ന്യൂദല്‍ഹി: മുഴുവന്‍ ഗ്രാമങ്ങളിലും മുഴുവന്‍ സമയവും വൈദ്യുതി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ദീന്‍ദയാല്‍ ഉപാദ്ധ്യായ ഗ്രാമജ്യോതി യോജന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാറ്റ്‌നയില്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമീണ വൈദ്യുതി മേഖലയിലെ സമഗ്ര പരിഷ്‌ക്കാരങ്ങള്‍ക്ക് തുടക്കമിടുന്നതാണ് പദ്ധതി.
ഗ്രാമീണ ഭവനങ്ങളിലെയും കൃഷിയിടങ്ങളിലെയും വൈദ്യുതി വിതരണത്തിനുള്ള ഫീഡര്‍ വെവ്വേറെയാക്കുക, പ്രസരണ-വിതരണ ശ്രൃംഖല ശക്തിപ്പെടുത്തുക, ഗ്രാമീണ മേഖലയില്‍ എല്ലാ തലങ്ങളിലും മീറ്ററിങ് നിര്‍ബ്ബന്ധമാക്കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
ഇതുവഴി 24 മണിക്കൂര്‍ സമയവും ഗ്രാമീണ ഭവനങ്ങളിലും കൃഷി ആവശ്യത്തിന് മതിയായ തോതിലും വൈദ്യുതി ലഭ്യമാകും. മൊത്തം 76,000 കോടി അടങ്കലുള്ള ഈ പദ്ധതിയുടെ നടത്തിപ്പിന് 63,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റായി നല്‍കും. ഇതുവരെ 14,680 കോടി രൂപയ്‌ക്കുള്ള പദ്ധതികള്‍ക്ക് ഈ പരിപാടിയുടെ കീഴില്‍ അനുമതി നല്‍കിക്കഴിഞ്ഞു.
















