പത്തനാപുരം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാത അടച്ച് റബ്ബര്‍ റീപ്ലാന്റ് ചെയ്യാനുള്ള ഫാമിംഗ് കോര്‍പ്പറേഷന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. പ്രദേശവാസികളുടെ പ്രതിഷേധത്തിനൊടുവില്‍ അധികൃതര്‍ വഴി നല്കി.
മാങ്കോട് കാരമുക്ക് കൊല്ലംകോണ്‍ വടക്കേക്കര ഏലായിലേക്കുള്ള പാതയാണ് എസ്എഫ്സികെ അടയ്ക്കാന്‍ ശ്രമിച്ചത്. രാവിലെ റബ്ബര്‍ പ്ലാന്റ് ചെയ്യാന്‍ അധികൃതര്‍ എത്തിയതോടെ പ്രദേശവാസികളും വൃദ്ധരും വികലാംഗരുമടങ്ങുന്ന സംഘം റോഡില്‍ കുത്തിയിരുന്നു. ഇതോടെ ജനങ്ങളെ നീക്കം ചെയ്യാന്‍ പോലീസ് സംഘവും സ്ഥലത്തെത്തി. എന്നാല്‍ പോലീസുകാരും ജനങ്ങളും തമ്മില്‍ വാക്കേറ്റം ഉണ്ടായതോടെ പത്തനാപുരം സിഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ നിയമപാലകരും സ്ഥലത്തെത്തി. തുടര്‍ന്ന് നാല് മണിക്കൂറിലധികം ഫാമിംഗ് കോര്പ്പറേഷന് അധികൃതരും പോലീസുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമായി ചര്‍ച്ചകള്‍ നടത്തി.
മൂന്ന് തലമുറയ്ക്ക് മുമ്പാണ് വനംവകുപ്പിന്റെ കൂപ്പിലെ ജോലിയ്ക്കായി എട്ട് കുടുംബങ്ങള്‍ കൊല്ലംകോണ്‍ ഭാഗത്ത് താമസമാക്കിയത്. വനംവകുപ്പ് തന്നെ ഇവര്‍ക്ക് വഴിയും നല്‍കിയിരുന്നു. തുടര്‍ന്ന് വനാതിര്‍ത്തിയിലെ പ്രദേശങ്ങള്‍ സ്റ്റേറ്റ് ഫാമിംഗ് കോര്പ്പറേഷന് കാര്‍ഷികാവശ്യത്തിനായി 30 കൊല്ലം മുമ്പ് പാട്ടത്തിനെടുത്തു. ആദ്യം കരിമ്പ് കൃഷി നടത്തിയപ്പോഴും രണ്ടാം ഘട്ടത്തില്‍ റബ്ബര്‍ കൃഷി നടത്തിയപ്പോഴും ഇവര്‍ക്ക് അധികൃതര്‍ വഴി നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ റീപ്ലാന്റിംഗ് നടത്തിയപ്പോള്‍ വഴി കൂടി ഉള്‍പ്പെടുത്തി മരം നടനായിരുന്നു തീരുമാനം.
തീരുമാനത്തിനെതിരെ നാട്ടുകാര്‍ കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതിയെ സമീപിച്ച് ഫാമിംഗ് കോര്പ്പറേഷന് അനൂകൂലവിധി സമ്പാദിച്ചു. തുടര്‍ന്നാണ് പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷി ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫാമിംഗ് കോര്പ്പറേഷന് ഹൈക്കോടതി സമീപിച്ചത്. പോലീസ് സംരക്ഷണത്തില്‍ റീപ്ലാന്റിംഗ് നടത്താനായിരുന്നു ഉത്തരവ്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ റബ്ബര്‍തോട്ടത്തിന്റെ അതിര്‍ത്തിയിലൂടെ രണ്ടുമീറ്റര്‍ വീതിയില്‍ വഴി വിട്ടു നല്കാന് അധികൃതര്‍ തയ്യാറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: