്റഡിനോട് മടക്കമില്ലാത്ത രണ്ടു ഗോളിന് കീഴടങ്ങി ആഴ്സണല്‍. ചെയ്കൗ കൗയാറ്റെ, മൗറോ സരാറ്റെ എന്നിവര്‍ വെസ്റ്റ്ഹാമിന്റെ സ്കോറര്‍മാര്‍. ചെല്‍സിയില്‍നിന്ന് ആഴ്സണലിലേക്കു കൂടുമാറിയ ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്കിനും നിരാശാജനകമായി മത്സരഫലം. ചെക്കിന്റെ പിഴവാണ് രണ്ടു ഗോളും വലയിലെത്തിച്ചത്. എട്ടു വര്‍ഷത്തിനു ശേഷമാണ് നഗരവൈരികളായ ആഴ്സണലിനെ വെസ്റ്റ്ഹാം വീഴ്ത്തുന്നത്.
വെസ്റ്റ്ഹാമിനെ തൂത്തെറിഞ്ഞ് ലീഗിന് തകര്‍പ്പന്‍ തുടക്കമിടുമെന്ന പ്രതീക്ഷയില്‍ മൈതാനം തിങ്ങിനിറഞ്ഞ ആരാധകരെ പൂര്‍ണമായും നിരാശപ്പെടുത്തി പീരങ്കിപ്പട. പ്രതിരോധപിഴവാണ് അവര്‍ക്ക് വിനയായത്. മത്സരത്തിലുടനീളം പ്രതിരോധമില്ലാത്ത അവസ്ഥയായിരുന്നു ആഴ്സണലിന്. വെസ്റ്റ്ഹാം താരങ്ങളുടെ പരിചയക്കുറവ് കൂടുതല്‍ ഗോള്‍ വഴങ്ങാതെ ആഴ്സണ്‍ വെങ്ങറുടെ ശിഷ്യരെ രക്ഷിച്ചു.
ഇടവേളയ്ക്കു പിരിയാന്‍ രണ്ടു മിനിറ്റ് ശേഷിക്കെ ഒരു ഫ്രീകിക്കാണ് ഗോള്‍വരള്‍ച്ചയ്ക്ക് അന്ത്യം കുറിച്ചത്. പോസ്റ്റിന്റെ വലതു മൂല കണക്കാക്കി ദിമിത്രി പായെറ്റ് എടുത്ത കിക്ക് തട്ടിയകറ്റാന്‍ മുന്നോട്ടാഞ്ഞ ചെക്കിനു പിഴച്ചു. പന്തെത്തിയത് കൗയാറ്റെയെ ലക്ഷ്യമാക്കി. താരത്തിന്റെ ഹെഡ്ഡര്‍ ഒഴിഞ്ഞ പോസ്റ്റില്‍ ഭദ്രം. തിരിച്ചെത്തി 12 മിനിറ്റിനു ശേഷം വെസ്റ്റ്ഹാം രണ്ടാം ഗോളും വലയിലാക്കി. ഇത്തവണ സാരാറ്റെ താരം. ബോക്സിനു പുറത്തു നിന്ന് സരാറ്റെ തൊടുത്ത ലോങ് റേഞ്ചര്‍ പീറ്റര്‍ ചെക്കിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. സബ്സ്റ്റിറ്റിയൂഷനുകള്‍ നടത്തി തിരിച്ചുവരവിന് വെങ്ങര്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല എതിര് പ്രതിരോധം.
















