ശ്രീനഗര്‍: ഇസ്ലാമിക് സ്റ്റേറ്റ് പതാക വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകര്‍ കത്തിച്ചതിനെച്ചൊല്ലി കശ്മീരിലെ രജൗറിയില്‍ സംഘര്‍ഷം. പതാകയില്‍ ഖുറാന് സൂക്തങ്ങള്‍ ഉണ്ടെന്നാരോപിച്ചാണ് ഒരു വിഭാഗം സംഘര്‍ഷത്തിന് ശ്രമിച്ചത്.
വിഘടനവാദികളുടെ റാലിയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയുയര്‍ത്തിയ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് വി എച്ച് പി ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക കത്തിച്ചത്. എന്നാല്‍ ഇതില്‍ ഖുറാനിലെ സൂക്തങ്ങളുണ്ടായിരുന്നെന്നും അത് കത്തിച്ചത് മുസ്ലിം വിരുദ്ധമാണെന്ന് ആരോപിച്ചുമാണ് ഒരു വിഭാഗം സംഘര്‍ഷത്തിനു ശ്രമിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു.
കര്‍ഫ്യൂ ലംഘിക്കാന്‍ ശ്രമിച്ചവരും പോലീസുമായി സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ജില്ലാ മജിസ്ട്രേറ്റ് ദീപ്തി ഉപ്പല്‍ പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക കത്തിച്ച വി എച്ച് പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം അസംബന്ധമാണെന്ന് ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിംഗ് പറഞ്ഞു. ഒരു ഭീകര സംഘടനയുടെ പതാക കത്തിച്ചവര്‍ക്കെതിരെ എങ്ങനെയാണ് നടപടിയെടുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
മുസ്ലിങ്ങളുടെ വികാരം വ്രണപ്പെടുത്തുക എന്ന യാതൊരു ഉദ്ദേശ്യവും തങ്ങള്‍ക്കില്ലെന്ന് വി എച്ച് പി നേതാക്കള്‍ പറഞ്ഞു. തങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് പതാകയാണ് കത്തിച്ചതെന്നും അതിലെന്താണ് എഴുതിയിരിക്കുന്നതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും വി എച്ച് പി വ്യക്തമാക്കി. ഖുറാന് സൂക്തങ്ങളാണ് എഴുതിയിരിക്കുന്നതെങ്കില്‍ അത് പതാകയില്‍ ഉപയോഗിക്കുന്ന ഭീകര സംഘടനയ്ക്കെതിരേയാണ് യഥാര്‍ത്ഥത്തില്‍ പ്രതികരിക്കേണ്ടതെന്നും വി എച്ച് പി അഭിപ്രായപ്പെട്ടു .
















