നാട്ടുകാരും മറുനാട്ടുകാരും പ്രസിദ്ധരും പ്രഗത്ഭരും എല്ലാം കൂടിക്കലര്‍ന്ന ഒരന്തരീക്ഷം. പ്രശസ്തരും ധനികരുമായ പലരുടെയും ജീവിതം അടുത്തുനിന്നു കണ്ടറിയാന്‍ അദ്ദേഹത്തിന് അവസരം കിട്ടി. ചുണ്ടില്‍ മാത്രം പറ്റി നില്‍ക്കുന്ന പുഞ്ചിരി, ആത്മാര്‍ത്ഥത തെല്ലുമില്ലാത്ത സ്‌നേഹാദര പ്രകടനങ്ങള്‍,അകത്ത് നുരഞ്ഞുപൊന്തുന്ന അസൂയ, കുറേക്കൂടി മുമ്പിലെത്താന്‍ പറ്റിയില്ലല്ലോ എന്ന അതൃപ്തി… അമര്‍ഷം. ഇതെല്ലാം കണ്ടുനിന്ന ബാലന്റെ മനസ്സില്‍ പുതിയൊരു ചിന്ത നാമ്പിട്ടു. ആ നിലക്ക് നിസ്വരേയും നിസ്സഹായരേയും സഹായിച്ചതുകൊണ്ടുമാത്രം സമൂഹത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമോ? സമൂഹത്തില്‍ ഉന്നത ശ്രേണിയിലുള്ളവരും സമ്പന്നരും കൂടി സംതൃപ്തരും സന്തുഷ്ടരുമായി കാണപ്പെടുന്നില്ല. ഇങ്ങനെയുള്ള കാമ്പില്ലാത്ത തുച്ഛമായ ജീവിതം എനിക്കുവേണ്ട. ബാലകൃഷ്ണന്‍ ഒരു തീരുമാനത്തിലെത്തി.
കൂടുതല്‍ അര്‍ത്ഥപൂര്‍ണമായ ഒരു ജീവിതത്തിനുവേണ്ടിയുള്ള അനേ്വഷണത്തിന്റെ ഭാഗമായി, ഉദേ്യാഗവും സാമൂഹ്യജീവിതവും പഴയപടി തുടരുന്നതിനിടയിലും ആദ്ധ്യാത്മിക സാധനകളില്‍ അദ്ദേഹം മനസ്സിരുത്തി. തത്വചിന്തകളുടെ പലശാഖകളിലും അദ്ദേഹം ഈ കാലത്ത് ഗഹനമായ പഠനം നടത്തി. കിഴക്കും പടിഞ്ഞാറുമുള്ള മതങ്ങളും ദര്‍ശനങ്ങളും ആഴത്തില്‍ മനസ്സിലാക്കി. മാസങ്ങളോളം നീണ്ടുനിന്ന ശ്രദ്ധാപൂര്‍വ്വമായ പഠനം ബുദ്ധിയെ കൂടുതല്‍ തീഷ്ണമാക്കി.
മുറതെറ്റാതെ നടത്തിപോന്ന ആദ്ധ്യാത്മിക സാധനകള്‍ മനസ്സിനെ പവിത്രവുമാക്കി.
ഏതാണ്ട് ഈ കാലത്തുതന്നെ മേനോന്‍ നാടിന്റെ നാനാഭാഗങ്ങളിലും ഒരു പര്യടനം നടത്തി. ഏതാനും വസ്ത്രങ്ങളും പുസ്തകങ്ങളും മാത്രമേ കൈയ്യിലെടുത്തുള്ളൂ. തീവണ്ടിയില്‍ യാത്ര ചെയ്യാന്‍ വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഒരു പാസും കൈവശമുണ്ടായിരുന്നു. യാത്രയെക്കുറിച്ച് പ്രതേ്യകം സങ്കല്‍പങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇഷ്ടമുള്ളിടത്ത് വണ്ടിയില്‍നിന്നിറങ്ങും. ആ പട്ടണത്തിലൊ ഗ്രാമത്തിലോ കുറെ ചുറ്റി നടക്കും. നാട്ടുകാരെകണ്ട് സംസാരിക്കും. അവരുടെ മനസ്സും, ചിന്തകളും, ജീവിതരീതിയും മനസ്സിലാക്കും.
അങ്ങനെ യാത്ര ചെയ്തുകൊണ്ടിരിക്കെ ഒരുദിവസം പെട്ടെന്ന് തീവണ്ടിമുറിയിലെ യാത്രക്കാരെല്ലാം ദൂരെയുള്ള പാവനമായ അരുണാചല പര്‍വ്വതത്തിന്റെ ദര്‍ശനത്തിനായി ജനലരുകിലേക്ക് ഓടിചെല്ലുന്നതുകണ്ടു. ഏതോ ഒരു പ്രചോദനത്താല്‍ ബാലന്‍ ഉടന്‍ തിരുവണ്ണാമല സ്റ്റേഷനില്‍ വണ്ടിയിറങ്ങി. ദിവ്യനായ ഭഗവാന്‍ രമണമഹര്‍ഷിയെ പറ്റി കേട്ടറിഞ്ഞ മേനോന്‍ നേരെ മലമുകളിലുള്ള രമണാശ്രമത്തിലേക്കാണ് ചെന്നത്. ഒരു തിണ്ണയില്‍ കണ്ണടച്ച് ചാരിയിരിക്കുകയായിരുന്നു മഹര്‍ഷി. അദ്ദേഹം കണ്ണുതുറക്കുന്നതും കാത്ത് മേനോന്‍ അരികത്ത് ചെന്നിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു സംഭവമായിരിക്കും അതെന്ന് ബാലന്‍ അന്നു വിചാരിച്ചില്ല.
ജീവന്‍ മുക്തനായ ആ ഋഷി പെട്ടെന്ന് മിഴിതുറന്നു നേരെ ബാലന്റെ കണ്ണുകളിലേക്കു നോക്കി. സര്‍വജ്ഞനായ മഹര്‍ഷിയുടെ ആ നോട്ടം ബാലകൃഷ്ണനെ ഒരു അതീന്ദ്രിയാനുഭൂതിയിലേക്ക് നയിച്ചു. ദേഹബോധം തിരിച്ചുകിട്ടിയപ്പോള്‍ ആ അനുഭവം വിചിത്രമായി തോന്നി, ലേശം അസ്വസ്ഥജനകവും ഓര്‍മ്മ തെളിഞ്ഞതും മനസ്സില്‍നിന്നും അത് കുടഞ്ഞുകളയാനായി ശ്രമം. പിന്നീട് വളരെനാള്‍ കഴിഞ്ഞ് അദ്ധ്യാത്മജ്ഞാനം പക്വമായപ്പോഴാണ് ബാലകൃഷ്ണന്‍ മനസ്സിലാക്കിയത്. അന്നത്തെ ആ അനുഭവത്തിന്റെ അര്‍ത്ഥവും മഹത്വവും.
മാസങ്ങളോളം ഇടതടവില്ലാതെ നീണ്ടുപോയ ഗൗരവമാര്‍ന്ന വായനയും, കൃത്യമായ സാധനാനുഷ്ഠാനവും ബാലന്‍ പുരാണഗ്രന്ഥങ്ങളേയും, മഹാത്മാക്കളായ സന്ന്യാസിമാരേയും അവരുടെ നിര്‍ദ്ദിഷ്ഠ ലക്ഷ്യത്തേയും അവര്‍ സമൂഹത്തിനുവേണ്ടിചെയ്യുന്ന സേവനങ്ങളേയുമൊക്കെപ്പറ്റി വളരെ കാര്യമായി ചിന്തിക്കാന്‍ തുടങ്ങി. ഒടുവില്‍ അദ്ദേഹം തീര്‍ച്ചയാക്കി, സാമൂഹ്യരംഗത്തുനിന്ന് കുറെനാള്‍ വിട്ടുനില്‍ക്കുക.
ഹിമാലയത്തില്‍ ചെന്ന് സന്ന്യാസിമാരുമായി സഹവസിച്ച് അവരുടെ കാര്യങ്ങളും, കഥകളുമൊക്കെ നേരിട്ടു മനസ്സിലാക്കുക. ആ യാത്രയെകുറിച്ചും, സന്ന്യാസിമാരുമൊത്തുള്ള ജീവിതാനുഭവങ്ങളെക്കുറിച്ചുമൊക്കെ ലേഖനങ്ങളെഴുതി ‘നാഷണല്‍ ഹെറാള്‍ഡില്‍’ പ്രസിദ്ധീകരിക്കുകയുമാവാം. ബാലകൃഷ്ണന്‍ പുതിയൊരു യാത്രക്കു വട്ടം കൂട്ടി.
…. തുടരും
















