ന്യൂദല്‍ഹി: ഗോവയിലെ വികസനപദ്ധതികള്‍ക്ക് കരാര്‍ ഉറപ്പിക്കാന്‍ ദിഗംബര്‍ കാമത്ത് മന്ത്രിസഭയിലെ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് കോടികള്‍ കൈക്കൂലി നല്കിയ അമേരിക്കന്‍ കമ്പനിക്ക് പിഴ. ന്യൂജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കമ്പനിയായ ലോയസ് ബെര്‍ഗര്‍ ഇന്റര്‍നാഷണലിനാണ് അമേരിക്കന്‍ നീതിവകുപ്പ് ഒരുമില്യണ്‍ ഡോളര്‍ പിഴയിട്ടത്.സംഭവത്തെപ്പറ്റി സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖരും ഗോവന്‍ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്ശേകറും ആവശ്യപ്പെട്ടു.
അമേരിക്കയിലെ വിദേശഅഴിമതി വിരുദ്ധ നിയമപ്രകാരമാണ് കമ്പനിക്ക് പിഴയീടാക്കിയത്. 1998-2010 കാലത്ത് ഭാരതം, ഇന്‍ഡോനേഷ്യ, കുവൈറ്റ്, വിയറ്റ്ന്യാം എന്നിവിടങ്ങളിലെല്ലാം കമ്പനി അധികൃതര്‍ക്ക് കൈക്കൂലി നല്കി കരാറുകള്‍ വാങ്ങിയതായി അമേരിക്കന്‍ നീതിവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. 17.1 മില്യണ്‍ ഡോളറാണ് കമ്പനിക്ക് പിഴ ചുമത്തിയിരിക്കുന്നത്.
ജപ്പാന് സഹായത്തോടെ ഗോവയില്‍ നിര്‍മ്മിച്ച ജലവിതരണപദ്ധതിക്കും ഓടനിര്മ്മാണ പദ്ധതിക്കുമാണ് അമേരിക്കന്‍ കമ്പനി കരാറെടുത്തത്. ഇതിനായി ഗോവയിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങിയെന്ന് കമ്പനി അധികൃതര്‍ അമേരിക്കന്‍ നീതി വകുപ്പിനോട് സമ്മതിച്ചിട്ടുണ്ട്.
ജലവികസനകരാര് അമേരിക്കന്‍ കമ്പനിക്ക് ലഭിക്കാനായി കൈക്കൂലി വാങ്ങിയ പഴയ സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഗോവന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുമന്ത്രിമാര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുന്‍ ഗോവന്‍ മുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയുമായ മനോഹര്‍ പരീഖറും പറഞ്ഞു.
അന്താരാഷ്ട്ര വിഷയമായതിനാല്‍ ഗോവന്‍ പോലീസിന് കേസെടുക്കാനും അന്വേഷണം നടത്താനുമാവില്ലെന്നും വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും മുഖ്യമന്ത്രി പര്ശേകര് പറഞ്ഞു. ദിഗംബര്‍ കാമത്ത് മുഖ്യമന്ത്രിയും ചര്‍ച്ചില്‍ അലേമോ പിഡബ്ല്യുഡി മന്ത്രിയുമായ കാലത്താണ് കരാര്‍ ഒപ്പിടുന്നത്. ഇതിലാരാണ് കൈക്കൂലി വാങ്ങിയതെന്ന് വെളിപ്പെടേണ്ടതുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.
















