ന്യൂദല്‍ഹി: രാജ്യത്ത് രണ്ടുതരം വേതന സമ്പ്രദായം അംഗീകരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി സംഘടനകളെ അറിയിച്ചു. സ്ഥിരം തൊഴിലാളിക്കും കരാര്‍ തൊഴിലാളിക്കും ഒരേ ജോലിചെയ്യുന്നതിന് വ്യത്യസ്ത വേതനം ലഭിക്കുന്ന അവസ്ഥ ഇല്ലാതാക്കുമെന്ന് കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി തൊഴിലാളി സംഘടനാ നേതൃയോഗത്തില്‍ വ്യക്തമാക്കി.
തൊഴില്‍രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നിയോഗിച്ച അഞ്ചംഗ മന്ത്രിതല സമിതി ഇന്നലെ തൊഴിലാളി യൂണിയന് നേതൃത്വവുമായി ചര്‍ച്ച നടത്തി. അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയിലുള്ള സമിതിയില്‍ കേന്ദ്രമന്ത്രിമാരായ ബന്ദാരു ദത്താത്രേയ, പീയൂഷ് ഗോയല്‍, ധര്‍മ്മേന്ദ്ര പ്രധാന്, ജിതേന്ദ്രസിങ് എന്നിവരാണ് അംഗങ്ങള്‍. ഇന്നലെ ഉച്ചയ്ക്ക് നടന്ന കൂടിക്കാഴ്ചയില്‍ തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച 12 ഇന ആവശ്യങ്ങള്‍ ചര്‍ച്ചചെയ്തു.
കരാര്‍ തൊഴില്‍ സംബന്ധിച്ച നിലപാടിനോട് കേന്ദ്രസര്‍ക്കാര്‍ യോഗത്തില്‍ യോജിച്ചു. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ സംബന്ധിച്ച് രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും പദ്ധതികളില്‍ ഉള്‍പ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രിതലസമിതി വ്യക്തമാക്കി. വിവിധ വിഷയങ്ങളില്‍ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്തുകൊണ്ട് മുന്നോട്ടുപോകുമെന്നും യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കുറഞ്ഞവേതനം സംബന്ധിച്ച വിവിധ തൊഴിലാളി യൂണിയനുകളുടെ ആവശ്യം പരിഗണിച്ച കേന്ദ്രസര്‍ക്കാര്‍ കുറഞ്ഞ വേതനം 165 എന്നതുയര്ത്തുമെന്നും അറിയിച്ചു. കുറഞ്ഞവേതനം ഉയര്‍ത്താത്ത കേന്ദ്രത്തിനെതിരെ സംസാരിച്ച സിഐടിയു നേതാവ് തപന്‍ സെന്നിനോട് ത്രിപുരയില്‍ ഇപ്പോഴും 65 രൂപമാത്രമാണ് കുറഞ്ഞ വേതനമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മറുപടി നല്കി.
ഇന്ന് ദല്‍ഹിയില്‍ ആരംഭിക്കുന്ന ദ്വിദിന തൊഴിലാളി സമ്മേളനത്തില്‍ തൊഴിലാളി സംഘടനകള്‍ ഉന്നയിക്കുന്ന വിവിധ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി തൊഴിലാളി സമ്മേളനം ഉദ്ഘാടനം ചെയ്യും.
















