ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ബില്ലുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍പ്പ് ഉപേക്ഷിച്ചില്ലെങ്കില്‍ ബില്ലിനെ അനുകൂലിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ഭേദഗതികളോടെ ബില്ല് പാസാക്കും. ബിജെപി സര്‍ക്കാരുകള്‍ നിലവിലുള്ള സംസ്ഥാനങ്ങളും ഭൂമിയേറ്റെടുക്കല്‍ ബില്ലിനെ അനുകൂലിക്കുന്ന മറ്റു സംസ്ഥാനങ്ങളും ബില്ല് പാസാക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികളുടെ പ്രയോജനം ഈ സംസ്ഥാനങ്ങള്‍ക്ക് മാത്രമായി മാറും. ഇന്നലെ ദല്‍ഹിയില്‍ നടന്ന നിതി ആയോഗ് യോഗത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരെ കേന്ദ്രനിലപാട് അറിയിച്ചു.
യുപിഎ സര്‍ക്കാര്‍ പാസാക്കിയ 2013ലെ ഭൂമിയേറ്റെടുക്കല്‍ ബില്ല് വികസന പ്രക്രിയക്ക് വലിയ തടസ്സമാണെന്ന് കാട്ടി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ആദ്യം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചതെന്ന് നീതി ആയോഗ് യോഗത്തില്‍ പ്രധാനമന്ത്രിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പ്രചരണങ്ങളുടെ ഭാഗമായി കേരളമുള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍ നേരത്തെ ഉന്നയിച്ച ആവശ്യങ്ങള്‍ പിന്‍വലിച്ചു. ഇതിനെ നേരിടുന്നതിനായാണ് ബില്ലിനെ അനുകൂലിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കല്‍ ബില്ല് സംസ്ഥാനാടിസ്ഥാനത്തില്‍ പാസാക്കാമെന്ന പുതിയ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.
കേരളം, കര്‍ണ്ണാടകം ഉള്‍പ്പെടെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നിലവിലുള്ള സംസ്ഥാനങ്ങള്‍ ഇന്നലെ നടന്ന നിതി ആയോഗ് യോഗം ബഹിഷ്കരിച്ചിരുന്നു. ചില മുഖ്യമന്ത്രിമാര്‍ വരില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നതായും എന്നാല്‍ യോഗം ബഹിഷ്കരിച്ച മറ്റു സംസ്ഥാനങ്ങളുടെ നടപടി സഹകരണ ഫെഡറലിസത്തിനെതിരാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. നിലവില്‍ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയിലുള്ള വിഷയം സംബന്ധിച്ച് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഒരിക്കല്‍ കൂടി കേള്‍ക്കുമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ അറിയിച്ചു. ഇതുവഴി അന്തിമ നിലപാട് സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പുറമേ പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട് മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തില്ല. സംസ്ഥാനത്ത് മറ്റു ചില പരിപാടികളുള്ളതിനാലാണ് അഖിലേഷ് യാദവ് പങ്കെടുക്കാതിരുന്നത്. ജയലളിത പ്രസംഗം കൊടുത്തയച്ചു. എന്നാല്‍ രാഷ്ട്രീയപരമായി ബില്ലിനോടുള്ള വിയോജിപ്പുകൊണ്ട് പങ്കെടുക്കാതിരുന്നത് മമത ബാനര്‍ജി മാത്രമാണ്. യോഗത്തില്‍ പങ്കെടുത്ത ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബില്ലിനെ എതിര്‍ത്തു.
















