വേദമന്ത്രങ്ങള്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും പഠിക്കാനുള്ള അവകാശം നേടിക്കൊടുത്തത് മഹര്‍ഷി ദയാനന്ദ സരസ്വതിയായിരുന്നു. യജുര്‍വേദമാണ് മുറജപത്തിന് വേണ്ടി തെരഞ്ഞെടുത്തിട്ടുള്ളത്. യജുര്‍വേദം കര്‍മപ്രധാനമാണ്. വേദങ്ങളില്‍ പറഞ്ഞിട്ടുള്ള കര്‍മങ്ങളില്‍ ശ്രേഷ്ഠമായത് യജ്ഞമാണ്. യജ്ഞകര്‍മവിശദീകരണമാണ് യാജുഷമന്ത്രങ്ങള്‍. യജ്ഞമെന്നാല്‍ ഇഷ്ടിക കൂട്ടി അതില്‍ അഗ്നി ജ്വലിപ്പിച്ചു ചെയ്യുന്ന ഹോമക്രിയയാണ് എന്നാണ് പൊതുവെ ധരിച്ചുവരുന്നത്.
അത് ദ്രവ്യയജ്ഞമാണ്. കുടിവെള്ളക്ഷാമം നേരിടുന്നവര്‍ക്കുവേണ്ടി കിണര്‍ കുഴിപ്പിച്ചുകൊടുക്കുന്നതും യജ്ഞമാണ്. അച്ഛനെയും അമ്മയെയും ശുശ്രൂഷിക്കുന്നതും പശുവിന് പുല്ലുകൊടുക്കുന്നതുപോലും യജ്ഞമാണ്. മാത്രമല്ല രാഷ്‌ട്രരക്ഷയ്‌ക്ക് പൊരുതുന്നതും യജ്ഞം തന്നെ. ഭാരതം ആലസ്യത്തില്‍നിന്നും സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഒരു കാലഘട്ടത്തില്‍ കര്‍മശീലര്‍ക്കു ദിശാബോധം നല്‍കാന്‍ യാജുഷമന്ത്രങ്ങള്‍ക്കു മാത്രമേ സാധിക്കൂ. ഇത് ആദ്യം തിരിച്ചറിഞ്ഞതും ആധുനികഭാരതത്തിലെ ആദ്യദേശീയവാദിയായ മഹര്‍ഷി ദയാനന്ദന്‍ തന്നെയായിരുന്നു. അദ്ദേഹം പൂര്‍ണമായി ഭാഷ്യം ചമച്ച ഒരേഒരു വേദം യജുര്‍വേദമാണ്. വിദേശികളുടെ ഭരണം എത്രതന്നെ നല്ലതാണെങ്കിലും സ്വാതന്ത്ര്യത്തെപ്പോലെ വരില്ല, സ്വദേശികളുടെ ഭരണമാണ് ഭാരതത്തിനു വേണ്ടത് എന്ന് ഇന്നേക്ക് 150 വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം എഴുതി.
കേരളത്തില്‍ കാശ്യപാശ്രമത്തില്‍ മാത്രമാണ് കര്‍ക്കടകമാസത്തില്‍ പാരമ്പര്യരീത്യാ യജുര്‍വേദമുറജപം തുടര്‍ച്ചയായി നടന്നുവരുന്നത്. നെയ്യ് തൊട്ട് ജപിക്കുന്ന പതിവാണ് ആശ്രമത്തില്‍. ദിവസവും രാവിലെ എട്ടുമണിക്ക് ആരംഭിച്ച് 12 വരെയും വൈകീട്ട് 5.30 മുതല്‍ 7.30 വരെയുമാണ് ജപം. അഷ്ടാവധാനസേവയോടെയാണ് ഏഴാംനാള്‍ ജപം അവസാനിപ്പിക്കുക. തുളുനാടന്‍ സമ്പ്രദായ പ്രകാരമാണ് അഷ്ടാവധാനപ്രയോഗങ്ങള്‍. വേദം, ശാസ്ത്രം, ജ്യോതിഷം, പുരാണം, ഗീതം, വാദ്യം, നൃത്തം, വാദ്യം ഈ ക്രമത്തിലാണ് വേദഭഗവതിയുടെ പ്രീതിക്ക് പാരമ്പര്യബ്രാഹ്മണര്‍ അഷ്ടാവധാനസേവ നടത്താറ്. ഇത് കാശ്യപാശ്രമത്തില്‍ മാത്രമേ ഇതുവരെ സംഭവിച്ചിട്ടുള്ളു.
ജൂലൈ 17 മുതല്‍ 23 വരെ കോഴിക്കോട് കാശ്യപാശ്രമത്തില്‍ വെച്ചു നടക്കുന്ന മുറജപത്തില്‍ പങ്കെടുത്ത് മുറജപത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇനി വരുന്ന വര്‍ഷങ്ങളില്‍ കേരളമാകെ വേദമന്ത്രധ്വനികളാല്‍ മുഖരിതമാക്കുവാന്‍ സര്‍വ്വേശ്വരന്‍ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ.
















