ന്യൂദല്‍ഹി: ഈദുല്‍ഫിത്തര്‍ ദിനത്തില്‍ ജമ്മുകാശ്മീരിന്റെ സമഗ്രവികസനത്തിനായി ഒരുലക്ഷം കോടിരൂപയുടെ പാക്കേജ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചേക്കും. ജമ്മുകാശ്മീരിന്റെ പുനരുദ്ധാരണ-വികസന പദ്ധതിക്കുവേണ്ടിയാണ് തുക പ്രഖ്യാപിക്കുന്നത്. പത്തുമാസങ്ങള്‍ക്ക് മുമ്പ് നടന്ന പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരവും ഇതില്‍ ഉള്‍പ്പെടും.
ജൂലൈ 17ന് ജമ്മുവില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. മുന്‍ ജമ്മു കാശ്മീര്‍ മന്ത്രി എം.പി ഗിര്‍ധാരി ലാല്‍ ദോഗ്രയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് മോദി ജമ്മുവിലെത്തുന്നത്. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ഭാര്യപിതാവാണ് ഗിരിധാരിലാല്‍ ദോഗ്ര.
ജൂലൈ 22ന് ശ്രീനഗറില്‍ ബിജെപി സംഘടിപ്പിക്കുന്ന ഈദ് മിലന് പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ജമ്മുകാശ്മീര്‍ പാക്കേജ് പ്രഖ്യാപനം ശ്രീനഗറിലെ പരിപാടിയില്‍ വെച്ചു നടത്തണമെന്ന നിലപാടാണ് ബിജെപി-പിഡിപി സംസ്ഥാന സര്‍ക്കാരിനുള്ളത്. ബിജെപിയുമായി സഖ്യം രൂപീകരിച്ചതിന്റെ പേരില്‍ പഴികേട്ട പിഡിപിയാണ് മോദി ശ്രീനഗറില്‍ വെച്ച് ജമ്മുകാശ്മീര്‍ രക്ഷാപാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്നാണ് വിവരം.
ജമ്മുകാശ്മീര്‍ രക്ഷാപാക്കേജിനായി പ്രധാനമന്ത്രിയും ധനമന്ത്രിയും മറ്റു ഉദ്യോഗസ്ഥരുമായി പന്ത്രണ്ടോളം യോഗങ്ങളാണ് നടത്തിയതെന്നും അതിനു ശേഷമാണ് അന്തിമ പദ്ധതി ആയതെന്നും ജമ്മുകാശ്മീര്‍ ധനമന്ത്രി ഡോ. ഹസീബ് ദ്രാബു പറഞ്ഞു.
















