നോട്ടിങ്ഹാം: ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം ക്യാപ്ടന് മൈക്കല്‍ ക്ലാര്‍ക്ക് ആഷസ് പരമ്പരയ്ക്കുശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കും. ക്ലാര്‍ക്ക് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ മുങ്ങുന്ന കപ്പലില്‍ നിന്ന് ചാടി കൂട്ടുകാരെ ഇപ്പോള്‍ വിട്ടുപോകുന്നില്ല. ഓവലിലെ അവസാന ടെസ്റ്റിലും കളിക്കും. പക്ഷേ, വിടചൊല്ലാന്‍ ഇതാണു ശരിയായ സമയം’, ക്ലാര്‍ക്ക് പറഞ്ഞു. എന്റെ പ്രകടനം പ്രതീക്ഷിച്ചത്ര നിലവാരത്തിലെത്തിയില്ല. ഇത്തരമൊരു തീരുമാനം കൈക്കൊള്ളുക കടുപ്പം, ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു. ഫോം മോശമാണെങ്കിലും തത്കാലം വിരമിക്കില്ലെന്നാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ക്ലാര്‍ക്ക് പറഞ്ഞത്.
ക്ലാര്‍ക്ക് പാഡഴിക്കാന്‍ ഉറപ്പിച്ചാല്‍ ബംഗ്ലാദേശ് പര്യടനത്തില്‍ സ്റ്റീവന്‍ സ്മിത്താവും കങ്കാരുക്കളെ നയിക്കുക. അങ്ങനെയെങ്കില്‍ രാജ്യത്തിന് അഞ്ചാം ലോകകപ്പ് സമ്മാനിച്ചശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് പിന്‍വാങ്ങിയ ക്ലാര്‍ക്കിന്റെ കരിയറിന് അതോടെ പൂര്‍ണ വിരാമമാവും.
















