ന്യൂദല്‍ഹി: രാജ്യത്ത് ഈവര്‍ഷം ആത്മഹത്യ ചെയ്തത് 1400 കര്‍ഷകരാണെന്ന് കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍സിങ് പറഞ്ഞു. കടം, വിളനഷ്ടം, വരള്‍ച്ച എന്നിവയാണ് കര്‍ഷക ആത്മഹത്യയുടെ കാരണം.
ഇതിനുപുറമേ ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെയും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയതുമായ കണക്കുകള്‍ പ്രകാരം കര്‍ഷക ആത്മഹത്യയ്‌ക്ക് കാരണമായി കുടുംബപ്രശ്‌നങ്ങള്‍, ലഹരി, സ്ത്രീധനം, പ്രേമപരാജയം, ഷണ്ഡത്വം എന്നിവ കൂടി പറയുന്നുണ്ടെന്നും രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു.
എന്നാല്‍ മന്ത്രി കര്‍ഷക ആത്മഹത്യകള്‍ കടം മൂലമാണെന്ന് പറഞ്ഞില്ലെന്നും പ്രമപരാജയമാണ് കാരണമെന്ന് ആരോപിച്ചും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി വിവാദം സൃഷ്ടിക്കാന്‍ ശ്രമിച്ചു. പ്രതിപക്ഷ പാര്‍ട്ടികളും ഇതേറ്റുപിടിച്ചിട്ടുണ്ട്. സി.പി നാരായണന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് വിവാദം സൃഷ്ടിക്കാന്‍ ഉപയോഗിച്ചത്.
















