ന്യൂദല്‍ഹി: പാര്‍ലമെന്റ് തടസപ്പെടുത്തിയുളള പ്രതിഷേധം തുടരുന്നതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നു വന്ന അഭിപ്രായ ഭിന്നത കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ്.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പോലും പാര്‍ലമെന്റ് തടസപ്പെടുത്തിയുളള പ്രതിഷേധത്തെ എതിര്‍ത്ത് മുന്നോട്ട് വന്നിരിക്കുകയാണ്. ഇതെ തുടര്‍ന്ന് സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ വായ്‌മൂടിക്കെട്ടി ധര്‍ണ നടത്താനുളള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു.
അനാവശ്യ വിഷയങ്ങള്‍ ഉയര്‍ത്തി പാര്‍ലമെന്റ് തടസപ്പെടുത്തുന്നതില്‍ യുപിഎ ഘടകകക്ഷികളില്‍ നിന്നും എതിര്‍പ്പ് ശക്തമാണ്. ഇതിന് പിന്നാലെയാണ് സ്വന്തം പാര്‍ട്ടിയിലും ഇതിനെതിരേ അഭിപ്രായം ഉയരുന്നത്.
പാര്‍ട്ടി എംപിമാരുടെ അനൗദ്യോഗിക യോഗത്തില്‍ ശശി തരൂര്‍ ഉള്‍പ്പെടെയുളളവര്‍ ഈ നിലപാടിനെ നിശിതമായി വിമര്‍ശിച്ചതായാണ് സൂചന. ലോക്‌സഭയില്‍ പാര്‍ട്ടിയുടെ അംഗബലം കുറവാണ്. അതുകൊണ്ടു തന്നെ സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ഇക്കാര്യം ഉന്നയിച്ച് പാര്‍ലമെന്റ് തടസപ്പെടുത്തുന്നതില്‍ യുക്തിയില്ലെന്നും ശശി തരൂര്‍ തുറന്നു പറഞ്ഞതായി കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലളിത് മോഡി വിഷയത്തില്‍ സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്നലെ രാജ്യസഭാ നടപടികള്‍ പല തവണ തടസപ്പെടുത്തിയിരുന്നു. വിഷയത്തില്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രതിഷേധത്തിലേക്കും ബഹളത്തിലേക്കും നീങ്ങുകയായിരുന്നു.
















