കൊച്ചി: വനിതാ ജനപ്രതിനിധികള്‍ക്കാണ് പുരുഷജനപ്രതിനിധികളെക്കാള് ജനഹൃദയങ്ങളെ കൂടുതല്‍ മനസിലാക്കാന്‍ കഴിയുന്നതെന്ന് ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര. ലോക മനുഷ്യാവകാശ സംഘടന വനിതാ കൗണ്‍സിലര്‍മാരെ ആദരിച്ച ചടങ്ങിലാണ് ഭദ്ര അഭിപ്രായപ്പെട്ടത്.
അന്‍പത് ശതമാനം സംവരണം കഴിവുള്ള പല വനിതകളെയും അടുക്കളയില്‍നിന്നും അരങ്ങത്തേക്കെത്തുവാന് സഹായിച്ചെന്നും മികച്ച പ്രകടനമാണ് വനിതാ ജനപ്രതിനിധികള്‍ നടത്തിയതെന്നും വിലയിരുത്തപ്പെട്ടു.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കാലാവധി ഒക്ടോബര്‍ അവസാനത്തോടെ തീരുവാനിരിക്കെ വനിതാ ജനപ്രതിനിധികള്‍ക്ക് സ്വന്തം അനുഭവം തുറന്നുപറയുവാനുള്ള വേദിയാണ് ലോക മനുഷ്യാവകാശ സംഘടനയുടെ കേരളാ ഘടകം മഹാകവി ജി ഓഡിറ്റോറിയത്തില്‍ ഒരുക്കിയത്. സ്നേഹവും ക്ഷമയുംകൊണ്ടാണ് താന്‍ നാട്ടുകാരോടിടപെട്ടതെന്നും അതിനാല്‍ രൂക്ഷമായ പ്രശ്നങ്ങളൊന്നും നേരിടേണ്ടിവന്നിട്ടില്ലെന്നും കൊച്ചിന് കോര്‍പ്പറേഷനിലെ മുതിര്‍ന്ന വനിതാ മെമ്പര്‍ ശ്യാമളപ്രഭു പറഞ്ഞു.
വിവിധ പെന്‍ഷനുകളും ജാതിസര്‍ട്ടിഫിക്കറ്റും അര്‍ഹതയുള്ളവര്‍ക്ക് നല്കാന് സഹായിച്ചെന്ന് മെമ്പര്‍മാര്‍ പറഞ്ഞു. കുടിവെള്ള പ്രശ്നത്തില്‍ പക്ഷേ എല്ലാ ഡിവിഷനും പ്രതിസന്ധിയിലാണെന്ന് മെമ്പര്‍മാര്‍ തുറന്നടിച്ചു. കുടുംബം കഴിഞ്ഞേ രാഷ്ട്രീയമുള്ളൂവെന്ന് ചിലര്‍ സൂചിപ്പിച്ചപ്പോള്‍ ഏതുനേരത്തും തങ്ങളുടെ സേവനം നാട്ടുകാര്ക്കുണ്ടാകുമെന്നു പറഞ്ഞവരും കുറവല്ല. സ്വന്തം പാര്‍ട്ടിതന്നെ പാര പണിത് വലിയൊരു പദ്ധതി ഇല്ലാതാക്കിയെന്നും പാര്‍ട്ടിയില്‍ വിശ്വാസമില്ലെന്നും വരെ ഒരു മുതിര്‍ന്ന മെമ്പര്‍ പൊട്ടിത്തെറിച്ചു. പാര്‍ട്ടിയിലെ ഗ്രൂപ്പിസത്താല്‍ പൊറുതിമുട്ടിയവരും അതിനെ സമര്‍ത്ഥമായി അതിജീവിച്ചവരും തിക്തഫലങ്ങള്‍ പങ്കുവെച്ചു.
എന്നാല്‍ തങ്ങള്‍ക്കു കിട്ടുന്ന പരിമിതമായ ഒാണറേറിയത്തിന്റെ കാര്യത്തില്‍ എല്ലാവരും അസംതൃപ്തരാണ്. നാലായിരത്തി ഇരുനൂറ് രൂപയാണ് ഓണറേറിയമായി ഒരു കോര്പ്പറേഷന് കൗണ്‍സിലര്‍ക്ക് ലഭിക്കുന്നത്. ഇത് 1995 ല്‍ മൂവായിരം രൂപയായിരുന്നു. പണപ്പെരുപ്പത്തിന്റെ ഇക്കാലത്തുപോലും അതിന് കാലികമായ മാറ്റമുണ്ടാകാത്തതില്‍ പലരും പ്രതിഷേധത്തിലാണ്. മുനിസിപ്പാലിറ്റിയില്‍ കിട്ടുന്ന തുക ഇതിലും താഴെയാണ്.
തിരക്കഥാകൃത്ത് റോബിന് തിരുമല ഉദ്ഘാടനം ചെയ്തു. എം.വി. ബെന്നി മോഡറേറ്ററായിരുന്നു. ബീനാമേനോന്, സാജന് പള്ളുരുത്തി മുഖ്യാതിഥികളായിരുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന കേരള-തമിഴ്നാട് ഡയറക്ടര്‍ അഡ്വ. വെള്ളായണി സുന്ദരരാജു, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ക്രിസ്റ്റഫര്‍ സേവ്യര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: