കൊച്ചി: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പരിസ്ഥിതി സ്നേഹത്തിന് സാക്ഷിയായ മറൈന്‍ഡ്രൈവിലെ വൃക്ഷങ്ങള്‍ സംരക്ഷിക്കാന്‍ ജിസിഡിഎ പദ്ധതി തയ്യാറാക്കുന്നു. ഡോ. കലാം നനവു പകര്‍ന്ന വൃക്ഷങ്ങള്‍ തറ കെട്ടി സംരക്ഷിക്കുമെന്നും ബോര്‍ഡ് സ്ഥാപിക്കുമെന്നും ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍ പറഞ്ഞു. മറൈന്‍ഡ്രൈവില്‍ വാക്ക് വേയ്ക്ക് സമീപത്ത് ഹെലിപ്പാഡിനോട് ചേര്‍ന്ന് വളരുന്ന എട്ടര വര്‍ഷം പിന്നിട്ട ഗുല്‍മോഹര്‍ അടക്കമുള്ള വൃക്ഷങ്ങളാണ് മുന്‍ രാഷ്ട്രപതിയുടെ ഓര്‍മകളുണര്‍ത്തുന്നത്.
2006 ഡിസംബര്‍ 19ന് രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലിക്കോപ്റ്ററിന് ഇറങ്ങാന്‍ ഇടമൊരുക്കിയത് മറൈന്‍ഡ്രൈവ് ഹെലിപ്പാഡിലാണ്. ഹെലിപ്പാഡിന് സമീപമുള്ള മരങ്ങള്‍ സുരക്ഷാകാരണങ്ങളാല്‍ വെട്ടിമാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചു. എന്നാല്‍ ചില്ലകള്‍ക്ക് പകരം മരങ്ങള്‍ തന്നെ മൊത്തമായി വെട്ടിമാറ്റിയത് പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കി. എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, നദീ സംരക്ഷണ സമിതി, ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റ് പ്രൊഫ എം.കെ. പ്രസാദ് തുടങ്ങിയവര്‍ മരം മുറിച്ചതിനെതിരെ രംഗത്തെത്തി. പ്രൊഫ. പ്രസാദിന്റെയും സംഘടനകളുടെയും ഇ മെയില്‍ സന്ദേശത്തിലൂടെയാണ് സംഭവം രാഷ്ട്രപതിയുടെ ശ്രദ്ധയിലെത്തിയത്. തുടര്‍ന്ന് രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പി.എം. നായര്‍ അന്നത്തെ ജില്ലാ കളക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷിനെ ഫോണില്‍ ബന്ധപ്പെട്ടു. വെട്ടി മാറ്റിയ മരങ്ങളുടെ പത്തിരട്ടി വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കണമെന്ന രാഷ്ട്രപതിയുടെ സന്ദേശമാണ് പി.എം. നായര്‍ കളക്ടര്‍ക്ക് കൈമാറിയത്. രാഷ്ട്രപതി വരുന്നതിന് മുമ്പു തന്നെ വൃക്ഷത്തൈകള്‍ നട്ടിരിക്കണമെന്നായിരുന്നു നിര്‍ദേശം.
വെട്ടിയ മൂന്ന് ഗുല്മോഹറുകള്ക്ക് പകരം മുപ്പത് തൈകള്‍ വച്ചുപിടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കായിരുന്നു മരങ്ങള്‍ നടേണ്ട ചുമതല. കൊച്ചിയിലെത്തിയ ഉടനെ ഇതു സംബന്ധിച്ച് രാഷ്ട്രപതിയുടെ അന്വേഷണമുണ്ടായി. തൈകള്‍ നട്ടതു കാണാനും അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചു. തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിക്കാത്ത ചടങ്ങിന് മറൈന്‍ഡ്രൈവ് സാക്ഷ്യം വഹിച്ചു. ഡിസംബര്‍ 20ന് രാവിലെ തൃശൂരിലേക്ക് പോകാന്‍ മറൈന്‍ഡ്രൈവിലെത്തിയ എ.പി.ജെ. അബ്ദുള്‍കലാമിനെ ജില്ല കളക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് വൃക്ഷത്തൈകള്‍ക്ക് സമീപത്തേയ്ക്ക് ആനയിച്ചു. സുരക്ഷാവലയം ഭേദിച്ച് ആഹ്ലാദരവം മുഴക്കിയ ജനക്കൂട്ടത്തിന് നടുവില്‍ നിന്നാണ് ഡോ. കലാം വൃക്ഷത്തൈകള്‍ക്ക് വെള്ളമൊഴിച്ചത്. തൈകള്‍ ജാഗ്രതയോടെ പരിപാലിക്കാന്‍ നിര്‍ദേശിച്ച രാഷ്ട്രപതി കളക്ടറുടെ നടപടിയില്‍ സന്തോഷവും രേഖപ്പെടുത്തി.
ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ചരിത്രമാകുമ്പോള്‍ അദ്ദേഹത്തിന്റെ സ്മരണകളുണര്‍ത്തുന്ന ഈ വൃക്ഷങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ പരിപാലിക്കുകയാണ് മറൈന്െ്രെഡവിന്റെ ചുമതല വഹിക്കുന്ന ജിസിഡിഎയുടെ ലക്ഷ്യം. ഇതു സംബന്ധിച്ച് പരിസ്ഥിതി സംഘടനകളുമായി ആലോചിച്ച് പദ്ധതി തയാറാക്കുമെന്ന് ജിസിഡിഎ ചെയര്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: