മുംബൈ: ഗോമാംസ നിരോധനത്തിനു പിന്നാലെ സമ്പൂര്‍ണ മദ്യ നിരോധനത്തിനും മഹാരാഷ്‌ട്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സമ്പൂര്‍ണ മദ്യ നിരോധനം സര്‍ക്കാര്‍ കാര്യപരിപാടിയിലുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് നിയമസഭയെ അറിയിച്ചു.
ഗദചിരോളി, ചന്ദ്രപൂര്‍, വാര്‍ധ ജില്ലകളില്‍ നിരോധനം നിലവിലുണ്ട്. ഇവിടത്തെ സ്ഥിതി വിലയിരുത്തി, വ്യക്തമായി പഠിച്ച ശേഷമാകും സംസ്ഥാനമാകെ വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കുകയെന്നും ഫഡ്‌നവിസ് വിശദീകരിച്ചു.
സമ്പൂര്‍ണ നിരോധനം നടപ്പാക്കിയാല്‍ മദ്യക്കടത്ത് തടയുന്നതിനടക്കം കര്‍ശന നടപടി വേണം. വ്യാജമദ്യ വ്യാപനവും തടയണം. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ നല്‍കണം. എന്നാല്‍, വധശിക്ഷ സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയിലല്ല.
അതിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം- ഫഡ്‌നവിസ് പറഞ്ഞു. യവത്മാല്‍ ജില്ലയില്‍ വ്യാജമദ്യ ലോബിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തെക്കുറിച്ച് എന്‍സിപി എംഎല്‍എസി സന്ദീപ് ബജോറിയ ഉന്നയിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
















