ചാവക്കാടിനടുത്ത് തിരുവത്രയിലെ ശ്രീനാരായണ വിദ്യാമന്ദിരത്തില്‍ നടന്ന മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ പഠനശിബിരത്തില്‍ പ്രഭാഷണം ചെയ്യുന്നതിനുള്ള ക്ഷണം ലഭിച്ചതനുസരിച്ച് കഴിഞ്ഞ ഞായറാഴ്ച അവിടെപ്പോയിരുന്നു. തലേന്നു ഗുരുവായൂരിലെത്തി ഫോട്ടോ ബാലകൃഷ്ണന് നായരേയും മണത്തല സമരത്തിന്റെ ഇതിഹാസമായ വീട്ടിക്കിഴി കേശവന് നായരേയും സന്ദര്‍ശിച്ചു. ബാലകൃഷ്ണന് നായരുടെ വസതിയില്‍ വെച്ച് ഒ.രാജഗോപാലനെയും യാദൃച്ഛികമായി കാണാന്‍ അവസരമുണ്ടായി. ബാലേട്ടന്റെ അശീതിയെപ്പറ്റി (80-ാം പിറന്നാള്‍) ഈ പംക്തിയില്‍ വന്നത് നേരിട്ടേല്‍പ്പിക്കാനായിരുന്നു രാജേട്ടന്റെ വരവ്. അത്യധികം ആഹ്ലാദമുണ്ടാക്കിയ ഏതാനും നിമിഷങ്ങള്‍ അവിടെ ലഭിച്ചു.
ശ്രീനാരായണ വിദ്യാമന്ദിരത്തില്‍ മത്സ്യപ്രവര്‍ത്തക സംഘം, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പഠനശിബിരത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നല്ലൊ ഈ പ്രകരണം തുടങ്ങിയത്. ഏകദേശം 50 വിദ്യാര്‍ത്ഥിനികളും നൂറോളം വിദ്യാര്‍ത്ഥികളും പങ്കെടുത്ത ആ പഠനശിബിരം, ആ രംഗത്തു പ്രസരിക്കുന്ന നവ ഊര്‍ജത്തിന്റെ പ്രത്യക്ഷ പ്രകടനമായിരുന്നു. സംഘത്തിന്റെ സംഘടനാകാര്യദര്‍ശിയും മുതിര്‍ന്ന പ്രചാരകനുമായ പുരുഷോത്തമന് ഒരുമാസം മുമ്പ് ഇതിന്റെ സൂചന നല്കിയപ്പോള് പ്രതീക്ഷിച്ചതിനെക്കാള്‍ എത്രയോ ഉപരിയായ അനുഭവമാണവിടെയുണ്ടായത്. ശിബിരത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലൊ എന്നായി വിചാരം.
തിരുവത്ര എനിക്കു പുതിയ സ്ഥലമല്ല. ആറുപതിറ്റാണ്ടുകള്‍ക്കുമുമ്പ് ഗുരുവായൂരില്‍ പ്രചാരകനായി പോയപ്പോള്‍ തിരുവത്രയില്‍ നല്ലൊരു ശാഖ പ്രവര്‍ത്തിച്ചിരുന്നു. അവിടത്തെ രാഘവന് (ആധാരമെഴുത്ത്), ഗോപി (തുന്നല്‍), ശ്രീനി (വിദ്യാര്‍ത്ഥി) എന്നിവരെ ഇപ്പോഴും ഓര്‍ക്കുന്നു. രാഘവന്റെ കയ്പ്പട അതിമനോഹരമായിരുന്നു. ആധാരമെഴുത്തുകാര്‍ക്ക് അതു കൂടിയല്ലേ തീരൂ.
ഞാന്‍ ഗുരുവായൂര്‍ വിട്ടശേഷം അദ്ദേഹം വാത്സല്യപൂര്‍വം അയച്ച പോസ്റ്റ് കാര്‍ഡ് ഞാന്‍ സൂക്ഷിക്കുന്നുണ്ട്. ഗോപിയുടെ മരുമക്കളായ ഇരട്ടകളും ശാഖയില്‍ ഉണ്ടായിരുന്നു. അവരെ കണ്ടാല്‍ തിരിച്ചറിയാന്‍ വളരെ പ്രയാസമായിരുന്നു. പേര് മറന്നുപോയി. അക്കാലത്ത് ടിപ്പുസുല്‍ത്താന്‍ റോഡ് എന്നു പറയപ്പെട്ടിരുന്ന പൂഴിമണല്‍ റോഡ് ഇന്ന് നാഷണല്‍ ഹൈവേ 17 ആയി നെടുനീളത്തില്‍ കിടക്കുന്നു. മണത്തലയിലൂടെ കടന്നുപോയപ്പോള്‍ ഇതിഹാസം സൃഷ്ടിച്ച് സഞ്ചാരസ്വാതന്ത്ര്യം നേടിയ വിശ്വനാഥക്ഷേത്രവും കണ്ടു. അറുപതുവര്‍ഷങ്ങള്‍ക്കുശേഷം അത് തിരിച്ചറിയാനാവാത്ത വിധം മാറിക്കഴിഞ്ഞു.
മത്സ്യപ്രവര്‍ത്തകസംഘം, നമ്മുടെ രാജ്യത്തെ ഏറ്റവും പ്രധാനവും എന്നാല്‍ അവഗണിക്കപ്പെട്ടതുമായ ഒരു സമൂഹത്തിന്റെ പ്രസ്ഥാനമാകുന്നു. മുക്കുവര്‍, അരയര്‍, മരക്കാന്മാര്, ധീവരര്‍, മിനവര്‍ തുടങ്ങി വിവിധ കടല്‍ത്തീരങ്ങളില്‍ അറിയപ്പെടുന്ന ആ സമുദായത്തിന്റെ ശരിയായ ചരിത്രമോ പാരമ്പര്യമോ വേണ്ടവിധത്തില്‍ ലഭ്യമല്ലെന്ന് മനസ്സിലായി. അതേസമയം ഭാരതത്തിന്റെ ആത്മീയതയുടെയും സംസ്കാരത്തിന്റെയും മേധയുടെയും അടിത്തറയിട്ട വ്യക്തി സാക്ഷാല്‍ വേദവ്യാസന് ഈ സമുദായത്തില്‍ പിറന്ന ആളായിരുന്നല്ലൊ. ഗുരുകുലങ്ങളിലെ ആചാര്യന്മാരുടെയും ഋത്വിക്കുകളുടെയും സ്മൃതിയിലും ഒരുപക്ഷേ ഭൂര്‍ജ പത്രങ്ങളിലും ആലിലകളിലും താമരയിലകളിലുമായി ചിതറിക്കിടന്ന വേദസൂക്തങ്ങളെയും ഋക്കുകളെയും സമാഹരിച്ച് നാലായി തരംതിരിച്ച്, അത് ശ്രുതികളായും സ്മൃതികളായും സൂക്ഷിക്കാനുള്ള വ്യവസ്ഥ സൃഷ്ടിച്ചത് വ്യാസനായിരുന്നു. അതുകൊണ്ട് അദ്ദേഹം ‘വ്യാസസ്തു ഭഗവാന് ‘സ്വയം ആയിത്തീര്‍ന്നു.
പ്രപഞ്ചത്തിലുള്ള സകലതിനെയും ഉള്‍ക്കൊള്ളുന്നതും ധര്‍മത്തിന്റെ പ്രതിപാദനവും ആയ ശ്രീമദ് ഭഗവദ്ഗീതയെ മധ്യത്തില്‍ നിവേശിപ്പിച്ചതുമായ മഹാഭാരതവും പരോപകാരം പുണ്യവും പരപീഡനം പാപവുമാണെന്ന് ലോകരെ പഠിപ്പിക്കാന്‍ 18 പുരാണങ്ങളും നിര്‍മിച്ച വ്യാസനുമായി താരതമ്യം ചെയ്യാന്‍ തക്ക ഒരാള്‍ ലോകത്തിതുവരെ ഉണ്ടായിട്ടില്ല. അതിനാല്‍ അദ്ദേഹത്തെ വിശ്വഗുരുവായി കണ്ട്, വ്യാസജയന്തിദിനത്തെ, ആഷാഢപൂര്‍ണിമ, ഗുരുപൂജാ ദിനമായി ആചരിക്കുന്ന പതിവുണ്ടായി.
ഗുരുവായൂര്‍ ഭാഗത്ത് പ്രചാരകനായിരുന്ന കാലത്താണ് മുക്കുവ സമുദായക്കാരായ സ്വയംസേവകരുമായി ഇടപഴകാനും അവരുടെ ജീവതത്തെയും തൊഴിലിനെയും ആചാരങ്ങളെയും പറ്റി അറിയാനും അവസരമുണ്ടായത് അവിടുത്തെ ഇരട്ടപ്പുഴയില്‍ വേദവ്യാസശാഖ തന്നെയുണ്ടായിരുന്നു. ചാവക്കാട്ടെ ബ്ലാങ്ങാട്, വാടാനപ്പിള്ളി, കയ്പമംഗലം, നാട്ടിക തുടങ്ങിയ കടപ്പുറങ്ങളിലും പിന്നീട് തലശ്ശേരി, വടകര, മേലടി, അഴീക്കോട്, മടപ്പിള്ളി, മുഴപ്പിലങ്ങാട്, ധര്‍മടം എന്നിവിടങ്ങളിലും സംഘപ്രവര്ത്തനങ്ങള്ക്കിടയില് ഈ സമുദായ ജീവിതവുമായി ഇഴുകിച്ചേരാന്‍ അവസരമുണ്ടായി.
ഇന്ന് വിശ്വഗുരു സ്ഥാനം തന്നെ ലഭിച്ചിട്ടുള്ള മാതാ അമൃതാനന്ദമയിദേവിയുടെ അഭിവന്ദ്യ പിതാവ് സുഗുണാനന്ദന്‍ പ്രശസ്തനായ കഥകളി നടനായിരുന്നു. ഐക്യരാഷ്ട്രസഭ എത്രതവണയാണ് അമ്മയുടെ അനുഗ്രഹപ്രഭാഷണത്തിന്റെ അമൃതധാര അനുഭവിച്ചത്. ഭാരതത്തിലെ ഏറ്റവും പ്രധാനമായ തീര്‍ത്ഥാടന, വിനോദസഞ്ചാര കേന്ദ്രമായ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ തല ഉയര്ത്തിനില്ക്കുന്ന സ്വാമിജിയുടെ സ്മാരക നിര്‍മാണം യാഥാര്‍ത്ഥ്യമായത് കോഴിക്കോട്ടെയും കൊയിലാണ്ടിയിലെയും പയ്യോളിയിലെയും കടല്‍ പ്രവൃത്തിയിലേര്‍പ്പെട്ട കൈത്തഴമ്പുറച്ച സ്വയംസേവകര്‍ മരണത്തെയും വെല്ലുവിളിച്ചുകൊണ്ട്, അങ്ങേയറ്റത്തെ സാഹസികതയോടെ സ്വന്തം വഞ്ചികളുമായി അവിടെ ചെന്ന് താമസിച്ചു, പാറ ജനങ്ങള്‍ക്ക് പ്രാപ്യമാക്കിയതുകൊണ്ടായിരുന്നല്ലൊ.
ഒരുകാലത്തു ഹിന്ദുക്കള്‍ മാത്രമായിരുന്ന ഈ സമൂഹത്തിന്റെ ഭൂരിഭാഗം നൂറ്റാണ്ടുകള്‍കൊണ്ട് അന്യവല്ക്കരിക്കപ്പെടും. കോളനി ശക്തികളായ പറങ്കികളാണ് മാര്‍പാപ്പയുടെ കല്പനയനുസരിച്ചുതന്നെ മതംമാറ്റം ശക്തമായി ആരംഭിച്ചത്. പിന്നീട് ഡച്ചുകാരും ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും രംഗത്തുവന്നു. അവരെല്ലാം കടല്ത്തീരവാസികളെയാണ് ലക്ഷ്യമിട്ടത്. മുക്കുവസമുദായക്കാര്ക്കായി ഒരു പ്രത്യേക സഭ തന്നെ പറങ്കികളുടെ ശ്രമത്താല്‍ സൃഷ്ടിക്കപ്പെട്ടു. അറബികളും സാമൂതിരിയുമായുണ്ടായിരുന്ന സൗഹാര്‍ദ്ദവും പിന്നീട് മൈസൂര്‍ സുല്ത്താന്മാരുടെ അധിനിവേശക്കാലത്തു ഡിക്രികള്‍ വഴിയായും കടല്ത്തീരവാസികളെ വാള്‍മുനയില്‍ നിര്‍ത്തി മാര്ക്കംകൂട്ടി.
ചാലിയം മുതല്‍ തെക്ക് പാലപ്പെട്ടിവരെയുള്ള 60 കി.മീ.കടല്‍ത്തീരത്ത് ഒരൊറ്റ ഹിന്ദു കുടുംബം പോലുമില്ലാതായ അവസ്ഥ അങ്ങനെ വന്നതാണ്.
ഏതാണ്ട് 60 വര്‍ഷങ്ങള്‍ക്കുമുമ്പ് മത്സ്യബന്ധന രംഗം ആധുനീകരിക്കുന്നതിന് നോര്‍വേ സര്‍ക്കാരുമായി ചേര്‍ന്ന് ഭാരതം പരിപാടി ആരംഭിച്ചു. അതിന്റെ ആസ്ഥാനം കൊല്ലത്തിനടുത്തു നീണ്ടകരയിലായത്, സ്വാഭാവികമായും അവിടെ ബഹുഭൂരിപക്ഷമായ ലത്തീന്‍ വിഭാഗക്കാര്‍ക്ക് ലഭിച്ചു.മറ്റു വിഭാഗക്കാര്‍ക്ക് അതിന് വളരെ വിളംബമുണ്ടായി. ഉത്തരകേരളത്തിലെ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മെച്ചം ലഭിച്ചു. മത്സ്യവ്യവസായത്തിന്റെ ആധുനീകരണവും വൈവിധ്യവല്‍ക്കരണവും പരമ്പരാഗത മത്സ്യബന്ധനത്തെ ആശ്രയിച്ചുകഴിഞ്ഞവര്ക്ക് വലിയ ദോഷം ചെയ്തു.
വടക്കന്‍ ജില്ലകളിലെ സംഘപ്രവര്‍ത്തനത്തിലെ ശക്തമായൊരു ഘടകം കടല്‍ പ്രവൃത്തിക്കാരാണ്. പുതിയ പരിതസ്ഥിതിയില്‍ തങ്ങള്‍ പിന്തള്ളപ്പെടുന്നുവെന്ന ഭീതി അവരില്‍ സ്വാഭാവികമായും ഉണ്ടായിത്തുടങ്ങി. അങ്ങനെയിരിക്കുമ്പോള്‍ 1968-69 കാലത്ത് ഭാരതീയ ജനസംഘത്തിന്റെ അഖിലേന്ത്യാ കാര്യദര്‍ശിയായിരുന്ന ശ്രീ പരമേശ്വര്‍ജി ഈ മേഖലയിലെ മത്സ്യപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനും അവയുടെ പരിഹാരങ്ങള്‍ കണ്ടെത്താനുമായി ശ്രമം ആരംഭിച്ചു. അതിന്റെ ഫലമായി കോഴിക്കോട്ടും കൊയിലാണ്ടി കൊല്ലത്തും പയ്യോളിയിലും വടകരയിലും നിന്നുള്ള ഏതാനും പ്രവര്‍ത്തകര്‍ മേലടി കടപ്പുറത്തെ സമുദായത്തിന്റെ കെട്ടിടത്തില്‍ ഒരുമിച്ചുകൂടി.
എന്‍.പി.കൃഷ്ണന്, തെങ്ങില്‍ ലക്ഷ്മണന്, സി.പി.മാധവന്, കെ.ഗോവിന്ദന്, പത്മനാഭന്, കൊല്ലം രാഘവന് തുടങ്ങി ഏതാനും പേരുകള്‍ ഓര്‍മയുണ്ട്. മത്സ്യബന്ധനം, വ്യാപാരം, സംസ്കരണം മുതലായവ മേഖലയില്‍ ആരംഭിച്ച ആധുനീകരണം, യന്ത്രവല്‍ക്കരണം, പഴ്സീന്‍ വല (അക്കംകൊല്ലി)യുടെ ഉപയോഗം മുതലായവ സമൂഹത്തിലും വ്യവസായത്തിലും സൃഷ്ടിക്കാവുന്ന പ്രശ്നങ്ങളെയും പരിതസ്ഥിതികളെയും വിലയിരുത്താന്‍ അന്നു രൂപീകരിച്ച മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ സമിതിയെ ചുമതലപ്പെടുത്തി പുതിയാപ്പ കടപ്പുറത്ത് ജില്ലാതലത്തില്‍ വിപുലമായ സമ്മേളനം നടത്താനും നിശ്ചയിച്ചാണ് അന്നുപിരിഞ്ഞത്. സമാനമായൊരു യോഗം വാടാനപ്പള്ളിയില്‍ നടന്നതില്‍ ഒ.രാജഗോപാലും കെ.ജി.മാരാരും പങ്കെടുത്തിരുന്നു. വിപുലമായി സംസ്ഥാന സമ്മേളനം ചേരാനും ഉദ്ദേശമുണ്ടായിരുന്നു. കോഴിക്കോട്ടു ജില്ലാ സമ്മേളനം ഒരുവര്‍ഷത്തിനുശേഷം നടന്നു. പിന്നീട് അടിയന്തരാവസ്ഥ മൂലം കാര്യമായ പുരോഗതിയുണ്ടായില്ല.
അടിയന്തരാവസ്ഥയ്ക്കുശേഷം ഈ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി ഒരു സംഘപ്രചാരകന്തന്നെ ഭരമേല്‍പ്പിക്കപ്പെട്ടു 40 വര്‍ഷങ്ങള്‍ക്കുശേഷം സമുദായം പലതരം പുതിയ പ്രശ്നങ്ങളെയും പരിതസ്ഥിതികളെയും നേരിടുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. തൊഴില്‍പരമായും സാമൂഹ്യമായും വിദ്യാഭ്യാസപരമായും വന്ന മാറ്റങ്ങള്‍ സൃഷ്ടിക്കുന്നവയെ കൈകാര്യം ചെയ്യാന്‍, ആത്മീയവും മനശ്ശാസ്ത്രപരവുമായ സമീപനം ആവശ്യമാണെന്ന് ശിബിരത്തില്‍ ഏതാനും സമയം ചെലവിടുകയും പലരുമായി ആശയവിനിമയം നടത്തുകയും ചെയ്തപ്പോള്‍ തോന്നി.
തികച്ചും സുഖകരവും കുളിര്‍മ അനുഭവിച്ചതുമായ മണിക്കൂറുകള്‍ ചെലവഴിക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: