ബഹുമാനാദരങ്ങളര്‍ഹിക്കുന്നരീതിയില്‍ ദേവന്മാര്‍ക്ക് സ്വതന്ത്രമായ ശക്തികളൊന്നും ഇല്ല. എല്ലാ ശക്തികളും ഭഗവാന്റേതാണ്. ഭഗവാന്റെ ഭാഗികവിസ്തരണമായ പരമാത്മാവ് എല്ലാവരുടേയും ഹൃദയത്തില്‍ കുടികൊള്ളുന്നു. അദ്ദേഹം തന്നെയാണ് വിവിധ ദേവതകളോടുള്ള ഭക്തിയും വിശ്വാസവും ഒരാളുടെ ഹൃദയത്തില്‍ ജനിക്കുവാന്‍ പ്രേരണ നല്‍കുന്നത്.
സൂര്യദേവനിലും ഇതര ദേവതകളിലും കാണുന്ന അസാധാരണ ശക്തി വാസ്തവത്തില്‍ ഭഗവാന്റെ ശക്തിയാണ്. ഈ അസാധാരണ ശക്തികളിലേക്ക് ആകര്‍ഷിക്കപ്പെട്ടാല്‍ ബുദ്ധിശാലികള്‍ ക്രമേണ ആ ശക്തിയുടെ സ്രോതസായ സര്‍വശക്തനായ കൃഷ്ണനിലേക്ക് ആകര്‍ഷിക്കപ്പെടും.
പരോക്ഷവും അപകൃഷ്ടവും വ്യവസ്ഥാരഹിതവുമായ ഭഗവദ് ആരാധനയാണ് ദേവതാപൂജ. ഭൗതികാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ഏറെ ആസക്തിയുള്ളവര്‍ സ്വാഭാവികമായും ശക്തിയുടെ സ്രോതസിനെ (ശക്തനെ)ക്കാള്‍ കൂടുതലായി ശക്തിയിലേക്ക് ആകര്‍ഷിക്കപ്പെടും.
















