ഭരതന്‍ വിനീതനായി വീണ്ടും പറഞ്ഞു- ജ്യേഷ്ഠാ അങ്ങയെപ്പോലെ ലോകത്തില്‍ വേറെ ആരാണുള്ളത്? അങ്ങയെ ദുഃഖം പീഡിപ്പിക്കുന്നില്ല. സുഖം സന്തോഷിപ്പിക്കുന്നില്ല. സര്‍വജ്ഞനും സമദര്‍ശിയും സത്യപ്രജ്ഞനുമായ അങ്ങ് ദൈവതുല്യനാണ്. പക്ഷെ എനിക്കങ്ങനെയല്ല. ഞാന്‍ അയോദ്ധ്യയിലില്ലാത്ത സമയത്ത് എനിക്കു വേണ്ടി അമ്മ ചെയ്ത പാപം എനിക്ക് അപ്രിയമാണ്. ഒരിക്കലും അതിനോട് എനിക്ക് യോജിക്കുവാന്‍ കഴിയുകയില്ല. അതുകൊണ്ട് അവിടുന്നെന്നോട് പൊറുക്കണം. ധര്‍മ്മപാശബദ്ധനായ ഞാന്‍, തെറ്റുകാരിയാണെങ്കിലും മാതാവിനെ ശിക്ഷിക്കുന്നില്ല. അച്ഛന്‍ എന്തുകൊണ്ടാണ് ഈ നിന്ദ്യകര്‍മ്മത്തിന്ന് കൂട്ടുനിന്നതെന്ന് മനസ്സിലാകുന്നില്ല. അദ്ദേഹത്തോടുള്ള ബഹുമാനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അദ്ദേഹത്തെ പരസ്യമായി നിന്ദിക്കാനും കഴിയുന്നില്ല.
പ്രായമായാല്‍ മനുഷ്യന് ബുദ്ധിഭ്രമം സംഭവിക്കുമെന്ന് കേട്ടിട്ടുണ്ട്. അച്ഛന്റെ ഈ പ്രവൃത്തി അതാണ് തെളിയിക്കുന്നത്. വിവേകശൂന്യനായി അച്ഛന്‍ പ്രവൃത്തിച്ച ഈ സാഹസത്തെ പരിഹരിക്കേണ്ടത് അങ്ങാണ്. പിതാവിന് പതനം വരാതെ കാത്തുരക്ഷിക്കേണ്ടവനാണ് പുത്രന്‍. അച്ഛന്‍ ചെയ്ത ദുഷ്‌കൃത്യത്തെ പരിഹരിച്ച് അങ്ങ് പുത്രന്‍ എന്ന പേരിന് അര്‍ഹനായാലും. ഞങ്ങളെയെല്ലാം പരിപാലിക്കേണ്ടത് അവിടുന്നാണ്. വിപരീത കര്‍മ്മങ്ങള്‍ അങ്ങ് ആചരിക്കാന്‍ പാടില്ല. ക്ഷത്രിയധര്‍മ്മവും പ്രജാപരിപാലനവും വെടിഞ്ഞ് ജടധരിച്ച് കാട്ടില്‍ വാഴുന്നത് ഉചിതമല്ല. അങ്ങയെകൂടാതെ എനിക്ക് ജീവിതമേ വേണ്ട. ഋത്വിക്കുകളും പൗരജനങ്ങളും അമാത്യന്മാരും കുലഗുരു വസിഷ്ഠനും ഇവിടെത്തെന്നെയുണ്ട്.
.. തുടരും
















