ഗുവാഹത്തി: ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് അറുപത്തി മൂന്നുകാരിയുടെ തല വെട്ടിമാറ്റി. അസാമിലെ സോണിത്പൂര്‍ ജില്ലയിലുള്ള ഭിമാജുലി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
പോനി ഒറാങ് എന്ന ആദിവാസി സ്ത്രീയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കര്‍ബി ഗോത്രവര്‍ഗത്തില്‍പ്പെട്ടവരാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ ഇതേ പ്രദേശത്ത് നടക്കുന്ന ഇത്തരത്തിലുള്ള അഞ്ചാമത്തെ സംഭവമാണിത്.
ഗ്രാമത്തിലെ മനുഷ്യദൈവമായ അനിമ റോങ്ഖാനി(35) കഴിഞ്ഞ ദിവസം ഗ്രാമവാസികളെ പ്രദേശത്തെ ക്ഷേത്രത്തിലേക്ക് വിളിച്ച് വരുത്തി. ഒറാങ് ഒരു ദുര്‍മന്ത്രവാദിനിയാണെന്നും അവര്‍ ഗ്രാമത്തിന് നാശം വിതയ്ക്കുമെന്നും മറ്റും അനിമ പറഞ്ഞു.
ഇത് അന്ധമായി വിശ്വസിച്ച ഇരുനൂറോളം ജനങ്ങള്‍ ഒറാങിന്റെ വീട്ടിലേക്ക് പാഞ്ഞെത്തി. അവിടെ നിന്നും അവരെ വലിച്ചിഴച്ച് അടുത്തുള്ള അരുവിയിലെത്തിക്കുകയും അവരുടെ വസ്ത്രങ്ങള്‍ വലിച്ച് കീറിയ ശേഷം പട്ടാപ്പകല്‍ തലവെട്ടി മാറ്റുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് റോങ്ഖാനിയേയും അവരുടെ ഭര്‍ത്താവ്, മൂത്ത സഹോദരി, മറ്റ് നാല് പേര് എന്നിവരേയും അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരെല്ലാം അനിമയുടെ ബന്ധുക്കളാണ്. ‘ മന്ത്രവാദ വിരുദ്ധ ‘ നിയമത്തെക്കുറിച്ച് അസമില്‍ ചര്ച്ചനടക്കുന്നതിനിടെയാണ് കൊലപാതകം.
















