ന്യൂദല്‍ഹി: പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ത്ത ന്യൂനപക്ഷങ്ങള്‍ക്ക് (ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ജൈനമതക്കാര്‍, പാഴ്‌സികള്‍ തുടങ്ങിയവര്‍) ദീര്‍ഘകാല വിസയും പൗരത്വവും അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു.
അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഭൂരിപക്ഷ വിഭാഗത്തില്‍ നിന്നുള്ള പീഡനം മൂലം നിരവധിയാളുകള്‍ ഭാരതത്തിന്റെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കുടിയേറി പാര്‍ത്തിട്ടുണ്ട്. ഇവര്‍ക്ക് ദീര്‍ഘകാല വിസയനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും റിജിജു പറഞ്ഞു. ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭാരതത്തില്‍ കുടിയേറി പാര്‍ത്തിട്ടുള്ളവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശില്‍ നിന്നാണ്. അയല്‍ രാജ്യങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ത്തവര്‍ക്കുള്ള വിസ അനുവദിക്കല്‍ എളുപ്പമാക്കുന്നതിനായി ഇതിനോടകം തന്നെ കേന്ദ്രം പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നും കുടിയേറി പാര്‍ത്തിട്ടുള്ള ബംഗാളി ഹിന്ദുക്കള്‍ക്ക് പൗരത്വം അനുവദിക്കണമെന്ന് ബിജെപി പ്രതിനിധി ബിജോയ ചക്രവര്‍ത്തിയും എസ്. എസ്. അലുവാലിയയും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
ഭാരത പൗരത്വം നിയമം 1955 പ്രകാരമാണ് കുടിയേറിപ്പാര്‍ത്തവര്‍ക്ക് പൗരത്വവും ദീര്‍ഘകാല വിസയും അനുവദിക്കുന്നത്. 2013ല്‍ 3085 പാക്കിസ്ഥാനികള്‍ക്കും 109 ബംഗ്ലാദേശികള്‍ക്കും, 2014ല്‍ 2779 പാക്കിസ്ഥാനികള്‍ക്കും 126 ബംഗ്ലാദേശികള്‍ക്കും ഭാരതപൗരത്വം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം 1934 പാക്കിസ്ഥാനികള്‍ക്കും 11 ബംഗ്ലാദേശികള്‍ക്കുമാണ് പൗരത്വം അനുവദിച്ചത്. ഇതുകൂടാതെ പൗരത്വാപേക്ഷ സമര്‍പ്പിച്ച 619 പേരില്‍ നിന്നും 290 വിദേശീയര്‍ക്കും പുതിയതായി പൗരത്വം അനുവദിച്ചിട്ടുണ്ടെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.
















